Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെയും രാഹുലിന്റെയും റോഡ് ഷോയ്ക്ക് ഗുജറാത്ത് പൊലീസിന്റെ അനുമതിയില്ല

narendra-modi-rahul-gandhi നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

അഹമ്മദാബാദ്∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിൽ രണ്ടാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും നടത്താനിരുന്ന റോഡ് ഷോയ്ക്ക് പൊലീസിന്റെ വിലക്ക്. ക്രമസമാധാന പ്രശ്നങ്ങളും പൊതുജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ചൊവ്വാഴ്ചത്തെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചത്. ഏതാണ്ട് ഒരേ സമയത്താണ് ഇരു വിഭാഗവും റോഡ് ഷോയ്ക്ക് പദ്ധതിയിട്ടിരുന്നത്. ഇത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

ഇരുവരുടെയും റോഡ് ഷോ കടന്നുപോകേണ്ടിയിരുന്നത് ജനസാന്ദ്രതയേറിയ പ്രദേശത്തുകൂടിയാണ്. ഇതു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. രണ്ടു വഴികളിൽക്കൂടിയാണു റോഡ് ഷോ വരുന്നത്. എന്നാൽ ഇരു സംഘങ്ങളും ഒരു പോയിന്റിൽ കൂട്ടിമുട്ടും. അതു ചിലപ്പോൾ ക്രമസമാധാന പ്രശ്നങ്ങളിലേക്കു വഴിതുറക്കും. മാത്രമല്ല, പ്രധാനമന്ത്രിയും രാഹുലും എസ്പിജി സുരക്ഷയുള്ളവരാണ്. ഇതെല്ലാം പരിഗണിച്ചാണ് റോഡ് ഷോയ്ക്ക് അനുമതി നൽകേണ്ടെന്ന നിലപാടിലേക്ക് ഗുജറാത്ത് പൊലീസ് എത്തിയത്.

പശ്ചിമ അഹമ്മദാബാദിലെ ധർണിധർ ദേരാസറിൽനിന്നു തുടങ്ങുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ സബർമതി നദീതീരത്താണ് അവസാനിക്കേണ്ടിയിരുന്നത്. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയാകട്ടെ കിഴക്കൻ അഹമ്മദാബാദിലെ ജമാൽപുരിൽനിന്നും ആരംഭിച്ച് നഗരത്തിനു പുറത്തുള്ള മെംകോയിലേക്കെത്തുന്ന രീതിയിലാണ് പദ്ധതിയിട്ടിരുന്നത്. റോഡ് ഷോയ്ക്ക് അനുമതി ഇല്ലെങ്കിലും ഇവ അവസാനിക്കുന്ന സ്ഥലങ്ങളിൽ നേരത്തേ നിശ്ചയിച്ചിരുന്ന പൊതുസമ്മേളനത്തെ ഇരുവരും അഭിസംബോധന ചെയ്യും.

അതേസമയം, ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന ഹാർദിക് പട്ടേലിന്റെ റോഡ് ഷോ പൊലീസ് വിലക്കിയിട്ടില്ല. അഹമ്മദാബാദ് നഗരം മുഴുവൻ ചുറ്റുന്ന റാലിയുമായാണു ഹാർദിക്കിന്റെ വരവ്. അഹമ്മദാബാദ് നഗരത്തിന്റെ പടിഞ്ഞാറുള്ള ബോപ്പാലിൽനിന്നുള്ള യാത്ര കിഴക്ക് നികോളിലാണ് അവസാനിക്കുക. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ എന്നിവരുടെ ശക്തികേന്ദ്രത്തിൽക്കൂടിയും ഹാർദിക്കിന്റെ റാലി കടന്നുപോകുന്നുണ്ട്.

related stories