Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസിന്റെ വിമർശനം; രാജീവ് ധവാൻ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു

Adv Rajiv Dhavan, Justice Dipak Misra അഡ്വ. രാജീവ് ധവാൻ, ജസ്റ്റിസ് ദീപക് മിശ്ര

ന്യൂഡൽഹി ∙ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അപൂർവമായ സംഭവവികാസത്തിൽ, ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിമർശനത്തിന് വിധേയനായ രാജീവ് ധവാനാണ്, അദ്ദേഹത്തിന് പ്രത്യേകമായ അയച്ച കത്തിൽ അഭിഭാഷകവൃത്തി ഉപേക്ഷിക്കുന്നതായി അറിയിച്ചത്.

ഡൽഹി സർക്കാരും ലഫ്.ഗവർണറും തമ്മിലുള്ള അധികാരത്തർക്കം സുപ്രീം കോടതിയിലെത്തിയപ്പോൾ, സർക്കാരിനായി ഹാജരായിരുന്ന അഭിഭാഷകനാണ് രാജീവ് ധവാൻ. കേസുമായി ബന്ധപ്പെട്ടുണ്ടായ ‘വേദനിപ്പിക്കുന്ന അനുഭവ’ങ്ങളുടെ പേരിൽ അഭിഭാഷകവൃത്തി അവസാനിപ്പിക്കുകയാണെന്ന് ധവാൻ കത്തിൽ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചിരുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച അവസരത്തിൽ ഇരുവരും തമ്മിൽ ചൂടേറിയ വാഗ്വാദം നടന്നിരുന്നു. മറ്റ് അഭിഭാഷകർ നേരത്തെ ഉന്നയിച്ച വാദങ്ങൾ ആവർത്തിക്കരുതെന്നും അവ എഴുതി നൽകിയാൽ മതിയെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടപ്പോൾ, വാചികമായ വാദം എന്ന ആവശ്യത്തിൽ ധവാൻ ഉറച്ചുനിന്നതാണ് വാക്കുതർക്കത്തിലേക്ക് നയിച്ചത്. ഇതിനിടെ അനുചിതമായ ചില പരാമർശങ്ങൾക്ക് കോടതിമുറി സാക്ഷ്യം വഹിക്കുകയും ചെയ്തു.

ഇതിനു തൊട്ടുമുൻപുള്ള ദിവസം രാമ ജൻമഭൂമി– ബാബ്റി മസ്ജിദ് ഭൂമി തർക്കവുമായ ബന്ധപ്പെട്ട കേസിൽ വാദം നടക്കുമ്പോഴും ഇരുവരും തമ്മിൽ ചെറുതായി ഉരസിയിരുന്നു. ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി 2018 ഒക്ടോബർ മൂന്നിന് അവസാനിക്കുന്നതിനാൽ, ഈ കേസിൽ അന്തിമവാദം കേൾക്കുന്നത് അദ്ദേഹം തുടങ്ങിവയ്ക്കരുതെന്ന രാജീവ് ധവാന്റെ ആവശ്യമാണ് ഭിന്നതയ്ക്ക് കാരണമായത്. ഈ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ അംഗമായ ജസ്റ്റിസ് അശോക് ഭൂഷൺ, ധവാന്റെ ആവശ്യത്തെ ‘നിർഭാഗ്യകരം’ എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

ഡൽഹി സർക്കാരും ലഫ്.ഗവർണരും തമ്മിലുള്ള കേസ് പരിഗണിച്ചപ്പോഴും തർക്കം തുടർന്നതോടെ ‍ഡൽഹി സർക്കാരിനു വേണ്ടി ഹാജരാകുന്ന മറ്റൊരു മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യം, ഇതുമായി ബന്ധപ്പെട്ട് കോടതിക്കുമുന്നിൽ ഖേദപ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെ മുതിർന്ന അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ‘ഇത്തരക്കാരെ’ മുതിർന്ന അഭിഭാഷകരായി പരിഗണിക്കാനാകില്ലെന്നും ഇവർ വക്കീൽ കുപ്പായം അർഹിക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിനെഴുതിയ കത്തിൽ താൻ അഭിഭാഷകവൃത്തി ഉപേക്ഷിക്കുന്നതായി രാജീവ് ധവാൻ അറിയിച്ചത്. അഭിഭാഷകവൃത്തിയിൽ തുടരാൻ താൽപര്യമില്ലാത്തതിനാൽ വക്കീൽ കുപ്പായം തിരിച്ചുവാങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയിലെ അഭിഭാഷകർ ജോലി ഉപേക്ഷിച്ചാൽ കാരണം ബോധിപ്പിക്കണമെന്ന് നിർബന്ധമില്ലെങ്കിലും, അഭിപ്രായ വ്യത്യാസങ്ങൾ തുറന്നുപറഞ്ഞാണ് രാജീവ് ധവാന്റെ പടിയിറക്കമെന്നതും ശ്രദ്ധേയം.

related stories