Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്ന് കലക്ടർ; അൻവർ ഹൈക്കോടതിയിലേക്ക്

PV Anwar - Cheenkannippali Check Dam ചീങ്കണ്ണിപ്പാലിയിലെ പി.വി.അൻവറിന്റെ തടയണ

മലപ്പുറം∙ ചീങ്കണ്ണിപ്പാലിയിൽ അനധികൃതമായി നിർമിച്ച തടയണ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെ പി.വി.അൻവർ എംഎൽഎ ഹൈക്കോടതിയിലേക്ക്. പെരിന്തൽമണ്ണ ആർഡിഒ തങ്ങളുടെ വാദം കേട്ടില്ലെന്നാണ് അവരുടെ പരാതി. ഹിയറിങ്ങിനു വിളിക്കാതെ കലക്ടർക്കു റിപ്പോർട്ട് നൽകിയെന്നും പരാതിയിൽ വ്യക്തമാക്കും. റിപ്പോർട്ടിന്റെ പകർപ്പു കിട്ടിയാലുടൻ കോടതിയെ സമീപിക്കുന്നതിനാണു തീരുമാനം. ഭാര്യാപിതാവായിരിക്കും കോടതിയിൽ ഹർജി നൽകുക.

തടയണ നിയമവിരുദ്ധമാണെന്ന ആർഡിഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാൻ കലക്ടർ ഉത്തരവിട്ടത്. തടയണ രണ്ടാഴ്ചയ്ക്കകം ഉടമ പൊളിക്കണം. ഇല്ലെങ്കിൽ സർക്കാർ പൊളിക്കും. ചുമതല ചെറുകിട ജലസേചന വകുപ്പിനാണ്. ചെലവ് ഉടമയിൽനിന്ന് ഈടാക്കണമെന്നും ദുരന്തനിവാരണ സമിതി പറഞ്ഞു. ഉത്തരവ് വൈറ്റിലപ്പാറ പഞ്ചായത്ത് ഓഫിസിലേക്ക് അയച്ചു. ദുരന്തനിവാരണ അതോറിറ്റി കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണു തീരുമാനം.

വൻതോതിൽ കുന്നിടിച്ച് സ്വാഭാവിക നീരുറവ കെട്ടിനിർത്തിയാണ് തടയണ നിർമിച്ചതെന്ന് 2015ൽ അന്നത്തെ മലപ്പുറം കലക്ടർ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. അനുമതിക്ക് വിരുദ്ധമായി നിർമാണം നടത്തിയത് തടയുന്നതിൽ പഞ്ചായത്ത് സെക്രട്ടറി ഗുരുതരമായ വീഴ്ച വരുത്തിയെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും കാണിച്ച് കലക്ടർ പഞ്ചായത്ത് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. 2015 സെപ്റ്റംബറിൽ നൽകിയ റിപ്പോർട്ടിൽ നടപടിയെടുത്തില്ല. വിഷയത്തിൽ നാലുമാസം മുൻപ് തദ്ദേശഭരണ മന്ത്രിക്ക് നൽകിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.