Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കെതിരെ ‘മോശം വാക്കുകൾ’ വേണ്ട, ‘സ്നേഹം കൊണ്ട്’ തോൽപിക്കും: രാഹുൽ

Rahul Gandhi തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രവർ‌ത്തകനൊപ്പം രാഹുൽ ഗാന്ധി.

അഹമ്മദാബാദ്∙ മോദിക്കെതിരെ ‘മോശം വാക്കുകൾ’ ഉപയോഗിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകരെ ഉപദേശിച്ച് രാഹുൽ ഗാന്ധി. ‘സ്നേഹമുള്ള, മാധുര്യമേറിയ’ വാക്കുകളോടെ മുന്നോട്ടുപോയി മോദിയെയും ബിജെപിയെയും ഗുജറാത്തിൽ‌ തോൽപിക്കുമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ പറഞ്ഞു. രണ്ടാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായുള്ള പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വികസന  അജണ്ടയെല്ലാം മറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം കാര്യം വിളിച്ചു പറയുന്ന തിരക്കിലാണെന്ന് രാഹുൽ വിമർശിച്ചു. ‘നർമദയുടെ പേരു പറഞ്ഞായിരുന്നു ബിജെപി പ്രചാരണം ആരംഭിച്ചത്. നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പൊതുജനം തന്നെ പറഞ്ഞു തങ്ങൾക്ക് നദീജലം ലഭിക്കുന്നില്ലെന്ന്. അതോടെ ബിജെപി മലക്കം മറിഞ്ഞു. നർമദയുടെ പേരിലല്ല തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായി പ്രചാരണം.

ഒബിസി വിഭാഗക്കാരുടെ പ്രശ്നത്തെയാണ് പിന്നെ കൂട്ടുപിടിച്ചത്. പിന്നാലെ ഒബിസി വിഭാഗം പറഞ്ഞു, മോദി സർക്കാർ അവർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന്. ഏതാനും ദിവസം കഴിഞ്ഞതോടെ ആ നയവും ബിജെപി മാറ്റി. 22 വർഷത്തെ സംസ്ഥാന ഭരണത്തിന്റെ പേരിൽ വികസന യാത്രകൾ നടത്തുന്ന രീതിയിലായി പ്രചാരണം.

എന്നാൽ ഞാൻ ഇന്നലെ മോദിയുടെ പ്രസംഗം കേട്ടു. പ്രസംഗത്തിന്റെ 90 ശതമാനവും സ്വന്തം കാര്യങ്ങളാണ് മോദി വിളിച്ചു പറഞ്ഞത്. അതിനിടെ നോട്ടുനിരോധനത്തെപ്പറ്റിയോ ‘ഗബ്ബാർ സിങ് ടാക്സി’നെപ്പറ്റിയോ ഒന്നും മിണ്ടുന്നില്ല. പ്രചാരണത്തിൽ ആദ്യം വലത്തോട്ടു തിരിഞ്ഞു, പിന്നെ ഇടത്തോട്ടു തിരിഞ്ഞു, ഇപ്പോഴിതാ ‘ബ്രേക്കി’ട്ടിരിക്കുന്നു’– രാഹുൽ പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് മോദിയെപ്പറ്റിയോ രാഹുൽ ഗാന്ധിയെപ്പറ്റിയോ അല്ല. ജനങ്ങളുടെ ഭാവിയെക്കുറിച്ച് ഓർക്കാനുള്ളതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ രാജ്യത്തിന്റെ ഭാവി പരിപാടികളെപ്പറ്റി മോദിക്ക് ഒന്നും പറയാനില്ല. സംസ്ഥാനത്തെ അഴിമതിയെപ്പറ്റി ഒരക്ഷരം പോലും മിണ്ടാനുമില്ല. പട്ടേലുമാരും ദലിത് വിഭാഗക്കാരും അംഗൻവാടി ജീവനക്കാരും ഉൾപ്പെടെ നടത്തുന്ന സമരമൊന്നും മോദിയുടെ ശ്രദ്ധയിൽപ്പെടുന്നില്ലെന്നും  രാഹുൽ ആരോപിച്ചു.

related stories