Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തർക്കം തുടരുന്നു; കോൺഗ്രസ് ബന്ധത്തിൽ നിലപാടു വിശദീകരിക്കാൻ യച്ചൂരി, കാരാട്ട്

Karat-Yechuri പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും. (ഫയൽ ചിത്രം)

ന്യൂ‍ഡൽഹി ∙ കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോയിൽ തര്‍ക്കം തുടരുന്നു. രാഷ്ട്രീയധാരണ വേണ്ടെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കാരാട്ട് പക്ഷം നിലപാടെടുത്തതോടെയാണ് തര്‍ക്കം നീണ്ടത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും ഞായറാഴ്ച പിബിയില്‍ നിലപാട് വിശദീകരിക്കും. 

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്‍റെ കരടിന് അന്തിമരൂപം നല്‍കാനാണ് സിപിഎം പൊളിറ്റ് ബ്യൂറോ ചേരുന്നത്. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി കാരാട്ട് പക്ഷവുമായുള്ള തര്‍ക്കത്തിനിടെ സീതാറാം യച്ചൂരി നിലപാട് മയപ്പെടുത്തിയിരുന്നു. 

കോണ്‍ഗ്രസ് സഹകരണം എന്ന് നേരിട്ട് പറഞ്ഞില്ലെങ്കിലും ബിജെപിയെ തറപറ്റിക്കാന്‍ മതേതര ചേരി വേണമെന്നാണ് സീതാറാം യച്ചൂരി ഇതുവരെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ബിജെപിയാണ് മുഖ്യശത്രുവെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമോ, സഹകരണമോ വേണ്ടെന്ന് കാരാട്ട് പക്ഷം വാദിക്കുന്നു.

തര്‍ക്കം അയവില്ലാതെ തുടരുന്നതിനിടെയാണ് യച്ചൂരി നിലപാട് മയപ്പെടുത്തിയത്. ബൂര്‍ഷ്വാ പാര്‍ട്ടിയുമായി സഖ്യമോ, മുന്നണിയോ വേണ്ടെന്നാണ് പുതിയ നിലപാട്. അതേസമയം, ബിജെപിയെ തോല്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ക്കും സമയത്തിനും അനുസരിച്ച് തിരഞ്ഞെടുപ്പ് അടവുനയങ്ങള്‍ രൂപീകരിക്കാമെന്നും യച്ചൂരിയുടെ പുതിയ രേഖയില്‍ പറയുന്നു. അതായത് സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് നീക്കുപോക്കുകളാകാം. തര്‍ക്കം തീര്‍ന്നില്ലെങ്കില്‍  പാര്‍ട്ടി അഭിപ്രായ ഭിന്നത കോണ്‍ഗ്രസിലേക്ക് നീങ്ങും.