Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സബർമതിയിൽ ആദ്യമായി ജലവിമാനം; കലാശക്കൊട്ടിന് പുതുവഴി വെട്ടി മോദി

Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വഹിച്ച് സബർമതി നദിയിൽ ലാൻഡ് ചെയ്ത ജലവിമാനം.

അഹമ്മദാബാദ് ∙ ഗുജറാത്ത് തിരഞ്ഞെടുപ്പു രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിന്റെ ഭാഗമായി അഹമ്മദാബാദ് നഗരത്തിൽ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ, സബർമതി നദിയിൽ ആദ്യമായി ജലവിമാനം ഇറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷണം’. അഹമ്മദാബാദ് നഗരത്തോടു ചേർന്നൊഴുകുന്ന സബർമതി നദിയിൽനിന്ന് ജലവിമാനത്തിൽ കയറിയ മോദി, മെഹ്സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതിൽ യാത്ര ചെയ്തു. അംബോജിയിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തശേഷം അതേ ജലവിമാനത്തിൽ മോദി അഹമ്മദാബാദിലേക്ക് മടങ്ങും.

Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വഹിച്ച് സബർമതി നദിയിൽ ലാൻഡ് ചെയ്ത ജലവിമാനം.

അഹമ്മദാബാദിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ, സബർമതി നദിയിൽ ആദ്യമായി ജലവിമാനമിറക്കുന്ന കാര്യം മോദി പ്രഖ്യാപിച്ചിരുന്നു. ‘രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ചൊവ്വാഴ്ച സബർമതി നദിയിൽ ജലവിമാനം ഇറങ്ങും. ദാറോയ് ഡാമിൽ ഇറങ്ങിയ ശേഷം അംബാജിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലും പങ്കെടുത്തശേഷമായിരിക്കും ഞാൻ മടങ്ങുക’ – മോദി പറഞ്ഞു.

അഹമ്മദാബാദിൽ ബിജെപി ഒരു റോഡ് ഷോയ്ക്ക് പദ്ധതിയിട്ടിരുന്നു. എന്നാൽ അതിന് അനുമതി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ സമയം കിട്ടുമെന്നതിനാലാണ് ജലവിമാന യാത്രയ്ക്ക് പദ്ധതിയിട്ടത് – മോദി വിശദീകരിച്ചു. എല്ലായിടത്തും വിമാനത്താവളങ്ങൾ നിർമിക്കുക പ്രായോഗികമല്ലാത്തതിനാൽ ജലവിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുൻ‌ഗണന നൽകുമെന്നും മോദി വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയും ക്രമസമാധാനപ്രശ്നവും പൊതുജനങ്ങൾക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചാണു മോദിയുടെയും നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും റോ‍ഡ് ഷോകൾക്ക് അനുമതി നിഷേധിച്ചത്. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണു കോൺഗ്രസ് പൊലീസ് അധികൃതരെ സമീപിച്ചിരുന്നത്. എന്നാൽ ബിജെപിയുടെ അപേക്ഷയിൽ കൃത്യമായി ഏതു നേതാവാണെന്നു വ്യക്തമാക്കിയിരുന്നില്ല.

Seaplane പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വഹിച്ച് സബർമതി നദിയിൽ നിന്നു പറന്നുയരുന്ന ജലവിമാനം

റോഡ് ഷോ കടന്നുപോകുന്നതു തിരക്കുപിടിച്ച വ്യാപാരമേഖലകളിൽക്കൂടിയാണെന്നും അതു ഗതാഗത തടസ്സവും പൊതുജനങ്ങൾക്കു തടസ്സവുമുണ്ടാക്കുമെന്നും അതുകൊണ്ട് അനുമതി നിഷേധിക്കുന്നുവെന്നുമാണു പൊലീസ് അറിയിച്ചത്. തുടർന്ന് ഇരുപാർട്ടികളും നഗരത്തിൽ ഇന്നു നടത്താനിരുന്ന ശക്തിപ്രകടനങ്ങൾ റദ്ദാക്കി. നഗരത്തിലെ ധമിധാർ ദരേസറിൽനിന്നു ബാപ്പുനഗറിലേക്കു ബിജെപിയും ജഗന്നാഥ ക്ഷേത്രത്തിൽനിന്നു മെൻകോ മേഖലയിലേക്കു കോൺഗ്രസുമാണു ശക്തിപ്രകടനം ഉദ്ദേശിച്ചിരുന്നത്. ഈ വഴി ഇടുങ്ങിയ റോഡുകളാണെന്നും തിരക്കുപിടിച്ച മേഖലകളിൽ പലതും വർഗീയസംഘർഷസാധ്യതയുള്ളതാണെന്നുമാണു പൊലീസിന്റെ വിലയിരുത്തൽ.

related stories