Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ കഴിഞ്ഞ കൊല്ലം റാഞ്ചിയത് 163 കുട്ടികളെ; കൂടുതലും പെൺകുട്ടികൾ

representational image

കോട്ടയം∙ കഴിഞ്ഞ വർഷം കേരളത്തിൽ നിന്നു തട്ടിക്കൊണ്ടു പോയത് 241 പേരെ. ഇതിൽ 163 കുട്ടികൾ. കുട്ടികളിൽ 145 പേർ പെൺകുട്ടികളാണെന്നും ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലൈംഗിക പീഡനവും ഭിക്ഷാടനവും ഉൾപ്പെടെയുള്ള ഉദ്ദേശ്യത്തോടെയാണു കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുള്ളത്. 2015ൽ 271 പേരെയാണു തട്ടിക്കൊണ്ടുപോയത്. രണ്ടുവർഷങ്ങളിലായി റാഞ്ചപ്പെട്ട 512 പേരിൽ 367 പേരെ കണ്ടെത്തി തിരിച്ചെത്തിക്കാൻ കഴിഞ്ഞു.

ഇതേസമയം, രാജ്യത്തകമാനം 2016ൽ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളുടെ എണ്ണം 47,840 ആണ്. ഇതിൽ 36,123 പെൺകുട്ടികളും 11,717 ആൺകുട്ടികളുമുണ്ട്. ഉത്തർപ്രദേശിൽ 9678 പേരും മഹാരാഷ്ട്രയിൽ 8260 പേരും ഇരകളായി. കേരളത്തിൽ കഴിഞ്ഞ വർഷം 305 പേർ കൊലചെയ്യപ്പെട്ടു. 2014ൽ 367 പേരും 2016ൽ 305 പേരും കൊല്ലപ്പെട്ടിരുന്നു. ഉത്തർപ്രദേശിലാണു കഴിഞ്ഞ വർഷം ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നത് – 4889. ബിഹാർ 2581 പേരും മഹാരാഷ്ട്രയിൽ 2299 പേരും കൊല്ലപ്പെട്ടു.

സ്ത്രീകൾക്കെതിരെ കഴിഞ്ഞ വർഷം കേരളത്തിൽ 10,034 അതിക്രമങ്ങൾ നടന്നു. 2015ൽ ഇത്തരം 9767 കേസുകളായിരുന്നു റജിസ്റ്റർ ചെയ്തത്. ഇതിലും മുന്നിൽ ഉത്തർപ്രദേശാണ് – 49362. കേരളത്തിൽ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളിൽ അധികവും 18നും 30നും മധ്യേ പ്രായമുള്ളവരാണ്. കുട്ടികൾ പീഡിപ്പിക്കപ്പെട്ട 1656 കേസുകളിൽ 1627 എണ്ണത്തിലും പ്രതികൾ ബന്ധുക്കളോ പരിചയക്കാരോ ആണ്.

സൈബർ പരാതിക്കാർ പിന്മാറുന്നു

സൈബർ പരാതികൾ കേരളത്തിൽ കുറയുന്നു. 2014ൽ 450 കേസുണ്ടായിരുന്നത് 2015ൽ 290ഉം 2016ൽ 283ഉം ആയി. കേസിലേക്കെത്തുമ്പോൾ പരാതിക്കാർ പിന്മാറുന്നതാണു കാരണമെന്നു പൊലീസ് പറയുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളായിരുന്നു 2016ൽ കൂടുതൽ – 114 കേസുകൾ. ഓൺലൈൻ ലൈംഗിക അപകീർത്തിക്കേസുകൾ 29. 

മുതിർന്ന പൗരൻമാർക്ക് ആശ്വസിക്കാം

2014ൽ കേരളത്തിൽ 758 മുതിർന്ന പൗരന്മാർ ഉപദ്രവിക്കപ്പെട്ടു. 2016ൽ 571 ആയി കുറഞ്ഞു. ഉത്തർപ്രദേശ് ഇക്കാര്യത്തിലെങ്കിലും ‘മര്യാദ’ കാട്ടി: 2016ൽ 621 അക്രമങ്ങൾ മാത്രം. മഹാരാഷ്ട്രയാണു മുന്നിൽ – 4561. 

അഴിമതി: കേരളത്തിനു മൂന്നാം സ്ഥാനം

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകൾ കേരളത്തിൽ കൂടുന്നു. 2014ൽ 149 കേസുകളും 2015ൽ 377 കേസുകളുമായിരുന്നു. 2016ൽ 430 ആയി ഉയർന്നു. സർക്കാർ ഓഫിസുകളിലെ കൈക്കൂലിക്കെതിരെ പരാതിപ്പെടാൻ കൂടുതൽ പേർ തയാറാകുന്നതാണു കാരണം. അഴിമതിക്കേസുകളിൽ കേരളത്തിനു രാജ്യത്തു മൂന്നാം സ്ഥാനമുണ്ട്. മുന്നിൽ മഹാരാഷ്ട്ര (1016). രണ്ടാമത് ഒഡീഷ (569).