Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധാരണയായി, അയർലൻഡ് അതിർത്തി അടയ്ക്കില്ല; ബ്രെക്സിറ്റിൽ ഇനി വ്യാപാര ചർച്ചകൾ

theresa-may തെരേസ മേ.

ലണ്ടൻ∙ ബ്രെക്സിറ്റ് ചർച്ചകളുടെ പുരോഗതിക്കു തടസമായി ബ്രിട്ടനും യൂറോപ്യൻ യൂണിയനുമിടയിൽ നിലനിന്നിരുന്ന പ്രധാന തർക്കവിഷയങ്ങളിലെല്ലാം ധാരണയായി. ഇതോടെ ബ്രെക്സിറ്റ് ചർച്ചകൾ ഇനി രണ്ടാം ഘട്ടത്തിലേക്കു കടക്കും. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറും കസ്റ്റംസ് യൂണിയൻ അംഗത്വവും സംബന്ധിച്ച സുപ്രധാനമായ വിഷയങ്ങളാണു രണ്ടാംഘട്ടത്തിൽ ചർച്ചചെയ്യുക.

ചർച്ചകളുടെ പുരോഗതിക്കു തടസമായി നിലനിന്നിരുന്ന അയർലൻഡ് അതിർത്തിയിലെ നിയന്ത്രണം, നഷ്ടപരിഹാരത്തുക, പൗരാവകാശം, യൂറോപ്യൻ കോടതിയുടെ അധികാരം എന്നീ വിഷയങ്ങളിലാണ് ഇരുകൂട്ടരും ഇന്നലെ ധാരണയിലെത്തി ഉടമ്പടിയായത്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ജീൻ ക്ലൌഡ് ജങ്കറും തമ്മിൽ ഇന്നലെ ബ്രസൽസിൽ നടന്ന ദീർഘമായ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ഒരാഴ്ചയായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കു വിരാമമായത്. കഴിഞ്ഞ തിങ്കളാഴ്ച ഇക്കാര്യങ്ങളിൽ ഏകദേശ തീരുമാനം ആയിരുന്നെങ്കിലും തെരേസ മേ സർക്കാരിനെ പിന്തുണയ്ക്കുന്ന നോർത്തേൺ അയർലൻഡിലെ പ്രാദേശിക പാർട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) ഉടമ്പടി വ്യവസ്ഥകളോടു വിയോജിപ്പു രേഖപ്പെടുത്തിയതോടെ പൊടുന്നനെ ചർച്ചകൾ നിർത്തി തെരേസ മേ ബ്രസൽസിൽനിന്നു മടങ്ങുകയായിരുന്നു. റിപ്പബ്ലിക് ഓഫ് അയർലൻഡും ബ്രിട്ടന്റെ ഭാഗമായ നോർത്തേൺ അയർലൻഡും തമ്മിലുള്ള അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ഉടമ്പടിയിൽ ഡിയുപി ശക്തമായ വിയോജിപ്പു പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ ലണ്ടനിൽ മടങ്ങിയെത്തിയ തെരേസ മേ ഡിയുപി നേതാക്കളുമായി ചർച്ചനടത്തി ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയാണ് ഇപ്പോൾ യൂറോപ്യൻ യൂണിയനുമായി ധാരണയിലെത്തിയത്.

പുതിയ ഉടമ്പടി പ്രകാരം അയർലൻഡിലും നോർത്തേൺ അയർലൻഡിനും ഇടയിൽ അതിശക്തമായ അതിർത്തി നിയന്ത്രണങ്ങൾ ഉണ്ടാകില്ല. ഐറീഷ് പൗരന്മാർക്കു നോർത്തേൺ അയർലൻഡിലേക്കും നോർത്തേൺ അയർലൻഡിലെ ബ്രിട്ടിഷ് പൗരന്മാർക്ക് തിരിച്ചും സ്വതന്ത്രമായ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കും. ചരക്കുനീക്കത്തിനും ഇതു ബാധകമായിരിക്കും. എന്നാൽ ബ്രിട്ടന്റെ ഭാഗമായ നോർത്തേൺ അയർലൻഡിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ നിലവിലെ അസ്ഥിത്വം അതേപടി സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതേക്കുറിച്ചെല്ലാം ഇനിയും കൂടുതൽ വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നായിരുന്നു ഡിയുപി നേതാവ് ഏരിൻ ഫോസ്റ്ററിന്റെ പ്രതികരണം. അതനുസരിച്ചാകും അന്തിമ ഉടമ്പടിയിന്മേൽ പാർലമെന്റിൽ തങ്ങളുടെ നിലപാടെന്നും അവർ വ്യക്തമാക്കി.

