Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമീറിനെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ; നീതി നിഷേധിക്കപ്പെട്ടെന്ന് ആളൂർ

BA-aloor-rajeshwari അമീറുലിന്റെ അഭിഭാഷകൻ ബി.എ.ആളൂർ, ജിഷയുടെ അമ്മ രാജേശ്വരി

കൊച്ചി∙ ജിഷ വധക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ അമീറുൽ ഇസ്‌ലാമിനെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. അതേസമയം, പൊലീസ് ഹാജരാക്കിയ തെളിവുകൾ വച്ച് അമീറിനെ ശിക്ഷിക്കാൻ സാധിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ അവകാശപ്പെട്ടു. ജനാധിപത്യ ക്രമത്തിൽ അമീറിന് നീതി നിഷേധിക്കപ്പെട്ടതായും ആളൂർ ആരോപിച്ചു. ജിഷയെ കൊലപ്പെടുത്തിയത് അമീർ തന്നെയാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചതിനു പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം.

അമീറുൽ ഇസ്‌ലാമിനെപ്പോലെ ആരും ഒരു പെൺകുട്ടിയെയും കൊല്ലാതിരിക്കാൻ അമീറിനെ തൂക്കിക്കൊല്ലണമെന്നായിരുന്നു രാജേശ്വരിയുടെ ആവശ്യം. കൊലപാതകിയ്ക്ക് വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷ നൽകുന്നതിനെയും താൻ അനുകൂലിക്കില്ല. പരിശോധനകളിൽ അമീർ തന്നെയാണ് കുറ്റം ചെയ്തതെന്ന് തെളിഞ്ഞതാണ്. അയാൾക്ക് വധശിക്ഷ തന്നെ നൽകണം. ശിക്ഷ കുറഞ്ഞാൽ മേൽക്കോടതിയെ സമീപിക്കുമെന്നും രാജേശ്വരി വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തലിൽ പൂർണ തൃപ്തിയുണ്ടെന്ന് ജിഷയുടെ സഹോദരി ദീപയും വ്യക്തമാക്കി.

അതേസമയം, ഒരുപാട് സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടാണ് അമീർ ജയിലിൽ കഴിയുന്നതെന്ന് ബി.എ. ആളൂർ പറഞ്ഞു. യഥാർഥ പ്രതികൾ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. ഇവരെ കണ്ടെത്താൻ പൊലീസ് ആദ്യം മുതലേ ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ പുതിയ അന്വേഷണ സംഘത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പൊലീസ് അമീറിനെ കേസിൽ പ്രതിയാക്കിയത്. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയമായ തെളിവുകൾ മാത്രം വച്ച് അമീറിനെ ശിക്ഷിക്കാനാകില്ലെന്നും ആളൂർ അവകാശപ്പെട്ടു. ഈ തെളിവുകളൊന്നും പൂർണമല്ല. പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതാണെന്നും ആളൂർ ചൂണ്ടിക്കാട്ടി.

അതേസമയം, ജിഷാ വധക്കേസിൽ അമീറുൽ ഇ‍സ്‍ലാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് കൃത്യമായി ജോലി ചെയ്തതിന്റെ ഫലമാണെന്ന് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച എഡിജിപി ബി.സന്ധ്യ പറഞ്ഞു. പ്രതിക്ക് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകളാണ്. ജിഷയുടെ ചുരിദാറിൽ പറ്റിയ ഉമിനീരിൽനിന്ന് പ്രതിയുടെ ഡിഎൻഎ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച കത്തിയിൽനിന്നും പ്രതിയുടെയും ഡിഎൻഎ ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.