Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹമ്പന്തോഡ തുറമുഖം ഇനി ചൈനയുടെ നിയന്ത്രണത്തിൽ; ഇന്ത്യയ്ക്ക് ആശങ്ക

Hambantota

കൊളംബോ ∙ ഇന്ത്യയ്ക്ക് കടുത്ത ആശങ്കകൾ സമ്മാനിച്ച് ഹമ്പന്തോഡ തുറമുഖം ശ്രീലങ്ക 99 വർഷത്തേക്കു ചൈനയ്ക്കു പാട്ടത്തിനു കൈമാറി. തുറമുഖത്തിന്റെ ദൈനംദിന വാണിജ്യപ്രവർത്തനം 110 കോടി ഡോളറിനു (7150 കോടി രൂപ) ചൈനയിലെ കമ്പനിക്കു 99 വർഷത്തേക്കു പാട്ടത്തിനു നൽകാനുള്ള കരാറിൽ ശ്രീലങ്കയും ചൈനയും അടുത്തിടെ ഒപ്പുവച്ചിരുന്നു. ഈ കരാറാണ് ഇന്ന് യാഥാർഥ്യമായത്. കരാറനുസരിച്ചു ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിലുള്ള തന്ത്രപ്രധാന തുറമുഖത്തിന്റെ 70‍% ഓഹരികൾ ചൈനീസ് കമ്പനിക്കു ലഭിക്കും. മാത്രമല്ല, ചൈനീസ് കമ്പനികൾക്കും കപ്പലുകൾക്കും വൻ നികുതി ഇളവുകളും ലഭിക്കും.

കൊളംബോയ്ക്കു ശേഷം ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമായി ഹമ്പന്തോഡ മാറുമ്പോൾ ഇന്ത്യയിലെ തുറമുഖങ്ങൾക്ക് വൻ ഭീഷണിയാകും. മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിക്കുന്ന തുറമുഖത്തെ ചൈനയുടെ സ്വാധീനം ഇന്ത്യയുടെ പ്രതിരോധവകുപ്പിനും തലവേദനയാകും. ശ്രീലങ്കയുടെ തെക്കൻതീരത്തെ ആഴക്കടൽ തുറമുഖം ചൈനയുടെ നാവികസേനാ താവളമായി ഉപയോഗിക്കുമെന്നതു സംബന്ധിച്ച വിവാദം കത്തിപ്പടർന്നതോടെ കരാർ ഒപ്പുവയ്ക്കുന്നതു മാസങ്ങളോളം തടസ്സപ്പെട്ടിരുന്നു. ഇന്ത്യയും യുഎസും ഇക്കാര്യത്തിൽ ആശങ്ക അറിയിക്കുകയും ചെയ്തു.

അതേസമയം, അന്യരാജ്യങ്ങളുടെ പ്രതിരോധത്താവളമാക്കാൻ ഹമ്പന്തോഡ തുറമുഖം വിട്ടുകൊടുക്കില്ലെന്നാണ് ശ്രീലങ്കയുടെ നിലപാട്. ഇക്കാര്യം അവർ ഇന്ത്യയെ അറിയിക്കുകയും ചെയ്തിരുന്നു. ചൈനയിൽ നിന്ന് 600 കോടി ഡോളർ വായ്പയെടുത്തു നിർമിച്ച തുറമുഖം നിലവിൽ വൻനഷ്ടത്തിലാണു പ്രവർത്തിക്കുന്നത്. ഈ ബാധ്യതയിൽ 110 കോടി ഡോളർ ചൈനയുടെ ഓഹരികളാക്കി മാറ്റാനാണു കരാർ. കൂടാതെ തുടർപ്രവർത്തനത്തിനും ചൈനീസ് സ്ഥാപനമായ ചൈന മർച്ചന്റ്സ് പോർട്ട് ഹോൾഡിങ് മുതൽമുടക്കും. 15,000 ഏക്കർ വരുന്ന പ്രത്യേക സാമ്പത്തിക മേഖലയുടെ വികസനവും കരാറിന്റെ ഭാഗമാണ്.