Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൽസ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിനു കൊണ്ടുപോകും; ഉപരോധം അവസാനിപ്പിച്ചു

Fishermen Community Protest

തിരുവനന്തപുരം∙ പൊഴിയൂർ തീരത്തെ മൽസ്യത്തൊഴിലാളികൾ ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് കടലിൽ പോകുമ്പോൾ 15 തൊഴിലാളികളെക്കൂടി കൊണ്ടുപോകാമെന്ന വ്യവസ്ഥയിലാണ് തിരുവനന്തപുരം പൊഴിയൂര്‍ തീരത്തെ മല്‍സ്യത്തൊഴിലാളികള്‍ നെയ്യാറ്റിന്‍കരയില്‍ റോഡ് ഉപരോധിക്കുന്നത് അവസാനിപ്പിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനു പേര്‍ തെരുവിലിറങ്ങിയതോെട തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചിരുന്നു.

അതേസമയം, ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരങ്ങളില്‍ പത്താം ദിവസവും രോഷവും പ്രതിഷേധവും അണപൊട്ടുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. 'ഞങ്ങള്‍ക്കു പണമോ പാരിതോഷിമോ വേണ്ട. ആ പണം ഉപയോഗിച്ചു കടലില്‍ പോയി ഞങ്ങളുടെ മക്കളുടെ ജീവന്‍ തരൂ...' നെഞ്ചുപൊട്ടി സ്ത്രീകള്‍ അലമുറയിട്ടു പറയുന്നു. ബോട്ടോ കപ്പലോ ഇറക്കി ഞങ്ങളുടെ മക്കളെ തിരിച്ചു കൊണ്ടുവരണം.

ഇനിയെങ്കിലും എന്റെ അച്ഛന്‍റെ ബോഡി എനിക്ക് തരണം. അതുള്ള സ്ഥലം പല മല്‍സ്യത്തൊഴിലാളികള്‍ക്കും അറിയാം. അവരെയും കൊണ്ടുപോയി ബോഡി എത്തിച്ചുതരൂ. പന്തുതട്ടുന്ന പോലെ ഞങ്ങളുടെ ജീവിതം ഇങ്ങനെ തട്ടിക്കളിക്കരുത് - മറ്റുചിലര്‍ പറഞ്ഞു. സമരം മൂന്നു മണിക്കൂര്‍ പിന്നിടുമ്പോഴും അനുരഞ്ജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.

അതേസമയം, തിരച്ചിൽ ഊർജിതമാക്കാൻ കപ്പലുകൾ എത്തുമെന്ന് സർക്കാർ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം തിരച്ചിൽ ഊർജിതമാക്കുന്നതിനു കോസ്റ്റ് ഗാർഡിന്റെ ഒരു കപ്പൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവനന്തപുരം തീരത്ത് എത്തി. നേവിയുടെ കപ്പൽ വൈകുന്നേരം അഞ്ച് മണിയോടെ തിരുവനന്തപുരത്ത് എത്തും. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് കപ്പൽ തിരച്ചിൽ നടത്തുക.

related stories