Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുശൗചാലയങ്ങൾക്കും ഇനി സ്വച്ഛ് ഭാരത് മിഷന്റെ ‘തിരിച്ചറിയൽ’ നമ്പർ

Swachh Bharath Toilet

ന്യൂഡൽഹി∙ നഗരങ്ങളിലെ പൊതുശൗചാലങ്ങൾക്കും ഇനി ആധാറിനു സമാനമായ തിരിച്ചറിയൽ നമ്പർ. പൊതു–കമ്യൂണിറ്റി ശൗചാലയങ്ങൾക്ക് ‘യുണിക് ഐഡന്റിഫിക്കേഷൻ ’ നമ്പറുകൾ നൽകി പ്രവേശന കവാടത്തിൽ തന്നെ രേഖപ്പെടുത്താനാണു തീരുമാനം. സ്വച്ഛ് ഭാരത് പദ്ധതിക്കു കീഴിൽ നടപ്പാക്കുന്ന പദ്ധതി വൈകാതെ നിലവിൽ വരും.

ശൗചാലയങ്ങൾ കൂടുതൽ വൃത്തിയായി സൂക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. തിരിച്ചറിയൽ നമ്പർ കൂടാതെ ഏതു പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലാണു ശുചിമുറി വരിക, ആർക്കാണു വൃത്തിയാക്കാനുള്ള ചുമതല, സൂപ്പർവൈസറുടെ പേരും ഫോൺനമ്പരും പരാതി പറയാനുള്ള സംവിധാനം എന്നിവയും ഒരുക്കും.

സ്വച്ഛ് ഭാരത് പദ്ധതിക്കു കീഴിൽ ഇതുവരെ രാജ്യത്തൊട്ടാകെ 2.34 ലക്ഷത്തിലേറെ പൊതു–കമ്യൂണിറ്റി ശൗചാലയങ്ങളുണ്ട്. പൊതുസ്ഥലത്തെ മലമൂത്ര വിസർജനം തടയുന്നതിന് പൊതു ശൗചാലയങ്ങൾ വൃത്തിയാക്കിയിടേണ്ടത് അത്യാവശ്യമാണെന്ന സാഹചര്യത്തിലാണു കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.

ഭവന–നഗരവികസനകാര്യ മന്ത്രാലയമാണ് 4302 നഗരങ്ങളിലെ സ്വച്ഛ് ഭാരത് മിഷൻ തലവന്മാർക്കും മുനിസിപ്പിൽ കമ്മിഷണർമാർക്കും ഇതു സംബന്ധിച്ച നിർദേശങ്ങളുമായി കത്തയച്ചത്. നഗരത്തിലെ എല്ലാ പൊതു–കമ്യൂണിറ്റി ശൗചാലയങ്ങൾക്കും തിരിച്ചറിയൽ നമ്പർ ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.