Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എപ്പോഴും പാക്കിസ്ഥാനും ദാവൂദ് ഇബ്രാഹിമും; ഇങ്ങനെ പേടിക്കരുതെന്ന് മോദിയോട് ശിവസേന

Uddhav Thackeray, Shiv Sena ഉദ്ധവ് താക്കറെ (ഫയൽ ചിത്രം)

മുംബൈ∙ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ജയിക്കാനായി ‘അധാർമിക’ മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശിവസേനയുടെ വിമർശനം. തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെയാണ് രൂക്ഷമായ ഭാഷയിൽ ശിവസേന വിമർശിച്ചത്. ‘പ്രധാനമന്ത്രിയുടെ ആശങ്കകൾ നമുക്കെല്ലാം മനസ്സിലാകുന്നതാണ്. പക്ഷേ അത്തരമൊരു സംഭവമുണ്ടായാൽ നടപടിയെടുക്കുകയാണു പ്രധാനമന്ത്രി ചെയ്യേണ്ടത്. അല്ലാതെ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നതല്ല’ പാർട്ടി മുഖപത്രമായ ‘സാമ്ന’യിൽ ശിവസേന വിമർശിച്ചു. 

ഏതു തിരഞ്ഞെടുപ്പു വന്നാലും ഒന്നുകിൽ പാക്കിസ്ഥാൻ അല്ലെങ്കിൽ അധോലോക തലവൻ ദാവൂദ് ഇബ്രാഹിം പ്രചാരണ വിഷമായി മാറുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. കാലിന്നടിയിലെ മണ്ണൊലിച്ചു പോകുന്നുവെന്നു തോന്നുമ്പോഴാണ് ബിജെപി നേതാക്കൾ പാക്കിസ്ഥാൻ, ദാവൂദ് ഇബ്രാഹിം ‘മന്ത്ര’ങ്ങൾ ചൊല്ലുന്ന‌ത്. അതിന്നും തുടരുകയാണ്. തികച്ചും അധാർമിക നടപടിയാണിത്.

ബിഹാർ തിരഞ്ഞെടുപ്പിൽ വരെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പാക്കിസ്ഥാനെ വലിച്ചിഴച്ചു. കോൺഗ്രസ് പാക്കിസ്ഥാനുമായി നടത്തിയതെന്നു പറയുന്ന ഗൂഢാലോചനയെപ്പറ്റി അറിവുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് മോദി തടഞ്ഞില്ല? ദേശവിരുദ്ധ പ്രവർത്തനങ്ങളാണ് അവിടെ നടന്നതെങ്കിൽ എന്തു കൊണ്ട് അവിടെയുണ്ടായിരുന്നവർ അറസ്റ്റു ചെയ്യപ്പെട്ടില്ല? അതിനെപ്പറ്റി അന്വേഷണം നടന്നില്ല?

എന്തിനാണു വെറുതെ തിരഞ്ഞെടുപ്പു റാലികളിൽ മാത്രം ആരോപണമുന്നയിക്കുന്നത്? പാക്ക് ഇടപെടലുണ്ടായിട്ടുണ്ടെങ്കിൽ അവിടേക്കു കടന്നു ചെന്ന് തിരിച്ചടിക്കാൻ സൈന്യത്തെ അനുവദിക്കുകയാണു വേണ്ടത്– മുഖപ്രസംഗം പറയുന്നു.

‘ഇന്നലെ വരെ പാക്കിസ്ഥാൻ കശ്മീരിലേക്കായിരുന്നു കടന്നുകയറിയത്. ചൈനയാകട്ടെ ലേയിലും ലഡാക്കിലും അരുണാചൽ പ്രദേശിലും. എന്നാലിപ്പോൾ കശ്മീരിനേക്കാൾ പ്രാധാന്യമുള്ളതായിരിക്കുന്നു ഗുജറാത്ത്. സിക്കിം അതിർത്തി കടന്ന് അടുത്തിടെ ഇന്ത്യയിലേക്ക് ചൈനീസ് സൈന്യം കടന്നുകഴിഞ്ഞു. ഈ സാഹചര്യത്തിൽ പാക്കിസ്ഥാന്റെ ഗുജറാത്തിലെ ‘കടന്നുകയറ്റ’ത്തെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ ആശങ്ക തുടർന്നാൽ അക്കാര്യം ശിവസേനയെയും വ്യാകുലപ്പെടുത്തുന്നതാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയായി കോൺഗ്രസിന്റെ അഹമ്മദ് പട്ടേലിനെ തിരഞ്ഞെടുക്കാനുള്ള ഗൂഢാലോചന പാക്ക് സേനയുടെ മുൻ ഡയറക്ടർ ജനറൽ അർഷാദ് റാഫിഖിന്റെ നേതൃത്വത്തിൽ നടന്നുവെന്ന മോദിയുടെ പരാമർശവും സേന ചൂണ്ടിക്കാട്ടി.

ഹിന്ദു–മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ശ്രമം ആരെങ്കിലും നടത്തിയോ എന്ന ചോദ്യമാണ് നിലവിൽ ഉയർന്നുവന്നിരിക്കുന്നത്. പാക്കിസ്ഥാന്റെ ഇടപെടലിനെക്കുറിച്ചല്ല, ഈ പ്രശ്നത്തിന്മേലാണ് പ്രധാനമന്ത്രി നടപടിയെടുക്കേണ്ടതെന്നും ശിവസേന ചൂണ്ടിക്കാട്ടി.