Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിയിലായ ഭീകരർ പറഞ്ഞു: ഗുജറാത്തിൽ ‘ആ നേതാക്കളുടെ’ റോഡ് ഷോ ആക്രമിക്കും

Gujarat-Security (ഫയൽചിത്രം)

ന്യൂഡൽഹി∙ ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട്. രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള ‘ഒറ്റയാൻ’ ഭീകരാക്രമണമായിരിക്കും നടക്കുകയെന്നാണ് ഇന്റലിജന്റ്സ് വിഭാഗം സൂചന നൽകിയത്. വിവിധ റിപ്പോർ‌ട്ടുകളിൽ നിന്നും അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഈ വിവരം ലഭിച്ചത്.

ജനങ്ങൾക്കിടയിൽ ‘വൻ സ്വാധീനമുള്ള’ രാഷ്ട്രീയ നേതാക്കളുടെ റോഡ് ഷോയ്ക്കു നേരെയായിരിക്കും ആക്രമണമെന്നും റിപ്പോർ‌ട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും റോഡ് ഷോകൾക്ക് അഹമ്മദാബാദ് പൊലീസ് വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്റലിജന്റ്സ് റിപ്പോർട്ട്. എന്നാൽ ഭീകരവാദ ഭീഷണി കാരണമാണ് റോഡ് ഷോ മാറ്റിയതെന്നു പൊലീസ് പറയുന്നില്ല. മറിച്ച് ട്രാഫിക്–റോഡ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു ചൊവ്വാഴ്ച നടക്കാനിരുന്ന റോഡ് ഷോകൾക്ക് അനുമതി നിഷേധിച്ചത്. 

ഒരു ‘ലോൺ വൂൾഫ്’ ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്റ്സ് സംസ്ഥാന പൊലീസിനെ അറിയിച്ചത്. ഭീകരസംഘടനകളുമായി നേരിട്ടു ബന്ധമില്ലാതെ ഒറ്റയ്ക്ക് ഭീകരാക്രമണം നടത്തുന്നവരെ വിളിക്കുന്ന പേരാണ് ‘ലോൺ വൂൾഫ്’. ഗുജറാത്തിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പു പ്രചാരണം ചൂടിപിടിച്ചിരിക്കേ രാഷ്ട്രീയനേതാക്കൾക്ക് അതീവസുരക്ഷ ഉറപ്പാക്കണമെന്നും ഇന്റലിജന്റ്സ് നിർദേശം നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ നവംബർ ആറിന് മധ്യപ്രദേശിൽ നിന്നു പിടിയിലായ ഉറോസ് ഖാൻ എന്ന ഭീകരനാണ് ഇതുസംബന്ധിച്ച ആദ്യ സൂചന നൽകിയത്. ഒരു ജൂത സിനഗോഗിനു നേരെയും ഗുജറാത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിലും ഭീകരാക്രമണം നടത്താനായി രണ്ട് ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരർ ആയുധങ്ങൾ ആവശ്യപ്പെട്ടെന്നായിരുന്നു മൊഴി. ഇവർക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും നൽകാനിരിക്കെയാണ് ഉറോസ് പിടിയിലായത്.

നിലവിൽ എൻഐഎയുടെ കസ്റ്റഡിയിലുള്ള ഐഎസ് അനുഭാവിയായ ഉബൈദ് മിസ്‌റയെ ചോദ്യം ചെയ്തതിൽ നിന്നും ചില സൂചനകൾ ലഭിച്ചു. ഗുജറാത്തിലെ റോഡ് ഷോകൾക്കു നേരെ ഐഎസിന്റെ സ്ഥിരം മാതൃകയിൽ ‘ഒറ്റയാൻ ഭീകരാക്രമണം’ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു ഉബൈദിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഗുജറാത്ത് പൊലീസ് ഇതുസംബന്ധിച്ചു വിശദീകരണമൊന്നും നൽകിയിട്ടില്ല.

ട്രാഫിക് പ്രശ്നം കാരണമാണ് മോദിയുടെയും രാഹുലിന്റെയും റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതെന്നാണ് അഹമ്മദാബാദ് പൊലീസ് കമ്മിഷണർ‌ എ.കെ.സിങ്ങിന്റെ വിശദീകരണം. സാമുദായിക സംഘർഷത്തിനു സാധ്യതയുള്ള ചില ഭാഗങ്ങളിലൂടെയും ചന്തകളിലൂടെയും റോഡ് ഷോ കടന്നു പോകുന്നുണ്ട്. ഇവിടങ്ങളിൽ ഇടുങ്ങിയ റോഡുകളാണെന്നത് സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.