Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദോക്‌ ലായിൽ ചൈനയുടെ സൈനിക വിന്യാസം; കഴിഞ്ഞ തവണ സംയമനം പാലിച്ചതാണെന്ന് മന്ത്രി

Wang-Yi-Sushma-Swaraj ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും.

ബെയ്ജിങ്∙ ഇന്ത്യ–ചൈന അതിർത്തിയിലെ ദോക് ലായിൽ വീണ്ടും പ്രകോപനപരമായ നീക്കങ്ങളുമായി ചൈനീസ് സൈന്യം. മേഖലയിൽ മഞ്ഞുവീഴ്ച ശക്തമായെങ്കിലും 1600 മുതൽ 1800 വരെ സൈനികരെയാണു ചൈന നിയോഗിച്ചിരിക്കുന്നത്. ഇവർ ഇവിടെ താവളമടിക്കുന്നതായാണു സൂചന. മുൻവർഷങ്ങളിൽ പതിവില്ലാത്തതാണിത്. 

അതേസമയം കഴിഞ്ഞ തവണ ഇന്ത്യൻ സൈന്യം ദോക് ലായിലേക്കു ‘കടന്നു കയറിയത്’ ചൈന ‘സംയമന’ത്തോടെയാണു നേരിട്ടതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഓർമിപ്പിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തിന് എത്രമാത്രം ചൈന വില നൽകുന്നുവെന്ന നയതന്ത്രപരമായ സൂചന കൂടിയായിരുന്നു അതെന്നും ഇപ്പോൾ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന വാങ് യി പറഞ്ഞു.

ഇന്ത്യയുമായി നല്ല അയൽപക്ക ബന്ധവും സൗഹൃദവും ആഗ്രഹിക്കുന്ന രാജ്യമാണ് ചൈനയെന്നും വിദേശകാര്യമന്ത്രിയുടെ വാക്കുകൾ. അതേസമയം തന്നെ ചൈനയ്ക്ക് അവകാശപ്പെട്ട കാര്യങ്ങളും രാജ്യതാത്പര്യങ്ങളുമെല്ലാം ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ചയ്ക്കുമില്ല. അത് ഭൂപ്രദേശങ്ങളിലെ അവകാശം സംബന്ധിച്ചാണെങ്കിലും അങ്ങനെത്തന്നെ.

ദേശീയ താത്പര്യം മാനിച്ചാണ് ദോക് ലായിലേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റം സംയമനത്തോടെ നേരിട്ടത്. നയതന്ത്രതലത്തിലെ തീരുമാനത്തെത്തുടർന്നാണ് ഓഗസ്റ്റ് 28ന് സൈന്യത്തെ ദോക് ലായിൽ നിന്നു പിൻവലിച്ചതെന്നും മന്ത്രി പറഞ്ഞു. ദോക് ലാ സംഭവത്തിനു ശേഷം ഇതാദ്യമായാണ് ചൈനയുടെ ഉന്നതതല പ്രതിനിധി ഇന്ത്യ സന്ദർശിക്കുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം ചർച്ച നടത്തി.

അതിനിടെയാണ് ദോക് ലായിൽ ചൈനയുടെ സൈനിക നീക്കമുണ്ടായിരിക്കുന്നത്. സാധാരണഗതിയിൽ ദോക് ലായിൽ ഇന്ത്യയും ചൈനയും വർഷത്തിൽ രണ്ടുതവണ മാത്രമേ സൈനികരെ നിയോഗിക്കാറുള്ളൂ. പരിശീലനത്തിന്റെ ഭാഗമായി ഏപ്രിൽ–മേയ്, ഒക്ടോബർ– നവംബർ മാസങ്ങളിലാണിത്.  അത്തരം ഘട്ടങ്ങളിൽ മേഖലയിൽ സാന്നിധ്യം അറിയിച്ച ശേഷം തിരിച്ചു പോകുകയാണു പതിവ്.

എന്നാൽ ഇത്തവണ അതിശൈത്യമായിട്ടും സൈനികർക്കു കഴിയാൻ താത്കാലിക ഷെഡ്ഡുകൾ നിർമിച്ചു കഴിഞ്ഞു. രണ്ടു ഹെലിപാഡുകളും ഒരുക്കി. റോഡുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്കും ഇവിടെ കൂടുതൽ സൈന്യത്തെ നിയോഗിക്കേണ്ടി വരും. ദോക് ലായിൽ ചൈനയെ പൂർണമായും വിശ്വസിക്കരുതെന്ന് നേരത്തേ സേനാമേധാവി ബിപിൻ റാവത്തും സൈന്യത്തിനു മുന്നറിയിപ്പു നൽകിയിരുന്നു.