Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുണ പറയരുത്, അൽപമെങ്കിലും പക്വത കാണിക്കൂ: മോദിയെ വിമർശിച്ച് മൻമോഹൻ

Manmohan Singh

ന്യൂഡൽഹി∙ പാക്കിസ്ഥാനുമായി ചേർന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പച്ചക്കള്ളവും വ്യാജനിർമിതിയുമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. മോദിക്കെതിരെ കനത്ത ഭാഷയിലാണ് മൻമോഹൻ പ്രസ്താവന പുറത്തിറക്കിയത്. ഇപ്പോൾ സസ്പെൻഷനിലിക്കുന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വീട്ടിൽ നടന്ന യോഗത്തില്‍ പങ്കെടുത്തവരുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പെടെ പേരുവിവരങ്ങളും ചേർത്താണു പ്രസ്താവന.

താൻ പുറത്തു വിട്ട പട്ടികയിലെ ഒരാളു പോലും ദേശവിരുദ്ധ പ്രവൃത്തികൾ നടത്തിയതിനു യാതൊരു തെളിവുമില്ല. ഇത്രയും ഉന്നതസ്ഥാനത്തിരിക്കുന്ന സാഹചര്യത്തിൽ അൽപമെങ്കിലും പക്വത കാണിക്കാൻ പ്രധാനമന്ത്രി തയാറാകണം. അല്ലാതെ മിഥ്യാധാരണകൾ പറഞ്ഞുപരത്താൻ സമയം കണ്ടെത്തുകയല്ല വേണ്ടത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ മഹത്വം കാത്തുസൂക്ഷിക്കാൻ വേണ്ടിയെങ്കിലും ഈ തെറ്റ് തിരിച്ചറിഞ്ഞ് മോദി രാജ്യത്തോടു മാപ്പു പറയുമെന്നാണു താൻ പ്രതീക്ഷിക്കുന്നതെന്നും മൻമോഹൻസിങ് പറഞ്ഞു.

‘രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി ഇത്തരം നുണകളും വ്യാജവാർത്തകളും പടച്ചുവിടുന്നത് ഏറെ വേദനയുണ്ടാക്കുന്നതാണ്. എല്ലാം നഷ്ടപ്പെട്ട നിലയിൽ ഒരാൾ, അതും ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഇങ്ങനെ പറയുന്നതിൽ സങ്കടമുണ്ട്. ഗുജറാത്തിൽ മോദി പരാജയം ഉറപ്പിച്ചിരിക്കുകയാണ്. അതിന്റെ നിരാശയിലാണ് എല്ലാവർക്കു നേരെയും അദ്ദേഹം കാമ്പില്ലാത്ത വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന കാര്യം പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്.

മുൻ പ്രധാനമന്ത്രിയുടെയും സേനാ തലവന്റെയും ഉൾപ്പെടെ ഓഫിസിനു നേരെ കരിവാരിത്തേക്കുന്ന അപകടകരമായ നടപടിയാണ് മോദി പിന്തുടരുന്നത്. ഭരണഘടനാപരമായി നിലനിൽക്കുന്ന സ്ഥാപനങ്ങളെ കളങ്കപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ തുടർച്ചയാണു പുതിയ ആരോപണങ്ങൾ. ദേശീയതയെക്കുറിച്ച് കോൺഗ്രസിനെ ആരും ഗിരിപ്രഭാഷണങ്ങൾ നടത്തി പഠിപ്പിക്കേണ്ട. പ്രത്യേകിച്ച് ഭീകരാവദത്തോട് എല്ലാത്തരം വിട്ടുവീഴ്ചകളും ചെയ്തു പോരാടുന്ന ചരിത്രമുള്ള ബിജെപിയിൽ നിന്നും അതിന്റെ പ്രധാനമന്ത്രിയിൽ നിന്നും.

ഉദംപുറിലും ഗുർദാസ്പുറിലും ഭീകരാക്രമണം നടത്തിയതിനു പിന്നാലെ ആരും ക്ഷണിക്കാതെ പാക്കിസ്ഥാനിലേക്കു പോയ കാര്യം മോദി മറന്നോ? പാക്കിസ്ഥാന്റെ ‘കാർമികത്വ’ത്തിൽ നടത്തിയതെന്ന് ഉറപ്പുള്ള ഒരു ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാക്ക് ചാരസംഘടനയുടെ പ്രതിനിധിയെ പഠാൻകോട്ട് വ്യോമസേന താവളത്തിലേക്ക് ക്ഷണിച്ചതിന്റെ കാരണവും മോദി രാജ്യത്തോടു വ്യക്തമാക്കണം’– മൻമോഹൻ ആവശ്യപ്പെട്ടു.

‘കഴിഞ്ഞ 50 വർഷത്തിലേറെയായി ഞാനെന്താണ് രാജ്യത്തിനു വേണ്ടി ചെയ്തതെന്ന കാര്യം ഇന്ത്യക്കാർക്കെല്ലാം അറിയാം. നഷ്ടപ്പെട്ട രാഷ്ട്രീയ പ്രതാപം വീണ്ടെടുക്കാൻ ആരും, മോദി ഉൾപ്പെടെ, അതിനെ ചോദ്യം ചെയ്യാൻ വരേണ്ടതില്ല. മണിശങ്കർ അയ്യരുടെ വീട്ടിൽ നടന്ന അത്താഴവിരുന്നിൽ ഗുജറാത്ത് തിരഞ്ഞെടുപ്പിനെപ്പറ്റി ഒരാളോടു പോലും ഞാൻ സംസാരിച്ചിട്ടില്ല. അവിടെയുള്ളവരും അങ്ങനെത്തന്നെയായിരുന്നു. ഇന്ത്യ– പാക്ക് നയതന്ത്ര ബന്ധത്തെപ്പറ്റിയായിരുന്നു സംസാരമെല്ലാം. മോദിയുടെ നുണകളെയെല്ലാം തള്ളിക്കളയുകയാണ്– മൻമോഹൻ കൂട്ടിച്ചേർത്തു.

ഡിസംബറിലെ ആദ്യ ബുധനാഴ്ചയായിരുന്നു വിരുന്ന്. പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ, മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിങ്, മുൻ സേനാതലവൻ ദീപക് കപൂർ, മുൻ നയതന്ത്രജ്ഞരായ സൽമാൻ ഹൈദർ, സതീന്ദർ ലാംബ, ടിസിഎ രാഘവൻ, ശരദ് സഭർവാൾ, ചിന്മയ ഘരേഖൻ, മുതിർന്ന മാധ്യമ പ്രവർത്തകരായ പ്രേം ശങ്കർ ഷാ, രാഹുൽ ഖുശ്‌വന്ത് സിങ് തുടങ്ങിയവരായിരുന്നു വിരുന്നിൽ പങ്കെടുത്തത്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പുറത്തിറക്കിയ പ്രസ്താവന

related stories