Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജറുസലം: പ്രതിഷേധച്ചൂടിൽ വൈറ്റ് ഹൗസും; യുഎസിൽ സമ്മിശ്ര പ്രതികരണം

Protest ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമാക്കിയതിനെതിരെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു മുന്നിൽ നടന്ന പ്രകടനം.

വാഷിങ്ടൻ∙ ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമാക്കിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ലോകമെങ്ങും വിവാദവിഷയമായി കത്തിപ്പടരുമ്പോൾ വൈറ്റ് ഹൗസും അതിൽനിന്നു മുക്തമല്ല. പക്ഷേ, പ്രതിഷേധം ഇവിടെ പരിധി വിട്ടുള്ളതല്ല. വൈകിട്ട് അഞ്ചുമണിക്ക് വൈറ്റ് ഹൗസിനു മുന്നിലെ ഒരു ‘ലെവൽ’ ബാരിക്കേഡുകൾ കൂടി മാറ്റിയപ്പോ‍ൾ ചുറ്റും കൂടി നിന്നവരിൽ‍ ഒരു പ്രതിഷേധജാഥ രൂപപ്പെട്ടു. വിദ്യാർഥികളായിരുന്നു ഏറെയും. ട്രംപിനെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. നേതാക്കളിലൊരാൾ പ്രസംഗിച്ചു. പൊലീസിന്റെ നിരീക്ഷണമുണ്ടായിരുന്നു. വൈറ്റ് ഹൗസിനു മുന്നിൽ തങ്ങളുടെ ശക്തവും സമാധാനപരവുമായ പ്രതിഷേധം പ്രകടിപ്പിച്ചശേഷം അവർ പിരിഞ്ഞുപോയി.

jerusalem-protest-2 ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമാക്കി അംഗീകരിച്ച ട്രംപിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നവർ.

ലോകമെങ്ങും പ്രതിഷേധത്തിന്റെ അലകൾ ഉയരുന്നുവെങ്കിലും ട്രംപ് തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്ന സൂചനയാണ് ഇവിടെ ശക്തം. നയതന്ത്രതലത്തിലുള്ളതല്ല, രാഷ്ട്രീയതലത്തിലുള്ളതാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നു വ്യക്തമാണ്. ഭരണതലത്തിലുയർന്ന അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹം ചെവിക്കൊണ്ടില്ല. ട്രംപിന്റേതു ചൂതാട്ടമാണെന്നായിരുന്നു അമേരിക്കൻ ജനപ്രതിനിധി സഭയിലെ അംഗമായ മലയാളി പ്രമീള ജയ്പാലിന്റെ ‘മനോരമ’യോടുള്ള പ്രതികരണം. ഡെമോക്രാറ്റ് പാർട്ടി അംഗമായ പ്രമിള ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നീക്കങ്ങളുടെ ശക്തയായ വിമർശകയാണ്.

jerusalem-protest-3 ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമാക്കി അംഗീകരിച്ച ട്രംപിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നവർ.

അതേസമയം, ഇസ്രയേൽ അനുകൂല യഥാസ്ഥിതികരുടെ പിന്തുണ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ നടപടിയെ പിന്തുണയ്ക്കുന്ന പ്രസ്താവനകളും അമേരിക്കയിൽനിന്നു തന്നെ ഉണ്ടായി. ഒരു മുഴുവൻപേജ് പരസ്യം ‘ന്യുയോർക്ക് ടൈംസിൽ’നൽകി റിപ്പബ്‌ളിക്കൻ ജ്യൂവിഷ് കോയലേഷൻ ട്രംപിനെ അഭിനന്ദിച്ചു. അമേരിക്കൻ – ഇസ്രയേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റിയും ട്രംപിന്റെ തീരുമാനത്തെ പുകഴ്ത്തി രംഗത്തെത്തി.

Protest against Trump's Jerusalem move ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമാക്കി അംഗീകരിച്ച ട്രംപിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നവർ.

തിരഞ്ഞെടുപ്പു പ്രചാരണവേളയിലെ വാഗ്ദാനമായിരുന്നുവെങ്കിലും ട്രംപ് അതിനു മുതിരുമെന്ന കണക്കുകൂട്ടൽ പൊതുവെ ഉണ്ടായിരുന്നില്ല. മുൻഗാമികളെപ്പോലെ ഇക്കാര്യത്തിലെ തീരുമാനം നീട്ടിക്കൊണ്ടുപോകുമെന്നു കരുതുന്നവരെ അമ്പരപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിനാണ് അദ്ദേഹം മുതിർന്നത്. ‘ട്രംപിന്റെ നടപടികൾ പലതും മുസ്‌ലിംവിരുദ്ധമാണെന്ന പ്രതീതി ശക്തമാണ്. തീവ്രവാദത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ നീക്കങ്ങൾ മുസ്‌ലിംവിരുദ്ധതയിൽ തളച്ചിട്ടതുപോലെയുണ്ട്’ നയഗവേഷണ സ്ഥാപനമായ ബ്രുക്കിങ്സിലെ അധ്യാപിക മദീഹ അഫ്സൽ ‘മനോരമ’യോടു പറഞ്ഞു.