Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ട് ആദിവാസി സെറ്റില്‍മെന്‍റുകളിലെ 67 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും

govt of kerala

തിരുവനന്തപുരം ∙ ഇടമലയാര്‍ ഉള്‍വനങ്ങളിലെ വാരിയം കോളനിയില്‍ താമസിക്കുന്ന മുതുവാന്‍- മന്നാന്‍ വിഭാഗത്തില്‍പ്പെടുന്ന എട്ട് ആദിവാസി സെറ്റില്‍മെന്‍റുകളിലെ 67 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഉള്‍വനത്തിലെ ഒറ്റപ്പെട്ട അവസ്ഥയും ജീവിത സൗകര്യങ്ങളുടെ അപര്യാപ്തതയും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് അവരെ പന്തപ്രയിലെ ഉരുളന്‍തണ്ണിതേക്ക് പ്ലാന്‍റേഷനിലേക്ക് പുനരധിവസിപ്പിക്കാനാണ് തീരുമാനം. 

ഓരോ കുടുംബത്തിനും രണ്ട് ഏക്കർ വീതവും മറ്റു പൊതുവികസനങ്ങള്‍ക്കായി 26.8 ഏക്കറും (20 ശതമാനവും) ഭൂമി മേല്‍ പ്ലാന്‍റേഷനിലെ തിരഞ്ഞെടുത്ത ഭാഗങ്ങളില്‍നിന്ന് അനുവദിക്കും. പുനരധിവാസത്തിനുളള നടപടികള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും വനം വകുപ്പും സംയുക്തമായി നടപ്പാക്കാനും തീരുമാനിച്ചു.

∙ കോഴിക്കോട് വിജിലന്‍സ് ട്രിബ്യൂണലായി ഗീത. വി.യെ നിയമിക്കാന്‍ തീരുമാനിച്ചു.

∙ കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്‍റ് കോര്‍പറേഷന് ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനുളള സര്‍ക്കാര്‍ ഗ്യാരന്‍റി 3 കോടി രൂപയില്‍നിന്നും 6 കോടിയായി വര്‍ധിപ്പിച്ച് അഞ്ചു വര്‍ഷത്തേക്ക് ഗ്യാരന്‍റി വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.

∙ തൃശ്ശൂര്‍ സര്‍ക്കാര്‍ ഡന്‍റല്‍ കോളേജില്‍ ഓര്‍ത്തോഡോന്റിക്സ് വിഭാഗത്തില്‍ ഒരു പ്രൊഫസര്‍ തസ്തികയും പ്രോസ്തോഡോന്റിക്സ്, ഓറല്‍ പത്തോളജി എന്നീ വിഭാഗങ്ങളിലായി ഓരോ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.