Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്ത് ഇന്നേവരെ കാണാത്ത ‘സൂപ്പർ’ കള്ളനോട്ട്; ഉത്തര കൊറിയൻ നീക്കമെന്നു വിദഗ്ധർ

Dollar-Fake-Note Representative Image

സോൾ∙ രാജ്യാന്തര തലത്തിൽ സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെ ഉത്തരകൊറിയ കള്ളനോട്ടടിക്കലിന്റെ മാർഗത്തിലേക്കു നീങ്ങിയെന്നു സൂചന. ഏറ്റവും അത്യാധുനിക മാർഗങ്ങളുപയോഗിച്ചാണ് കള്ളനോട്ടു തയാറാക്കുന്നത്. ദക്ഷിണകൊറിയയിലെ ഒരു ബാങ്കിൽ നിന്നാണ് ഇതു സംബന്ധിച്ച ആദ്യസൂചന ലഭിച്ചത്. 100 ഡോളറിന്റെ ‘സൂപ്പർ നോട്ടാ’ണ് ബാങ്കിൽ ലഭിച്ചത്. കള്ളനോട്ടാണെന്നു തിരിച്ചറിയാൻ പോലും കഴിയാത്ത വിധം സാങ്കേതികതയുടെ സഹായത്താൽ തയാറാക്കുന്ന കള്ളനോട്ടാണ് സൂപ്പർനോട്ട് എന്നറിയപ്പെടുന്നത്. 

ഇക്കഴിഞ്ഞ നംവബറിലായിരുന്നു സംഭവം. കെഇബി ഹന ബാങ്കിന്റെ സോൾ ബ്രാഞ്ചിലാണ് ഈ നോട്ടെത്തിയത്. ആദ്യഘട്ടത്തിൽ പ്രശ്നങ്ങളൊന്നും തോന്നിയില്ല. പിന്നീട് കള്ളനോട്ടു വിരുദ്ധ വിഭാഗം നടത്തിയ സൂക്ഷ്മപരിശോധനയിലാണ് നോട്ടിലെ ‘കള്ളത്തരങ്ങൾ’ പുറത്തുവന്നത്. എന്നാൽ ഉത്തരകൊറിയയ്ക്ക് ഇതുമായി നേരിട്ടു ബന്ധമുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും തെളിവു ലഭിച്ചിട്ടില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഇന്റലിജന്റ്സ് വിഭാഗത്തെയും സുരക്ഷാവിഭാഗത്തെയും ബാങ്ക് വിവരം അറിയിച്ചിട്ടുണ്ട്. 

പുത്തൻ ‘സൂപ്പർനോട്ടുകളിൽ’ ഇത്തരത്തിലൊരെണ്ണം ലോകത്തു തന്നെ ആദ്യമാണെന്ന് കെഇബി ഹന ബാങ്കിലെ കള്ളനോട്ടുവിരുദ്ധ വിഭാഗം തലവൻ യി ഹോ–ജൂങ് പറയുന്നു. നേരത്തേ കണ്ടെത്തിയ സൂപ്പർ നോട്ടുകളെല്ലാം 2001, 2003 കാലങ്ങളിൽ ഇറങ്ങിയവയായിരുന്നു. എന്നാൽ 2006ൽ ഇറങ്ങിയ നോട്ടുകളുടെ വ്യാജനാണ് ഇതാദ്യമായി പിടിച്ചെടുത്തിരിക്കുന്നത്.

യഥാർഥ നോട്ടു തയാറാക്കാനുള്ള പ്രിന്റിങ് രീതികളും ‘കലർപ്പില്ലാത്ത’ മഷിയും പോലും അതേപടിയാണ് വ്യാജനിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം നോട്ടുകൾ അച്ചടിയ്ക്കണമെങ്കിൽ 10 കോടി ഡോളർ (ഏകദേശം 650 കോടി രൂപ) ചെലവിലെങ്കിലും തയാറാക്കിയ പ്രസും മറ്റു സൗകര്യങ്ങളും ലഭിച്ചേ തീരൂ. എന്നാൽ ഇത്രയും തുക മുടക്കി നിലവിൽ ഒരു ക്രിമിനൽ സംഘവും കള്ളനോട്ട് അച്ചടിക്കാൻ മുന്നോട്ടുവരില്ല. 

രാജ്യത്തിന്റെ തന്നെ പിന്തുണയോടെ മാത്രമേ ഇത്തരം അച്ചടി സൗകര്യങ്ങൾ ലഭിക്കുക പോലുമുള്ളൂ. നേരത്തേ പലയിടത്തും ഉത്തരകൊറിയൻ നയതന്ത്രജ്ഞർ ഉൾപ്പെടെ കള്ളനോട്ടുമായി പിടിയിലായിട്ടുണ്ട്.  കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേറെയുള്ള അത്തരം കള്ളനോട്ടുകളുമായുള്ള സാമ്യമാണ് ഇപ്പോൾ സംശയം ഉത്തരകൊറിയയ്ക്കു നേരെ നീളാൻ കാരണമായിരിക്കുന്നത്.

കൂടാതെ ആണവ മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ രാജ്യത്തിനു നേരെ യുഎന്നിന്റെ ഉൾപ്പെടെ ഉപരോധവും തുടരുകയാണ്. ഈ സാഹചര്യത്തിൽ ‘സൂപ്പർ’ കള്ളനോട്ടുകളുടെ കാര്യത്തിൽ മറ്റാരെയും സംശയിക്കേണ്ടതില്ലെന്ന നിലപാടിലാണ് ദക്ഷിണ കൊറിയയും.