Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.വി.അന്‍വര്‍ എംഎല്‍എ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ ശുപാർശ

pv-anwar

മലപ്പുറം∙ ചീങ്കണ്ണിപ്പാലയില്‍ പി.വി.അന്‍വര്‍ എംഎല്‍എ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒയുടെ ശുപാര്‍ശ. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തടയണയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട്  കലക്ടര്‍ സര്‍ക്കാരിനു കൈമാറും.

2015ല്‍ ‘മനോരമ ന്യൂസാ’ണ് കക്കാടംപൊയിലിലെ തടയണ നിര്‍മാണം പുറത്തുവിട്ടത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് എംഎല്‍എ ചീങ്കണ്ണിപ്പാലിയിൽ തടയണ നിർമിച്ചതെന്ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആർഡിഒക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിശദമാക്കുന്നു. കോൺക്രീറ്റും കല്ലും ഉപയോഗിച്ചായിരുന്നു തടയണ നിർമാണം. എന്നാൽ എംഎൽഎയ്ക്ക് 2015 ജൂൺ-ജൂലൈ മാസങ്ങളിലായി തടയണ നിർമിക്കാൻ യാതൊരു അനുമതിയും പഞ്ചായത്ത് നൽകിയിട്ടില്ല.

അനധികൃതമായാണു തടയണ നിർമിച്ചതെന്ന് അന്നു തന്നെ മനോരമ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തടയണ പൊളിച്ചുമാറ്റാൻ അന്നത്തെ കലക്ടർ നിർദേശവും നൽകി. എന്നാൽ അത് നടപ്പായില്ലെന്നു മാത്രമല്ല വൈകിപ്പിക്കാനും ശ്രമങ്ങളുണ്ടായി. ഏറ്റവും ഒടുവിൽ പെരിന്തൽമണ്ണ ആർഡിഒയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സ്ഥലം പരിശോധിക്കുകയായിരുന്നു.