Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാവൂദും ഛോട്ടാ ഷക്കീലും വഴിപിരിഞ്ഞു; അപകടം മണത്ത് പാക്കിസ്ഥാൻ

Chhota-Shakeel-Dawood

മുംബൈ ∙ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പ്രതിസന്ധിയിലാക്കി പാളയത്തിൽ പട കനക്കുന്നതായി റിപ്പോർട്ട്. അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ദാവൂദിന്റെ ഏറ്റവും അടുത്ത അനുയായി ഛോട്ടാ ഷക്കീൽ, സംഘത്തിൽനിന്ന് വിട്ടുപോയതായും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ക്ലിഫ്റ്റൻ മേഖലയിൽ താമസിക്കുന്ന ദാവൂദിന്റെ സംഘത്തിൽനിന്ന് രക്ഷപ്പെട്ട ഷക്കീൽ, ഒളിസങ്കേതത്തിലാണെന്നാണ് വിവരം.

ഇന്ത്യയുടെ നോട്ടപ്പുള്ളിയായതോടെ 1980കളിൽ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്കാണ് കടന്നതെങ്കിലും പിന്നീട് പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സ്ഥിരതാമസമാക്കിയത്. ദാവൂദ് നേതൃത്വം നൽകുന്ന അധോലോക സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അടുത്തിടെയായി ഇളയ സഹോദരൻ അനീസ് ഇബ്രാഹിം കൈകടത്തുന്നതിലുള്ള അതൃപ്തിയാണ് ഛോട്ടാ ഷക്കീൽ ഇടയാൻ ഇടയാക്കിയതെന്നാണ് വിവരം. 1993ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് ദാവൂദും അനീസും ഛോട്ടാ ഷക്കീലും.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ദാവൂദ് സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഛോട്ടാ ഷക്കീലിനെ മറികടന്ന് ദാവൂദ് സംഘത്തിന്റെ തലപ്പത്തെത്താൻ അടുത്തകാലത്തായി അനീസ് ഇബ്രാഹിം ശ്രമിച്ചുവരികയായിരുന്നത്രെ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ദാവൂദ് ഇതിനെതിരെ സഹോദരന് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, ദാവൂദിന്റെ വാക്കുകളും മുഖവിലയ്ക്കെടുക്കാതിരുന്ന അനീസ് കഴിഞ്ഞ ദിവസം ഛോട്ടാ ഷക്കീലുമായി വാഗ്വാദത്തിലേർപ്പെട്ടിരുന്നു. ഇതോടെയാണ് ഛോട്ടാ ഷക്കീൽ സംഘം വിട്ടത്. ഇതിനു പിന്നാലെ തനിക്കൊപ്പമുള്ള അനുയായികളുമൊത്ത് ഒരു പൂർവേഷ്യൻ രാജ്യത്ത് ഷക്കീൽ യോഗം ചേർന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ദാവൂദിന്റെ സംഘത്തിലുണ്ടായ പടലപ്പിണക്കം ഏതുവിധേനയും പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാക്ക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ എന്ന് ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. തങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകിവരുന്ന ദാവൂദിന്റെ സംഘത്തിലുണ്ടായ വിള്ളൽ, ഇന്ത്യാവിരുദ്ധ നീക്കങ്ങളെ ബാധിക്കുമെന്നാണ് ഐഎസ്ഐ നേതൃത്വത്തിന്റെ ആശങ്ക. ഈ പശ്ചാത്തലത്തിലാണ് അനുരഞ്ജന നീക്കങ്ങളുമായുള്ള ഐഎസ്ഐയുടെ രംഗപ്രവേശം.

ദാവൂദ് ഇബ്രാഹിം 

മുംബൈയിൽ 1993 മാർച്ച് 12നു നടന്ന ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരൻ. മുന്നൂറോളം പേരാണ് ഇതിൽ കൊല്ലപ്പെട്ടത് ആയുധക്കടത്ത്, കള്ളക്കടത്ത്, ലഹരിമരുന്നു വ്യാപാരം, കള്ളനോട്ട്, ഹവാല തുടങ്ങി ഒട്ടനവധി കേസുകൾ ദാവൂദിന്റെ പേരിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വീടുകളുണ്ടെങ്കിലും ദാവൂദിന്റെ സ്‌ഥിരം താവളം പാക്കിസ്‌ഥാനിലെ കറാച്ചിയാണ്. 

ഛോട്ടാ ഷക്കീൽ

അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി. ഷക്കീൽ അഹമ്മദ് ബാബു എന്ന ചോട്ടാ ഷക്കീൽ 1986–ൽ ഇന്ത്യ വിട്ടു.1993–ലെ മുംബൈ സ്ഫോടനപരമ്പര അസൂത്രകരിൽ ഒരാൾ. ബിജെപി നിയമസഭാംഗം രാംനായികിനെ വധിച്ച കേസിലും മുംബൈ മേയറായിരുന്ന ശിവസേനാ നേതാവ് മിലിന്ദ് വൈദ്യയെ വധിക്കാൻ ശ്രമിച്ച കേസിലും ഒന്നാം പ്രതി. കറാച്ചിയിൽ ദാവൂദിന്റെ അധോലോകപ്രവർത്തനങ്ങൾ ഏകോപിക്കുന്നതും മറ്റു രാജ്യങ്ങളിലെ ബിസിനസ് ഇടപാട് നോക്കുന്നതും ഷക്കീലാണെന്ന് പൊലീസ് പറയുന്നു.