Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി രക്ഷാദൗത്യം കൈവിട്ടു പോയ ആടിനെ തേടിയ ‘വലിയ ഇടയന്റെ’ മനസ്സോടെ: പിണറായി

Pinarayi Vijayan

കൊച്ചി∙ നൂറ് ആടുകളിൽ കൈവിട്ടുപോയ ഒന്നിനെ തേടിപ്പോകുന്ന വലിയ ഇടയന്റെ മനസ്സുമായാണ് ഓഖി ചുഴലിക്കാറ്റിൽ സർക്കാർ രക്ഷാദൗത്യം നടത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഒട്ടേറെപ്പേരെ രക്ഷിച്ചെടുക്കാനായെങ്കിലും ചിലർ കൈവിട്ടുപോയി. ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്നപരിഹാരം അസാധ്യമാക്കുന്ന സമീപനമുണ്ടായിക്കൂടെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരുടെയെങ്കിലും മേൽ വിജയം നേടാനുള്ള സന്ദർഭമല്ല ഇത്. ദുരന്തവേളകൾ പോലും മനുഷ്യത്വരഹിതമായി ഉപയോഗിക്കുന്നവരുണ്ട്. വൈകാരികത വഴിതിരിച്ചുവിടാനാണ് ഇവരുടെ ശ്രമം. പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ട ഘട്ടമാണിത്.

ഈ ഘട്ടത്തിൽ ചെയ്തില്ലെങ്കിൽ മറ്റൊരു ഘട്ടം ഉണ്ടാകില്ല. പ്രശ്നപരിഹാരത്തിലേക്ക് ആളുകളെ കൊണ്ടുവരാനുള്ള ചുമതല സഭയുടെയും സമുദായത്തിന്റെയും നേതൃത്വം ഏറ്റെടുക്കണം. കണ്ണീർ സ്വാഭാവികമാണ്. എന്നാൽ കണ്ണീർകൊണ്ട് മുന്നിലുള്ള വഴി കാണാത്ത അവസ്ഥയുണ്ടാകരുത്. അതുറപ്പാക്കുന്നിടത്താണ് യഥാർഥ നേതൃഗുണം പ്രകടമാകേണ്ടത്. 

പങ്കുവയ്ക്കലിന്റേതായ ജീവിതമായിരുന്നു യേശുവിന്റേത്. അഞ്ചപ്പം അയ്യായിരം പേർക്കാണു പങ്കുവച്ചത്. അതേ പങ്കുവയ്ക്കലാണു തീരദേശത്തു പുലർത്തേണ്ടത്. അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നാണു ക്രിസ്തു പറഞ്ഞത്. മറ്റുള്ളവർക്കു വേണ്ടി കരുതൽ ഉണ്ടാകേണ്ട സമയമാണിത്. 

യേശു എന്നും നിസ്വരുടെയും പാർശ്വവൽകരിക്കപ്പെട്ടവരുടെയും ഒപ്പമായിരുന്നു. അതേ നിലപാടുള്ളവർക്ക് ഒപ്പമാണ് നിൽക്കേണ്ടതെന്ന തിരിച്ചറിവ് വലിയൊരു യോജിപ്പ് സാധ്യമാക്കും. കേരളത്തിലെ സർക്കാർ നിന്ദിതർക്കും പീഡിതർക്കും ഒപ്പമാണ്.

സർക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷാ മിഷനുകൾക്കു ക്രൈസ്തവ കാഴ്ചപ്പാടാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രത്തോട് ആവശ്യപ്പെട്ട 1843 കോടിയുടെ ധനസഹായത്തിൽ 300 കോടി ഉടൻ അനുവദിക്കുമെന്നാണു പ്രതീക്ഷ. നാവികസേനയും തീരസേനയും 10 ദിവസം കൂടി തിരച്ചിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.