Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതൊരു അത്താഴവിരുന്ന്, മോദിക്കു ‘രഹസ്യ’ യോഗവും: ആഞ്ഞടിച്ച് കോൺഗ്രസ്

Anand-Sharma ആനന്ദ് ശർമ (ഫയൽ ചിത്രം)

ന്യൂഡല്‍ഹി∙ എല്ലാവരെയും അറിയിച്ചു നടത്തിയ ഒരു യോഗം എങ്ങനെയാണ് പ്രധാനമന്ത്രിക്കു മാത്രം ‘രഹസ്യ’മായി മാറിയതെന്ന് കോൺഗ്രസ്. മുൻ സൈനിക മേധാവിയും നയതന്ത്രജ്ഞരും മറ്റു രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ പങ്കെടുത്ത യോഗത്തെ ‘രഹസ്യ’ കൂടിക്കാഴ്ചയെന്നു വിളിക്കുന്നതിലൂടെ മോദിയുടെ ലക്ഷ്യം വ്യക്തമാണ്. ഗുജറാത്തിൽ എല്ലാ വഴികളും അടഞ്ഞപ്പോഴാണ് ഇത്തരത്തിലുള്ള തികച്ചും നിരുത്തരവാദപരമായ സമീപനത്തിലൂടെ മോദി രംഗത്തു വന്നിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ വിഷയം കൊണ്ടുവന്ന് വോട്ടർമാർക്കിടയിൽ ധ്രുവീകരണമാണ് മോദി ലക്ഷ്യമിടുന്നതെന്നും ആനന്ദ് ശർമ പറഞ്ഞു. പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ, പാക് മുൻ വിദേശകാര്യമന്ത്രി എന്നിവർക്കൊപ്പം മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിനെയാണ് മൂന്നുമണിക്കൂർ ‘രഹസ്യ’യോഗമെന്നു മോദി വിശേഷിപ്പിച്ചത്.

പാക്കിസ്ഥാനിലുണ്ടായിരുന്ന ഇന്ത്യയുടെ മുൻ ഹൈക്കമ്മിഷണർമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ പാക് മുൻ വിദേശകാര്യമന്ത്രിക്ക് ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കുകയാണ് മൻമോഹനും അൻസാരിയും ഉൾപ്പെടെ ചെയ്തതെന്ന് ആനന്ദ് ശർമ പറഞ്ഞു.

മുൻ സൈനിക മേധാവിയും ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹവും ഇന്ത്യയ്ക്കെതിരെ പ്രവർത്തിച്ചുവെന്നാണോ മോദി പറയുന്നത്? എല്ലാവരെയും അറിയിച്ചു നടത്തിയ യോഗത്തിനെ വിവാദമാക്കി മാറ്റി രാഷ്ട്രീയ നേട്ടം കൊയ്യാനാണു മോദിയുടെ ശ്രമം. ഗുജറാത്തിൽ അടിത്തറ നഷ്ടപ്പെടുന്നതിൽ ഭയംപൂണ്ടാണ് മോദിയുടെ ഇത്തരം നീക്കങ്ങൾ. മൻമോഹനെയും ഹാമിദിനെയും ഉൾപ്പെടെ അപമാനിക്കുന്ന തരത്തിലുള്ള വാക്പ്രയോഗങ്ങൾ നടത്തിയതിന് പ്രധാനമന്ത്രി മാപ്പു പറയണമെന്നും ആനന്ദ് ശർമ ആവശ്യപ്പെട്ടു.

മോദിയുടെ പാക് പരാമർശത്തിനെതിരെ രാഹുൽ ഗാന്ധിയും തിരിച്ചടിച്ചിരുന്നു. ‘മോദിജീ, തിരഞ്ഞെടുപ്പു നടക്കുന്നത് ഗുജറാത്തിലാണെന്നത് താങ്കൾ മറന്നോ? പാക്കിസ്ഥാനിലെയും ജപ്പാനിലെയും അഫ്ഗാനിലെയുമെല്ലാം കാര്യങ്ങളാണ് നിങ്ങളിപ്പോൾ പറയുന്നത്. ഗുജറാത്തിലെ കാര്യങ്ങൾ പറയാൻ കൂടി അൽപസമയം കണ്ടെത്തൂ...’ എന്നായിരുന്നു രാഹുലിന്റെ വിമർശനം.

ഇപ്പോൾ സസ്പെൻഷനിലിരിക്കുന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വീട്ടിലും ഗുജറാത്തിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള യോഗം നടന്നിരുന്നതായി മോദി ആരോപിച്ചിരുന്നു. എന്നാൽ രാജ്യത്തെ സുപ്രധാന വ്യോമതാവളമായ പഠാൻകോട്ടിലേക്ക് പാക്ക് ഇന്റലിജൻസ് ഓഫിസർമാർക്കടക്കം പ്രവേശനം നൽകിയ ബിജെപിയാണ് ശരിക്കും പാക്കിസ്ഥാൻ സ്നേഹികളെന്ന് കോൺഗ്രസ് മറുപടി നൽകി.

പാക്ക് പ്രധാന മന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ കുടുംബത്തില്‍ നടന്ന ചടങ്ങിൽ‌ പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുത്തതും ബിജെപിയുടെ പാക്ക് ബന്ധത്തിന് തെളിവാണെന്നാണ് കോൺഗ്രസ് ആക്ഷേപം.

related stories