Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോസഫ് വിഭാഗം കടുപ്പിച്ചു; നേതൃമാറ്റം ഉടൻ ഉണ്ടാകില്ലെന്ന് കെ.എം. മാണി

km-mani

കോട്ടയം∙ സംസ്ഥാന സമ്മേളനത്തോടെ പാർട്ടിയിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നു കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം. മാണി. അതേസമയം, മുന്നണി പ്രവേശനം സംബന്ധിച്ച സൂചനകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ചരല്‍ക്കുന്ന് ക്യാംപിനു ശേഷം നടക്കുന്ന സംസ്ഥാന സമ്മേളനമെന്ന നിലയിൽ കേരള കോൺഗ്രസിന്റെ രാഷ്ട്രീയ ചായ്‌വാണ് ഏവരും ഉറ്റുനോക്കുന്നത്.

കേരളാ കോൺഗ്രസിന്റെ ഭാവി രാഷ്ട്രീയത്തിൽ ഏറെ നിർണായകമാണ് ഈ ആഴ്ച കോട്ടയത്തു നടക്കുന്ന സംസ്ഥാന സമ്മേളനം. നേതൃമാറ്റവും മുന്നണി പ്രവേശനവും സമ്മേളനത്തിൽ മുഖ്യ അജൻഡയായിരുന്നെങ്കിലും ഈ രണ്ടു വിഷയങ്ങളും കൂടുതൽ ചർച്ചകൾക്കായി മാറ്റി. ജോസഫ് വിഭാഗം നിലപാടു കടുപ്പിച്ചതാണ് കെ.എം. മാണിയെ ഈ നീക്കത്തിൽനിന്നു പിന്തിരിപ്പിച്ചത്. ഒപ്പം എൽഡിഎഫ് പ്രവേശനത്തെ സി.എഫ്. തോമസ് ഉൾപ്പെടെയുള്ള നേതാക്കൾ എതിർത്തതും കെ.എം. മാണിയെ പ്രതിരോധത്തിലാക്കി. പാർട്ടിയുടെ തലപ്പത്തേക്കു ജോസ് കെ. മാണിയെ കൊണ്ടുവരുന്നതിനെ അംഗീകരിക്കില്ലെന്നു മോൻസ് ജോസഫ് കഴിഞ്ഞ ദിവസം മനോരമ ന്യൂസിനോടു വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ മുന്നണി പ്രവേശനത്തിനു മുമ്പ് പാർട്ടിയിൽ പിളർപ്പുണ്ടാകുന്നതു ഗുണകരമല്ലെന്ന വിലയിരുത്തലിലാണു കൂടുതൽ ചർച്ചയ്ക്ക് ഈ വിഷയങ്ങൾ മാറ്റിവച്ചത്.

എന്നാൽ ഭാവി രാഷട്രീയ നിലപാടുകൾ സംബന്ധിച്ച് അണികളെ ബോധ്യപ്പെടുത്തേണ്ടതുള്ളതിനാൽ ഇതു സംബസിച്ച സൂചനകൾ കെ.എം. മാണി സമ്മേളനത്തിൽ നൽകും. എന്തു തന്നെയായാലും സമ്മേളനശേഷവും പാർട്ടിയുടെ പ്രാധാന്യം ഇരു മുന്നണികളിലും സജീവ ചർച്ചയാക്കി നിർത്തുക തന്നെയാകും നേതൃത്വം ഉന്നം വയ്ക്കുക. ഒപ്പം നേതൃമാറ്റം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി പാർട്ടിയെ അടുപ്പിക്കുക എന്നതും.