Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ചുഴലിക്കാറ്റ്: തിരച്ചിൽ തുടരുന്നു, രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി

Boats from Lakshadeep to Kochi ലക്ഷദ്വീപിൽനിന്ന് കൊച്ചിയിലെത്തിച്ച ബോട്ടുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി ∙ ഓഖി ചുഴലിക്കാറ്റിൽ മരിച്ച രണ്ടു മൽസ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാഡ് കപ്പലായ സമർ നടത്തിയ തിരച്ചിലിൽ വിഴിഞ്ഞത്തുനിന്നു 180 നോട്ടിക്കൽ മൈൽ അകലെയാണ് ഒരു മൃതദേഹം ലഭിച്ചത്. രണ്ടാമത്തേത് കൊച്ചിയിൽനിന്ന് 20 നോട്ടിക്കൽ മൈൽ അകലെനിന്ന് കോസ്റ്റ് ഗാഡ് കപ്പലായ സങ്കൽപിന്റെ തിരച്ചിലില്‍ കണ്ടെടുത്തു. ഇവ തീരത്തെത്തിക്കാൻ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിനു കൈമാറി. ഇതോടെ ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 42 ആയി. ഇതിൽ 32 പേരുടെ മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇനി പത്ത് മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്.

അതേസമയം, ഓഖി ദുരന്തത്തിൽ ലക്ഷദ്വീപില്‍ കുടുങ്ങിയ 207 മല്‍സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. രാത്രിയിലും രാവിലെയുമായി 15 ബോട്ടുകളിലായാണ് ഇവർ കൊച്ചിയിൽ തീരമണഞ്ഞത്. ഇതിൽ അവശരായ ഒന്‍പതുപേരെ എറണാകുളം ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിൽ 27 മലയാളികളാണുള്ളത്. ബാക്കിയുള്ളവരിൽ ഏറെപ്പേരും തമിഴ്നാട്ടുകാരും. അതേസമയം, ലക്ഷദ്വീപിൽ കുടുങ്ങിയ കൂടുതല്‍ പേര്‍ ഇന്ന് കൊച്ചിയിലെത്തും.

Fishermen in Hospital ലക്ഷദ്വീപിൽനിന്നെത്തിയ മൽസ്യത്തൊഴിലാളികളെ എറണാകുളം ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

അതിനിടെ, ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മല്‍സ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനാ കപ്പലും വ്യോമസേനാ വിമാനവും തിരച്ചിലിന് പുറപ്പെട്ടു. ചെറുബോട്ടുകളില്‍ കടലിൽ പോയ 95 പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. തിരുവനന്തപുരത്തുനിന്ന് മൽസ്യബന്ധനത്തിനു പോയ 285 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ കത്തോലിക്കാ സഭയും പറയുന്നു.

കൊച്ചിയിൽനിന്നുപോയ 10 ബോട്ടുകൾ തകർന്നുവെന്ന് തിരിച്ചെത്തിയ മൽസ്യത്തൊഴിലാളികൾ പറഞ്ഞു. 30 ബോട്ടുകളെക്കുറിച്ചു വിവരമില്ല. ‘ഓഖി’ ചുഴലിക്കാറ്റിനു മുൻപ് ഇവിടെനിന്ന് കടലിൽ പോയിരുന്നത് 217 ബോട്ടുകളാണ്. അതിനിടെ, ഒരു ബോട്ടിന്റെ അവശിഷ്ടം കെട്ടിവലിച്ച് കൊച്ചിയിലെത്തിച്ചിട്ടുണ്ട്.

അതേസമയം, തിരച്ചിലിന് അയൽരാജ്യങ്ങളുടെ സഹായം തേടുന്നതുൾപ്പെടെ, ഓഖി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്.

ഓഖി ദുരന്തത്തിൽപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ സഭ ഇന്നു പ്രാർഥനാ ദിനമായി ആചരിക്കുകയാണ്. പള്ളികളിൽ പ്രത്യേക ശുശ്രൂഷകളും മരിച്ചവർക്കു വേണ്ടിയുള്ള അനുസ്മരണവും സംഘടിപ്പിച്ചിട്ടുണ്ട്. പൂന്തുറ സെന്റ് തോമസ് പള്ളിയിൽ മലങ്കര കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസാണ് തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകിയത്.

related stories