പൗരാവകാശത്തിന്മേൽ ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ചു ബ്രിട്ടനിൽ നിലവിലുള്ള മുപ്പതു ലക്ഷത്തോളം യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ള പത്തുലക്ഷത്തോളം ബ്രിട്ടിഷുകാർക്കും അതതിടങ്ങളിൽ നിലവിലുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും തുടരും. ബ്രെക്സിറ്റ് നടപ്പിലാകുന്ന 2019 മാർച്ച് 19 വരെ ബ്രിട്ടനിലെത്തുന്ന എല്ലാ യൂറോപ്യൻ പൗരന്മാർക്കും തിരിച്ചു ബ്രിട്ടിഷ് പൗരന്മാർക്കും ഈ അവകാശ സംരക്ഷണം ഉറപ്പാക്കും.

യൂണിയൻ വിടുമ്പോൾ ബ്രിട്ടൻ നഷ്ടപരിഹാരമായി നൽകേണ്ട തുകയുടെ കാര്യത്തിലും ഏകദേശ ധാരണയായി. തുക കൃത്യമായി ഇപ്പോൾ കണക്കാക്കാനാകില്ലെങ്കിലും ഇതിനുള്ള ഫോർമുല തയാറാക്കി. ഇതനുസരിച്ച് 35 മുതൽ 39 ബില്യൺ പൗണ്ട് വരെയുള്ള തുകയാകും നഷ്ടപരിഹാരമായി (ഡിവോഴ്സ് ബിൽ) ബ്രിട്ടൻ നൽകേണ്ടിവരിക.

‘യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിന്റെ’ അധികാരം സംബന്ധിച്ചായിരുന്നു മറ്റൊരു പ്രധാന തർക്കം. ബ്രെക്സിറ്റ് നടപ്പായിക്കഴിഞ്ഞും എട്ടുവർഷത്തേക്കു ബ്രിട്ടനിലെ യൂറോപ്യൻ പൗരന്മാർക്കു യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിന്റെ നിയമസംരക്ഷണമുണ്ടാകും.

ഈ തീരുമാനങ്ങൾ അടുത്തയാഴ്ച ചേരുന്ന യൂറോപ്യൻ കൗൺസിൽ യോഗം അംഗീകരിച്ചാൽ ബ്രെക്സിറ്റ് ചർച്ചകൾ രണ്ടാം ഘട്ടത്തിലേക്കു കടക്കും.

‘ബ്രെക്സിറ്റ് എന്നാൽ ബ്രെക്സിറ്റ് എന്നാണർഥം’ എന്നു വീമ്പിളക്കി ചർച്ച തുടങ്ങിയ തെരേസ മേ ഒന്നാം ഘട്ടം ആയപ്പോഴേ യൂറോപ്യൻ യൂണിയന്റെ വ്യവസ്ഥകൾക്കു കീഴ്പ്പെട്ട് ഒട്ടേറെ വിട്ടുവീഴ്ചകൾക്കു തയാറായിരിക്കുകയാണ്.

അയർലൻഡിന്റെ കടുംപിടുത്തം മൂലമാണു നോർത്തേൺ അയർലൻഡിലേക്കുള്ള അതിർത്തി നിയന്ത്രങ്ങൾ ലഘൂകരിക്കാൻ ബ്രിട്ടൻ നിർബന്ധിതരായത്. നിലവിലുള്ള പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയതോടെ ഇപ്പോൾ ബ്രിട്ടനിലുള്ള ഒരു യൂറോപ്യൻ പൗരനും തിരിച്ചുപോകേണ്ട സാഹചര്യമുണ്ടാകില്ല. നഷ്ടപരിഹാരത്തുകയേക്കുറിച്ചു ചിന്തിക്കുകയേ വേണ്ട എന്നു പറഞ്ഞുതുടങ്ങിയ തെരേസ മേ തുക പലവട്ടം ഉയർത്തി യൂറോപ്യൻ യൂണിയന്റെ ആവശ്യത്തിന് അടുത്തുവരെയെത്തി. ചുരുക്കത്തിൽ ബ്രെക്സിറ്റുകൊണ്ടു നേട്ടമുണ്ടാക്കാനിറങ്ങിയ ബ്രിട്ടന് ചർച്ചകളുടെ ഒന്നാംഘട്ടത്തിലേ ലഭിച്ചതു വൻ തിരിച്ചടിയാണ്. കടുത്ത ബ്രെക്സിറ്റ് വിരുദ്ധർക്ക് അൽപം ആശ്വാസം നൽകാനായി എന്നതു മാത്രമാണ് ഇപ്പോഴത്തെ തീരുമാനങ്ങൾക്കൊണ്ടുള്ള ഏക നേട്ടം. ഇതു ബ്രെക്സിറ്റ് അനുകൂലികളായ രാജ്യത്തെ ഭൂരിപക്ഷം പേരെയും നിരാശരാക്കുകയും ചെയ്യുന്നു.