Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ അടുപ്പിച്ചില്ല; മിന്നലാക്രമണത്തിന് വിദേശ ആയുധങ്ങളും: പരീക്കർ

Manohar Parrikar

പനജി ∙ പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ട് ഒരു വർഷം പൂർത്തിയായതിനു പിന്നാലെ, ആക്രമണത്തിനായി പ്രതിരോധവകുപ്പും സൈന്യവും നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ രംഗത്ത്. ആക്രമണത്തിനായി പദ്ധതിയിടുന്ന സമയത്ത് മൊബൈൽ ഫോൺ അവിടേക്ക് അടുപ്പിച്ചിട്ടുപോലുമില്ലെന്ന് പരീക്കർ വെളിപ്പെടുത്തി. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കുക മാത്രമല്ല, കോൺഫറൻസ് നടക്കുന്ന ഹാളിൽനിന്ന് അതേറെ അകറ്റിയാണ് സൂക്ഷിച്ചതെന്നും പരീക്കർ പറഞ്ഞു.

മറ്റൊരാളോട് നാം സംസാരിക്കുമ്പോൾ ആ വിഷയത്തിലെ സ്വകാര്യത അവസാനിക്കുകയാണ്. മിന്നലാക്രമണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ മൊബൈൽ ഫോണുകൾ സ്വിച്ചോഫ് ചെയ്ത് 20 മീറ്റർ അകലെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചർച്ച ചെയ്യുന്ന കാര്യങ്ങളൊന്നും പുറത്തുപോകുന്നില്ല എന്ന് ഉറപ്പാക്കാനായിരുന്നു ഇത്. – പരീക്കർ പറഞ്ഞു.

ഉറിയിലെ ഭീകരാക്രമണത്തിനും അതിർത്തി കടന്ന് നാം നടത്തിയ മിന്നലാക്രമണത്തിനും ഇടയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുമായി 18–19 യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നു. എന്നിട്ടും ഒരു വിവരം പോലും ചോർന്നില്ലെന്ന് പറയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. – പരീക്കർ വ്യക്തമാക്കി.

മിന്നലാക്രമണത്തനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പോലും ഉദ്യോഗസ്ഥർ വിദേശ രാജ്യങ്ങളിൽ പോയി ആയുധങ്ങൾ സംഭരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വളരെ സുപ്രധാനമായ ഇത്തരം തയാറെടുപ്പുകൾ വളരെ കൃത്യതയോടെ നടത്തേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രഹസ്യങ്ങൾ സൂക്ഷിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മറ്റൊരാളുമായി പങ്കുവയ്ക്കാതെ ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നത് ഏറെ സമ്മർദ്ദവുമുണ്ടാക്കും. ഇത്തരം പ്രതികൂല സാഹചര്യങ്ങൾ മറികടന്നാണ് ഇന്ത്യൻ സൈന്യം വിജയകരമായി മിന്നലാക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന്റെ കൃത്യമായ രൂപരേഖ ഇങ്ങനെ:

∙ പാക്ക് അധീന കശ്മീരിലെ (പിഒകെ) ഭീകരഇടത്താവളങ്ങൾ ആക്രമിച്ചുതകർക്കാൻ ആക്രമണത്തിന് ഒരാഴ്ചമുൻപു നടന്ന കാബിനറ്റ് സമിതിയുടെ സുരക്ഷാ യോഗത്തിൽ തീരുമാനം. 

∙ തിരിച്ചടിക്കു പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അനുമതി. 

∙പ്രതിരോധമന്ത്രി മനോഹർ പരീക്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കരസേനാമേധാവി ദൽബീർ സിങ് സുഹാഗ്, ഡിജിഎംഒ ലഫ്. ജനറൽ രൺബീർ സിങ്, എന്നിവരുടെ നേതൃത്വത്തിൽ കൃത്യമായ രൂപരേഖ തയാറാക്കുന്നു. 

∙ നാലുപേരും ആക്രമണത്തിന്റെ ഓരോഘട്ടവും വിലയിരുത്തിക്കൊണ്ടിരുന്നു 

∙ ആക്രമണം നടത്തുന്നതിനു തൊട്ടുമുൻപ് അജിത് ഡോവൽ, യുഎസ് ദേശീയ ഉപദേഷ്ടാവ് സൂസൻ റൈസിനോട് ഇക്കാര്യം സൂചിപ്പിക്കുന്നു. 

∙ ആക്രമണത്തിനുശേഷം സർവകക്ഷി യോഗം ചേർന്നു സൈനിക നടപടിക്കു പൂർണ പിന്തുണ നേടുന്നു.