Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ചുഴലിക്കാറ്റ്: പ്രത്യേക കേന്ദ്രസംഘം ദുരന്ത മേഖലകൾ സന്ദർശിക്കും

Pinarayi Vijayan

ന്യൂഡൽഹി ∙ ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസർക്കാരിന്റെ പ്രത്യേക സംഘം ദുരന്തബാധിത മേഖലകൾ സന്ദർശിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതിനായി സംസ്ഥാനം 1843 കോടിയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

വീടില്ലാത്ത മൽസ്യത്തൊഴിലാളികൾക്ക് വീടുവച്ചു നൽകണം, മുന്നറിയിപ്പിനുള്ള ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ സഹായം നൽകണം തുടങ്ങിയ ആവശ്യങ്ങളും രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചു. 

കാണാതായവർക്കു വേണ്ടി ഇപ്പോഴും കടലിൽ തിരച്ചിൽ തുടരുകയാണ്. തീരത്തോട് ചേർന്ന പ്രദേശത്തു മാത്രമല്ല തിരച്ചിൽ നടക്കുന്നത്. നാവികസേന ഉൾപ്പെടെ 10 ദിവസംകൂടി തിരച്ചിൽ തുടരും. കാണാതായവരെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. തിരച്ചിലിനായി മൽസ്യത്തൊഴിലാളികളെ കൊണ്ടുപോകുന്നത് തുടരും. 24 കപ്പലുകളും എട്ട് ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും ഇപ്പോൾ തിരച്ചിലിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

related stories