Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യച്ചൂരിക്ക് തിരിച്ചടി; കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന് പിബി

PTI2_12_2016_000177B

ന്യൂഡൽഹി∙ ബിജെപി ഭരണം അവസാനിപ്പിക്കാൻ വേണ്ടിയായാലും കോൺഗ്രസുമായി ധാരണ പോലും വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. കോൺഗ്രസുമായി നേരിട്ടു സഖ്യമുണ്ടാകാതെ തിരഞ്ഞെടുപ്പ് അടവുനയം വേണമെന്ന പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് പിബി തള്ളി. കോണ്‍ഗ്രസുമായി പ്രത്യക്ഷത്തിൽ ധാരണ പോലും വേണ്ടന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനാണ് പിബിയിൽ കൂടുതൽ പിന്തുണ ലഭിച്ചത്. വ്യത്യസ്ത അഭിപ്രായമുയർന്നതോടെ ഇരുവരുടെയും നിലപാടുകൾ കേന്ദ്രകമ്മിറ്റിയിൽ ചർച്ചയാകും.

അടുത്ത പാർട്ടി കോൺഗ്രസ് പരിഗണിക്കാനുള്ള കരട് രാഷ്‌ട്രീയ പ്രമേയമായി യച്ചൂരി തയാറാക്കിയ രേഖയും പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻപിള്ളയും ചേർന്നു തയാറാക്കിയ ബദൽ രേഖയുമാണു പിബി പരിഗണിച്ചത്. ബൂർഷ്വാ – ഭൂവുടമ പാർട്ടികളോടു മുന്നണിയായും സഖ്യമായും സഹകരിക്കാതെ ഉചിതമായ തിരഞ്ഞെടുപ്പ് അടവുനയം വേണമെന്നാണ് യച്ചൂരിയുടെ നിലപാട്. കോൺഗ്രസുമായി പ്രത്യക്ഷത്തിൽ ധാരണ പോലും വേണ്ടെന്നു കാരാട്ട് പക്ഷം വാദിക്കുന്നു. എന്നാൽ, കോൺഗ്രസ് ഇല്ലാതെ ബിജെപിയെ താഴെയിറക്കാമെന്ന് ഇരുകൂട്ടർക്കും നിലപാടില്ല.