Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുളള 20 ലക്ഷം രൂപ ഒരുമിച്ച് നല്‍കു‍ം

Pinarayi Vijayan

തിരുവനന്തപുരം ∙ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ധനസഹായം ഒരുമിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ ദുരിതബാധിതരുടെ വീടുകളിലെത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളും. ധനസഹായം കൈപ്പറ്റാൻ ആരും സര്‍ക്കാര്‍ ഓഫിസിലേക്ക് പോകേണ്ടതില്ല. മരിച്ചവരുടെ ആശ്രിതരായി മാതാപിതാക്കളുണ്ടെങ്കില്‍ 20 ലക്ഷം രൂപയില്‍ അഞ്ചു ലക്ഷം രൂപ അവരുടെ സംരക്ഷണത്തിനാകും ക്രമീകരിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓഖി ചുഴലിക്കാറ്റിൽ ബോട്ടും വള്ളവും നഷ്ടമായവര്‍ക്കും ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്നും വീടു നഷ്ടമായവര്‍ക്ക് അനുയോജ്യമായ സ്ഥലത്ത് വീട് വച്ചുനല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരാമെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്നുദിവസത്തെ ശമ്പളവും തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനവും നല്‍കണമെന്നാണ് അഭ്യർഥന. പെന്‍ഷന്‍കാരും സംഭാവന ചെയ്യണം.

മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 1843 കോടി രൂപയുടെ കേന്ദ്രസഹായം തേടിയിട്ടുണ്ടെന്നും ഇതിനായി വേഗം റിപ്പോര്‍ട്ട് തയാറാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങൾ

∙ കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണലായി വി.ഗീതയെ നിയമിക്കാന്‍ തീരുമാനിച്ചു.

∙ കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്‍റ് കോര്‍പറേഷനു ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപറേഷനില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനുളള സര്‍ക്കാര്‍ ഗ്യാരന്‍റി മൂന്നു കോടി രൂപയില്‍നിന്നും ആറു കോടിയായി വര്‍ധിപ്പിച്ച് അഞ്ചു വര്‍ഷത്തേക്കു ഗ്യാരന്‍റി വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.

∙തൃശ്ശൂര്‍ സര്‍ക്കാര്‍ ഡന്‍റല്‍ കോളേജില്‍ ഓര്‍ത്തോഡോണ്ടിക്സ് വിഭാഗത്തില്‍ ഒരു പ്രഫസര്‍ തസ്തികയും പ്രോസ്തോഡോണ്ടിക്സ്, ഓറല്‍ പത്തോളജി എന്നീ വിഭാഗങ്ങളിലായി ഓരോ അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

∙ ഇടമലയാര്‍ ഉള്‍വനങ്ങളിലെ വാരിയം കോളനിയില്‍ താമസിക്കുന്ന മുതുവാന്‍-മന്നാന്‍ വിഭാഗത്തില്‍പ്പെടുന്ന എട്ട് ആദിവാസി സെറ്റില്‍മെന്‍റുകളിലെ 67 കുടുംബങ്ങളെ ഉള്‍വനത്തിലെ ഒറ്റപ്പെട്ട അവസ്ഥയും ജീവിത സൗകര്യങ്ങളുടെ അപര്യാപ്തതയും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് പന്തപ്രയിലെ ഉരുളന്‍തണ്ണിതേക്ക് പ്ലാന്‍റേഷനിൽ പുനരധിവസിപ്പിക്കുന്നതിന് തീരുമാനിച്ചു. ഓരോ കുടുംബത്തിനും രണ്ട് ഏക്കര്‍ വീതവും മറ്റ് പൊതു വികസനങ്ങള്‍ക്കായി 26.8 ഏക്കറും (20 ശതമാനവും) ഭൂമി മേല്‍ പ്ലാന്‍റേഷനിലെ തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. പുനരധിവാസത്തിനുളള സത്വര നടപടികള്‍ പട്ടികവര്‍ഗ വികസന വകുപ്പും വനംവകുപ്പും സംയുക്തമായി നടപ്പാക്കാനും തീരുമാനിച്ചു.

related stories