Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോ മേധാവിയെ കണ്ടതും ഗൂഢാലോചനയാണോ? മോദിയോട് മുൻ പാക്ക് മന്ത്രി

Modi-Kasoori നരേന്ദ്ര മോദി, ഖുർഷിദ് മുഹമ്മദ് കസൂരി

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാക്കളുമായി ചേർന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി പാക്കിസ്ഥാന്റെ മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മുഹമ്മദ് കസൂരി രംഗത്ത്. കോൺഗ്രസ് നേതാക്കളുമായി മാത്രമല്ല, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മേധാവിയുമായും താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അവിടെയും ഗൂഢാലോചന നടന്നുവെന്ന് അതിന് അർഥമുണ്ടോയെന്നും കസൂരി ചോദിച്ചു.

ഈ മാസം ആറാം തീയതി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വീട്ടിൽ പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മുഹമ്മദ് കസൂരിയുടെ ബഹുമാനാർഥം നടന്ന വിരുന്നിനെക്കുറിച്ചാണു നരേന്ദ്ര മോദി ആരോപണമുന്നയിച്ചത്. മുതിർന്ന നേതാക്കളും നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരും വിരുന്നിൽ പങ്കെടുത്തിരുന്നു. ഇതേക്കുറിച്ച് ഒരു ഇംഗ്ലിഷ് ചാനൽ പുറത്തുവിട്ട വാർത്തയാണ് ആദ്യം ബിജെപിയുടെ രണ്ടാംനിര നേതാക്കളും പിന്നീടു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടും ഏറ്റുപിടിച്ചത്.

മോദിയുടെ ആരോപണങ്ങൾ വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. ഇത്തരം സംഭവങ്ങൾക്ക് ഒരു പാക്കിസ്ഥാൻ ബന്ധം ആരോപിക്കുന്നതിലൂടെ വോട്ട് നേടാമെന്നാണ് അവരുടെ വിചാരം – പാക്ക് ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കസൂരി പറഞ്ഞു.

ചില മുൻ യാത്രകളിൽ റോ മേധാവിയുമായിപ്പോലും ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇവരെല്ലാം ഞാനുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ഇതിന് അർഥമുണ്ടോയെന്നും കസൂരി ചോദിച്ചു. ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം സാധാരണഗതിയിലാക്കാൻ നടത്തിയ ശ്രമങ്ങളിൽ താനും മൻമോഹൻ സിങ്ങും പങ്കാളികളായിരുന്നുവെന്നു പറഞ്ഞ കസൂരി, ഈ ബന്ധത്തിന്റെ പുറത്താണ് മൻമോഹൻ സിങ്ങിനെ വിരുന്നിലേക്കു ക്ഷണിച്ചതെന്നും വ്യക്തമാക്കി.

മോദി പറഞ്ഞതും കോൺഗ്രസിന്റെ മറുപടിയും

നരേന്ദ്ര മോദി കഴി‍ഞ്ഞദിവസം തിരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞത്: ‘പാക്കിസ്ഥാൻ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഇടപെടുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകണമെന്നു പാക്ക് സൈന്യത്തിന്റെ മുൻ മേധാവി പറഞ്ഞതു സംശയമുളവാക്കുന്നതാണ്. മണിശങ്കർ അയ്യരുടെ വീട്ടിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷണറും മുൻ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയും മുൻ പ്രധാനമന്ത്രിയും പങ്കെടുത്ത യോഗത്തിന്റെ പിറ്റേന്നാണു മണിശങ്കർ അയ്യർ തന്നെ ‘നീചൻ’ എന്നു വിളിച്ചത്.’ 

ഗുജറാത്ത് തിര‌ഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാക്കിസ്ഥാനുമായി ചേർന്ന് കോൺഗ്രസ് ഉപജാപം നടത്തിയെന്ന മോദിയുടെ ആരോപണത്തിനെതിരെ അതിശക്തമായ ഭാഷയിൽ മറുപടി നൽകി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി വഴിമരുന്നിടുന്ന‌ത് അപകടകരമായ പ്രവണതയ്ക്കാണെന്നും അദ്ദേഹം രാജ്യത്തോടു മാപ്പു പറയണമെന്നും നിലവിട്ടു പെരുമാറരുതെന്നുമായിരുന്ന മൻമോഹന്റെ ആവശ്യം. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഒരു കാര്യവുമില്ലെന്നും ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചിരുന്നു.

related stories