Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന രേഖയ്ക്കു സഹായവുമായി യുഎസ് കമ്പനി

rekha-05 രേഖ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ഇന്ത്യയിലെ ആദ്യ സ്ത്രീ തൃശൂർ ചേറ്റുവ സ്വദേശിനി രേഖയ്ക്കു സഹായഹസ്തവുമായി അമേരിക്കൻ കമ്പനി. രേഖയുടെ പഴയ വള്ളത്തിന്റെയും എൻജിന്റെയും സ്ഥിതി പരിശോധിച്ച് ആവശ്യമായതു ചെയ്യാമെന്നും മത്സ്യബന്ധനത്തിനു സഹായിക്കുന്ന ആധുനിക ഉപകരണങ്ങൾ സൗജന്യമായി നൽകാമെന്നും അമേരിക്കൻ കമ്പനിയായ ഗാർമിനിന്റെ ഇന്ത്യയിലെ വിതരണക്കാരായ എഎംഐടി ഇന്ത്യയുടെ പ്രോഡക്ട് മാനേജർ രജത് തോംസൺ അറിയിച്ചു.

ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന രേഖയുടെയും ഭർത്താവ് കാർത്തികേയന്റെയും വിയർപ്പൊഴുക്കലിന്റെ കഥ ‘മനോരമ ഓൺലൈനിൽ’ പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ടാണ് കമ്പനി സഹായവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ജിപിഎസും അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്ന പ്രമുഖ കമ്പനിയാണു ഗാർമിൻ. കടലിൽ മീൻ എവിടെയുണ്ടെന്നും അങ്ങോട്ടുള്ള വഴികളും കാണിച്ചുതരുന്ന രീതിയിലാണ് ഈ ഉപകരണം രൂപകൽപന ചെയ്തിരിക്കുന്നത്. ജിപിഎസ്, ഫിഷ് ഫൈൻഡർ, ട്രാൻസ്ഡ്യൂസർ തുടങ്ങിയവ ചേർന്ന് ഒറ്റ യൂണിറ്റായി ഗാർമിൻ എഫ്എഫ് ജിപിഎസ് എന്ന ഉപകരണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇതു നൽകാനാണു കമ്പനി ആലോചിക്കുന്നത്. കടൽവെള്ളത്തിൽ 750 അടി താഴ്ചയിലും ശുദ്ധജലത്തിൽ 1600 അടിയിലും മീനിന്റെ സാന്നിധ്യം കണ്ടുപിടിക്കാനാവുമെന്നു കമ്പനി പറയുന്നു.

കമ്പനി അധികൃതർ ചേറ്റുവയിലെത്തി രേഖയുടെയും കാർത്തികേയന്റെയും വള്ളവും എൻജിനും പരിശോധിക്കും. ഇവരുടെ ഫൈബർ വള്ളത്തിനു 10 വർഷത്തിലധികം പഴക്കമുണ്ട്. സുസുക്കി എൻജിന് 25 വർഷത്തിന്റെയും. വള്ളത്തിന്റെയും എൻജിന്റെയും ശോച്യാവസ്ഥ ‘മനോരമ ഓൺലൈൻ’ ചൂണ്ടിക്കാട്ടിയിരുന്നു. കഴിയുമെങ്കിൽ വള്ളം റിപ്പയർ ചെയ്യാൻ ശ്രമിക്കും. ഇല്ലെങ്കിൽ മാറ്റിനൽകുന്നതും ആലോചിക്കും. അതുപോലെ എൻജിനും. 

പുതിയ വള്ളവും എൻജിനും വാങ്ങണമെങ്കിൽ ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ വേണം. ജിപിഎസ് സംവിധാനം ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു കമ്പനി രേഖയെയും കാർത്തികേയനെയും പഠിപ്പിക്കും. ഇക്കാര്യം ഡൽഹിയിൽനിന്നു കമ്പനി അധികൃതർ ഇരുവരെയും അറിയിച്ചു.

രേഖയും കാർത്തികേയനും ചേർന്നു കടലിൽ നടത്തിയിരുന്ന 2000 കാളാഞ്ചി മത്സ്യങ്ങളുടെ കൃഷി ഓഖി ദുരന്തത്തിൽ ഒലിച്ചുപോയി. ഇതിനെ വളർത്തിയിരുന്ന കൂടും ഒഴുകിപ്പോയെങ്കിലും സുഹൃത്തുക്കളുടെ സഹായത്താൽ കരയ്ക്കു വലിച്ചുകയറ്റി. ഓഖി കാറ്റിലുണ്ടായ കൂറ്റൻ തിരമാലകൾ കടൽത്തീരത്തെ ഇവരുടെ വീട്ടിൽ അടിച്ചു കയറിയിരുന്നു. 

related stories