Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയയിലെ സാഹചര്യം ഗുരുതരം, അടിയന്തര ഇടപെടൽ വേണം: യുഎൻ

north-korea-weapons

പ്യോങ്യാങ്∙ യുദ്ധം ഒഴിവാക്കാൻ കൊറിയൻ മേഖലയിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഉത്തര കൊറിയ സന്ദർശിച്ച യുഎൻ പ്രതിനിധി. ആറു വർഷങ്ങൾക്ക് ശേഷം ഉത്തര കൊറിയ സന്ദർശിച്ച യുഎൻ അണ്ടർ ജനറൽ സെക്രട്ടറി ജെഫ്രി ഫെല്‍റ്റ്മാനാണ് കൊറിയയിലെ സാഹചര്യങ്ങൾ ഗുരുതരമാണെന്ന് വിലയിരുത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി ഉത്തര കൊറിയൻ വിദേശ കാര്യ മന്ത്രി റി യോങ് ഹോയുമായി യുഎൻ പ്രതിനിധി കൂടിക്കാഴ്ച നടത്തി.

ഉത്തര കൊറിയയുടെ ദീർഘ ദൂര മിസൈൽ പരീക്ഷണങ്ങൾക്കും യുഎസ് പിന്തുണയിൽ ദക്ഷിണ കൊറിയയുടെ സൈനികാഭ്യാസങ്ങള്‍ക്കും ഇടെയാണ് യുഎന്‍ പ്രതിനിധിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. കൊറിയയിലെ പ്രശ്ന പരിഹാരത്തിനായി യുഎൻ രക്ഷാ സമിതി ഇടപെടേണ്ടതുണ്ടെന്നും സന്ദർശനത്തിന് ശേഷം ഫെൽറ്റ്മാൻ വ്യക്തമാക്കി.

ഉത്തര കൊറിയയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ആറു വർഷത്തിന് ശേഷം യുഎൻ പ്രതിനിധി രാജ്യം സന്ദർശിക്കുന്നത്. 2011നാണ് ഇതിന് മുമ്പ് അവസാനമായി യുഎന്‍ പ്രതിനിധി ഉത്തരകൊറിയ സന്ദർശിച്ചത്. ഉത്തര കൊറിയയിൽ യുഎൻ നടപ്പാക്കുന്ന കുട്ടികൾക്കായുള്ള ആശുപത്രി, ടിബി പ്രതിരോധ കേന്ദ്രം എന്നിവിടങ്ങളും യുഎൻ പ്രതിനിധി സന്ദർശിച്ചു.