Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തിയില്ല: ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം

Archbishop Soosa Pakiam

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം . മല്‍സ്യത്തൊഴിലാളികളുടെ വികാരമാണു സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. കാണാതായവരെ കണ്ടെത്താന്‍ അടിയന്തര നടപടി വേണമെന്നും ഡോ. സൂസപാക്യം ആവശ്യപ്പെട്ടു.

ഇതിനിടെ, ലക്ഷദ്വീപില്‍ കുടുങ്ങിയ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 51 മല്‍സ്യത്തൊഴിലാളികളുമായി എം.വി. കവരത്തിെയന്ന കപ്പല്‍ കൊച്ചി തീരത്തെത്തി. മലയാളികള്‍ രണ്ടുപേരും തിരുവനന്തപുരം സ്വദേശികളാണ്. കല്‍പേനിയിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്നുള്ളവരാണു കൊച്ചിയിലെത്തിയത്. ലക്ഷദ്വീപില്‍ കുടുങ്ങിയ 352 പേരില്‍ 302 പേര്‍ നാട്ടിലേക്കു തിരിച്ചു. ഇവര്‍ ഇന്നു രാത്രിയും നാളെയുമായി കൊച്ചിയിലെത്തും.

ചെല്ലാനത്തെ ഉപവാസസമരം അവസാനിപ്പിച്ചു

ചെല്ലാനത്തെ തീരദേശവാസികൾ ഉപവാസസമരം അവസാനിപ്പിച്ചു. വൈദികരുമായി ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണ. ഏപ്രിൽ അവസാനത്തോടെ ആധുനിക കടൽഭിത്തികൾ നിർമിക്കും. വീടുകളുടെ അറ്റകുറ്റപ്പണി മൂന്നു ദിവസത്തിനുള്ളിൽ തീർക്കും. തകർന്ന വീടുകൾക്കു നഷ്ടപരിഹാരം നൽകും. ശുചീകരണപ്രവര്‍ത്തനങ്ങൾ വേഗത്തിലാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. മരിച്ച റിക്സന്റെ ഭാര്യയ്ക്കു ഫിഷറീസ് വകുപ്പിൽ ജോലി നൽകും.

തിരച്ചില്‍ തുടരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു വൈകിട്ടു പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായി നടത്തുന്ന ചര്‍ച്ചയില്‍ നേവിയുടെ തിരച്ചില്‍ തുടരാന്‍ ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിനീങ്ങുന്നതായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നുണ്ട്. അതിനാല്‍ അവ കണ്ടെത്താന്‍ ശ്രമം തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓഖി ദുരന്തത്തിൽ കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചരയ്ക്കാണു രാജ്‌നാഥ് സിങ്ങുമായുളള കൂടിക്കാഴ്ച. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം, 500 കോടിയുടെ അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി രാജ്നാഥ് സിങ്ങിനോട് ഉന്നയിക്കും. അതേസമയം, ഓഖി ചുഴലിക്കാറ്റുമൂലം 260 പേരെ കാണാതായതിനു പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കാണാതായവരുടെ കുടുംബാംഗങ്ങള്‍ക്കു വേഗം നഷ്ടപരിഹാരം ലഭിക്കാന്‍ സഹായകരമാകുന്നതിനാണു നടപടി.

related stories