Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയ്ക്കു പിന്നാലെ യുഎസും പറഞ്ഞു: പാക്കിസ്ഥാനിലേക്ക് യാത്ര ഒഴിവാക്കുക

Pakistan-Security

വാഷിങ്ടൻ∙ ഒഴിവാക്കാനാകാത്ത സന്ദർഭമാണെങ്കിൽ മാത്രം പാക്കിസ്ഥാനിലേക്കു യാത്ര ചെയ്താൽ മതിയെന്ന് തങ്ങളുടെ പൗരന്മാർക്ക് യുഎസിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനിലൊട്ടാകെ യുഎസ് പൗരന്മാർക്ക് ഭീകരരുടെ ഭീഷണിയുണ്ടെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര തലത്തിൽ പ്രവർത്തിക്കുന്നവരും വിദേശ ഭീകരരും ഒരുപോലെ ഭീഷണിയായുണ്ട്. പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ, മതത്തിന്റെ പേരിൽ ഉൾപ്പെടെ, വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 

പാക്കിസ്ഥാനിൽ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്കും ജീവനു ഭീഷണിയുണ്ടെന്നും കരുതലോടെയിരിക്കണമെന്നും കഴിഞ്ഞ ദിവസം ചൈനയും മുന്നറിയിപ്പു നൽകിയിരുന്നു. ആൾക്കൂട്ടങ്ങളും തിരക്കേറിയ ഇടങ്ങളും പരമാവധി ഒഴിവാക്കണമെന്നായിരുന്നു നിർദേശം. ഏഴു മാസം മുന്‍പ് മേയിലും ഇത്തരത്തിലൊരു അറിയിപ്പ് യുഎസ് ആഭ്യന്തര വകുപ്പ് തങ്ങളുടെ പൗരന്മാർക്കു നൽകിയിരുന്നു.

സർക്കാർ ഉദ്യോഗസ്ഥരെയും മനുഷ്യാവകാശ പ്രവർത്തകരെയും എൻജിഒകളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ പാക്കിസ്ഥാനിൽ ഏറുകയാണ്. യുഎസ് നയതന്ത്രപ്രതിനിധികളെയും അവരുടെ ഓഫിസുകളെയും മുൻകാലങ്ങളിൽ ഭീകരർ ലക്ഷ്യംവച്ചിരുന്നു. ഇതു തുടരുമെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 

മോചനദ്രവ്യം ലഭിക്കുന്നതിനു വേണ്ടി ഭീകരരും മറ്റു ക്രിമിനൽ സംഘങ്ങളും യുഎസ് പൗരന്മാരെ തട്ടിക്കൊണ്ടു പോകുന്നതിനും സാധ്യതയേറെ. മതവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘർഷങ്ങൾ പാക്കിസ്ഥാനിൽ വൻ ഭീഷണിയായി തുടരുകയാണ്. മതന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ ആക്രമണങ്ങളും തുടരുന്നു. മതനിന്ദയുടെ പേരിലുള്ള നിയമനടപടികളും ഏറെയാണ്.

ആറുമാസത്തിനിടെ ബലൂചിസ്ഥാനിൽ മാത്രം പാക്ക് സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കും നേരെ വൻതോതിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇതിൽ ചാവേറാക്രമണവും ഗ്രനേഡ് ആക്രമണവും ഒളിയാക്രമണവുമെല്ലാം ഉൾപ്പെടും. ക്വറ്റയിൽ പൊലീസ് ഓഫിസർമാർക്കു നേരെ നടന്ന ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു, 30 പേർക്കു പരുക്കേറ്റു. ബസ് ടെർമിനലിൽ ഉണ്ടായ മറ്റൊരാക്രമണത്തിൽ കൊല്ലപ്പെട്ടത് 45 പേരാണ്. 

ചെറിയ തോതിലുള്ള വെടിവയ്പ് 148 എണ്ണമുണ്ടായി. 67 ബോംബാക്രമണങ്ങളും 28 തവണ വധശ്രമങ്ങളുമുണ്ടായി. 17 തട്ടിക്കൊണ്ടുപോകൽ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളതായി യുഎസ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു പറയുന്നു. സാധാരണക്കാരെന്നോ സർക്കാർ ഉദ്യോഗസ്ഥരെന്നോ ഭേദമില്ലാതെയാണു പലയിടത്തും ആക്രമണം. ഇതിന്റെ വിവരങ്ങളും തങ്ങളുടെ പൗരന്മാർക്കുള്ള മുന്നറിയിപ്പിൽ യുഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്.