Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബ്ലൂടൂത്തി’ൽ കണ്ടത് മൊബൈൽ ഫോൺ; ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

Electronic Voting Machine Representative Image

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടു നടന്നുവെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. പരാതിക്കാരന്റെ മൊബൈൽ ഫോണിൽ ബ്ലൂടൂത്ത് ഉപയോഗിച്ചപ്പോൾ കണ്ടെത്തിയത് ഇലക്ട്രോണിക് വോട്ടിങ് മെഷീനല്ലെന്ന് അവർ അറിയിച്ചു. പോളിങ് ഏജന്റിന്റെ മൊബൈൽ ഫോണായിരുന്നു അതെന്നാണ് വിശദീകരണം. ജലാൽപോർ മണ്ഡലത്തിലും സമാന ആരോപണം ഉയർന്നിരുന്നുവെങ്കിലും ഇതും അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കലക്ടർ നടത്തി അന്വേഷണത്തിലാണ് കണ്ടെത്തൽ.

വോട്ടിങ് യന്ത്രത്തിൽ ‘ബ്ലൂ ടൂത്ത്’ സംവിധാനം ഉപയോഗിച്ച് ബിജെപി ക്രമക്കേടു നടത്തിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. പോർബന്ദറിലെ മു‌സ്‌ലിം ഭൂരിപക്ഷമുള്ള മൂന്നു പോളിങ് ബൂത്തുകളിൽ വോട്ടിങ് യന്ത്രവുമായി ബ്ലൂ ടൂത്ത് വഴി മറ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചെന്നാണു പരാതി. മൊബൈൽ ഫോൺ മുഖേന വോട്ടിങ് യന്ത്രത്തെ നിയന്ത്രിക്കാവുന്ന വിധമാണ് ഇത് ഘടിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോദ്‌വാഡിയ ആണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അദ്ദേഹം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്തിരുന്നു.

മൊബൈൽ ഫോണിലെ ബ്ലൂ ടൂത്ത് ഓണാക്കിയപ്പോഴാണ് ലിസ്റ്റു ചെയ്തു വന്ന സമീപ ഉപകരണങ്ങളിലൊന്ന് ‘ഇസിഒ 105’ എന്നു കാണിച്ചത്. ഇത് വോട്ടിങ് യന്ത്രമാണെന്നായിരുന്നു പരാതി. ബ്ലൂ ടൂത്ത് ഉപയോഗിച്ച് ബാഹ്യ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് വോട്ടിങ് യന്ത്രത്തിൽ എന്തു ക്രമക്കേടു വേണമെങ്കിലും നടത്താമെന്ന് ഇതു സൂചിപ്പിക്കുന്നതെന്നും മോദ്‌വാഡിയ പറഞ്ഞു. വോട്ടിങ് യന്ത്രത്തിലെ ചിപ്പുകളിലെ പ്രോഗ്രാമിലും മാറ്റം വരുത്താം. ഇതു ശ്രദ്ധയിൽപ്പെട്ടയുടനെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറെ വിവരമറിയിക്കുകയായിരുന്നു. ഓഫിസർ സ്ഥലത്തെത്തുകയും യന്ത്രം പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രമക്കേടില്ലെന്ന നിഗമനം.