Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നലാക്രമണത്തിന് എന്തുകൊണ്ട് മൻമോഹൻ ധൈര്യം കാട്ടിയില്ല?: പ്രധാനമന്ത്രി

Narendra Modi

വഡോദര∙ രണ്ടാം ഘട്ടം പോളിങ് അടുത്തിരിക്കെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പോരാട്ടം ആരോപണ പ്രത്യാരോപണങ്ങളുമായി കടുക്കുന്നു. ഞായറാഴ്ച നടന്ന പ്രചാരണത്തിൽ ആദ്യം കോൺഗ്രസിനെയാകെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് ആക്രമണം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു നേരെയാക്കി. 26/11ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം മിന്നലാക്രമണത്തിന് ഉത്തരവിടാൻ മൻമോഹൻ സിങ് എന്തുകൊണ്ട് ധൈര്യം കാട്ടിയില്ലെന്നു നവ്‌ലാഖി മൈതാനത്ത് രാത്രി നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു മോദി ചോദിച്ചു. സൈന്യം സജ്ജമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് മൻമോഹൻ ധൈര്യം കാട്ടിയില്ല?

മുംബൈ ആക്രമണത്തിനുശേഷം മിന്നലാക്രമണം നടത്താനുള്ള പദ്ധതിയുമായി വ്യോമസേന മൻമോഹൻ സിങ്ങിനെ കണ്ടിരുന്നു. എന്നാൽ അന്ന് അത്തരമൊരു ഉത്തരവിടാൻ സർക്കാർ ധൈര്യം കാട്ടിയില്ല. ആരുടെ ഉപദേശത്താലാണു മൻമോഹൻ അന്ന് ഉത്തരവിടാഞ്ഞത്. വ്യോമസേനയിൽ ഉയർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉറിയിൽ പാക്ക് ഭീകരർ നടത്തിയ ആക്രമണത്തിനുപിന്നാലെ ഇന്ത്യ നടത്തിയ മിന്നലാക്രമണം ഉദാഹരണമായി കാട്ടിയാണു മോദി വിമർശനം അഴിച്ചുവിട്ടത്.

പാക്കിസ്ഥാന്റെ അതിർത്തി കടന്നാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. നിരവധി ഭീകര ക്യാംപുകളും ലോഞ്ച് പാഡുകളും തകർത്തു. പാക്കിസ്ഥാന് അപ്രതീക്ഷിത പ്രഹരമായിരുന്നു അത്. മറുഭാഗത്ത് പരമാവധി നാശനഷ്ടങ്ങളുണ്ടാക്കി തിരിച്ചെത്തിയ സേനയ്ക്ക് യാതൊരു കുഴപ്പങ്ങളും പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിന്നലാക്രമണത്തെക്കുറിച്ച് സംശയമുന്നയിച്ച കോൺഗ്രസ് നേതാക്കളെയും മോദി ചോദ്യം ചെയ്തു. അത്തരം രഹസ്യകാര്യങ്ങൾ പൊതുമധ്യത്തിൽ ചർച്ച ചെയ്യേണ്ടതുണ്ടോ? ഇതാണ് എൻഡിഎ സർക്കാരും യുപിഎ സർക്കാരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.

താൻ വഡോദര ലോക്സഭാ സീറ്റ് 2014ൽ ഉപേക്ഷിച്ചതു ‘താമര’ ഉത്തർപ്രദേശിൽ വിരിഞ്ഞതിനാലാണ്. ഗുജറാത്ത് മോഡൽ വികസനം യുപിയിലും നടപ്പാക്കുന്നതിനായിരുന്നു രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ വഡോദരയിൽനിന്നും വാരാണസിയിൽനിന്നും മൽസരിച്ച മോദി രണ്ടിടത്തും ജയിച്ചതിനെത്തുടർന്നു വഡോദര മണ്ഡലത്തിൽനിന്നു രാജിവച്ചിരുന്നു. ഇവിടുന്നു രാജിവയ്ക്കാൻ അനുവദിച്ചതിനു ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

കള്ളപ്പണത്തെ പുറത്തുകൊണ്ടുവരാനും സമാന്തര സമ്പദ്‌വ്യവസ്ഥയെ തടയാനും ലക്ഷ്യമിട്ടു കൊണ്ടുവന്ന നോട്ട് നിരോധനത്തെയും പ്രധാനമന്ത്രി ന്യായീകരിച്ചു. ജമ്മു കശ്മീരിലെ ഹവാല റാക്കറ്റിനെ പുറത്തുകൊണ്ടുവരാനും അതുമായി ബന്ധപ്പെട്ടു തീവ്രവാദത്തിനു പിന്തുണ നൽകുന്ന അനേകം നേതാക്കളെ അറസ്റ്റ് ചെയ്യാനും സാധിച്ചു. നോട്ട് നിരോധനത്തോട് കോൺഗ്രസ് നേതാക്കൾക്കു സന്തോഷമുണ്ടാകില്ല. കാരണം അതായിരുന്നു അവരുടെ വരുമാനമാർഗം. നോട്ട് നിരോധിച്ച് ഒരു വർഷത്തിനുശേഷവും അവർ ആ വിഷയത്തെ ഇപ്പോഴും ഉയർത്തിപ്പിടിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.

related stories