Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ജലവിമാനയാത്രയ്ക്ക് ആളെക്കൂട്ടാൻ പണ വാഗ്ദാനം; എംഎൽ‌എയ്ക്ക് നോട്ടിസ്

modi-seaplane-bhushan-bhatt മോദി ജലവിമാനത്തിൽ (ഇടത്); ഭൂഷൺ ഭട്ട് (വിഡിയോയിൽനിന്നുള്ള ചിത്രം)

അഹമ്മദാബാദ്∙ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാനയാത്ര കൊഴുപ്പിക്കാൻ പണം നല്‍കിയാണ് ആളെകൂട്ടിയതെന്ന ആരോപണം ശക്തമാകുന്നു. സബര്‍മതി നദീതീരത്തേക്ക് പണം നൽകിയും ആളുകളെ എത്താന്‍ അണികളെ ആഹ്വാനം ചെയ്യുന്ന ബിജെപി എംഎല്‍എ ഭൂഷണ്‍ ഭട്ടിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു വിവാദം ശക്തമായത്. അന്തരിച്ച ബിജെപി നേതാവ് അശോക് ഭട്ടിന്റെ മകനാണ് ജമൻപുർ – ഖാദിയ മണ്ഡലത്തിൽനിന്നുള്ള എംഎല്‍എയായ ഭൂഷൺ ഭട്ട്.

കൂടുതല്‍ പ്രവര്‍ത്തകരെ എത്തിക്കണമെന്നും ഇതിനായുള്ള പണം എത്രയായാലും പാര്‍ട്ടി നല്‍കാമെന്നും ഭൂഷണ്‍ ഭട്ട് പറയുന്നതായി വിഡിയോയിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് ചിന്തിക്കുന്നില്ല. മാതൃകാ പെരുമാറ്റച്ചട്ടത്തെ മാനിക്കേണ്ടതില്ല. ബിജെപി പതാകയുമായി കുറഞ്ഞത് 3000 – 4000 ഇരുചക്ര വാഹനയാത്രക്കാരെ എത്തിക്കണം. ഇതിനായി എത്ര പണം വേണമെങ്കിലും നൽകാം. ഇരുചക്ര വാഹനയാത്രികർക്ക് പെട്രോൾ കാശ് തിരികെ നൽകും. റാലിയിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 1000 മുതൽ 3000 രൂപ വരെ നൽകും. പ്രചരിക്കുന്ന വിഡിയോയിൽ ഭൂഷൺ ഭട്ട് പറയുന്നത് ഇപ്രകാരമാണ്.

അതേസമയം, ഭൂഷൺ ഭട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചു. ജമൽപുർ – ഖാദിയ മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസറാണ് വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വിശദീകരണം തേടിയത്.

2012ൽ 6331 വോട്ടുകൾക്കാണ് ഭട്ട് ഇവിടെനിന്ന് ജയിച്ചത്. മൂന്നുതവണ ഖാദിയ മുനിസിപ്പാലിറ്റി കൗൺസിലർ ആയിരുന്നു. പിതാവ് ഇവിടെനിന്ന് ഏഴുതവണ എംഎൽഎ ആയിരുന്ന ആളാണ്. റോ‍ഡ് ഷോയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണു സബര്‍മതി നദിയില്‍നിന്നു ജലവിമാനത്തില്‍ പറന്നുപൊങ്ങി രണ്ടാംഘട്ടത്തിന്‍റെ കലാശക്കൊട്ട് മോദി ഗംഭീരമാക്കിയത്.

related stories