Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ചാലും സ്വകാര്യത മാനിക്കണം; ജയയുടെ വിരലടയാളം ചോദിച്ച ഉത്തരവിനു സ്റ്റേ

j-jayalalithaa-2

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളം ആവശ്യപ്പെട്ടുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേ. വിരലടയാളം ആവശ്യപ്പെട്ട് ബെംഗളൂരു പാരപ്പന അഗ്രഹാര ജയിൽ അധികൃതർക്കും യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യ്ക്കും നൽകിയ നിർദേശമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഡിസംബർ എട്ടിനു മുന്നോടിയായി വിരലടയാളം അടങ്ങിയ രേഖകള്‍ ഹാജരാക്കണമെന്ന് നവംബർ 24നായിരുന്നു മദ്രാസ് ഹൈക്കോടഥി ഉത്തരവിട്ടത്. എന്നാൽ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിക്കർ, ഡി.വൈ.ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

2016ൽ നടന്ന തിരുപ്രംകുണ്ട്റം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതി നിർദേശം. അന്ന് എഡിഎംകെയുടെ എ.കെ.ബോസിനെതിരെ മത്സരിച്ച പി.ശരവണൻ ആണു ഹർജി നൽകിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നൽകിയ രേഖകളുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ആശുപത്രിയിൽ അബോധാവസ്ഥയിലിരിക്കെ ജയലളിതയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് വിരലടയാളം ശേഖരിച്ചത്. ഇക്കാര്യത്തിൽ ഡോക്ടർമാരുടെയും ജയലളിതയുടെ അടുപ്പക്കാരുടെയും ‘മൗനാനുവാദം’ ഉണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

സ്വകാര്യതയ്ക്കു നേരെയുള്ള ഹൈക്കോടതിയുടെ കടന്നുകയറ്റമാണ് ഉത്തരവെന്നാരോപിച്ച് ബോസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അന്തരിച്ചവരുടെയും സ്വകാര്യത മാനിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ എങ്ങനെയാണ് അവരുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ പുറത്തുവിടാനാകുകയെന്നും ഹർജിയിൽ ചോദിക്കുന്നു.

അനധികൃത സ്വത്തുസമ്പാദന കേസിൽ 2014ലാണ് ജയലളിത പാരപ്പന അഗ്രഹാര ജയിലിൽ പ്രവേശിക്കുന്നത്. 21 ദിവസത്തെ ജയിൽവാസത്തിനു ശേഷം സുപ്രീംകോടതി ജാമ്യത്തെത്തുടർന്നു പുറത്തിറങ്ങി. 2016 ഡിസംബർ അഞ്ചിനായിരുന്നു ജയലളിതയുടെ മരണം.