Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് തിരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തിൽ 68.70 ശതമാനം പോളിങ്

Narendra Modi സബർമതി മണ്ഡലത്തിലെ നിഷാൻ ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി മോദി മഷി പുരണ്ട വിരൽ ഉയർത്തിക്കാട്ടുന്നു.

അഹമ്മദാബാദ്∙ ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ 68.70 ശതമാനം പോളിങ്. തിരഞ്ഞെടുപ്പു കമ്മിഷനാണ് വിവരം പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ടു നാലു വരെ 62.24 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 93 മണ്ഡലങ്ങളിലായി 851 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ സബർമതിയിൽ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്തശേഷം മഷി പുരണ്ട വിരല്‍ ഉയര്‍ത്തി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോദി നടന്നത് രാഷട്രീയ വിവാദമായി. വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സബർമതി മണ്ഡലത്തിലെ നിഷാൻ ഹൈസ്ക്കൂളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയും ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലും വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ ഗാന്ധിനഗറിലെ പോളിങ് ബൂത്തിൽ രാവിലെതന്നെ വോട്ടു രേഖപ്പെടുത്തി.

പട്ടേൽ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേലിന്റെ മാതാപിതാക്കളായ ഭാരത് പട്ടേൽ, ഉഷാ പട്ടേൽ തുടങ്ങിയവരും രാവിലെതന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാരാൺപുരയിലെ പോളിങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. വോട്ട് ചെയ്തതിനുശേഷം അമിത് ഷാ കാമേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി.

Amit Shah | Gujarat Election ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാരാൺപുരയിലെ പോളിങ് ബൂത്തിൽ വോട്ടു രേഖപ്പെടുത്തിയശേഷം പുറത്തേക്കു പോകുന്നു. (ചിത്രം: എഎൻഐ)

നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ വോട്ടെടുപ്പിന്റെ തലേന്നാൾ രാഹുൽ ഗാന്ധി ഗുജറാത്ത് സമാചാർ ടിവിക്കു നൽകിയ അഭിമുഖം തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന നിലപാടുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷനു പരാതിയും നൽകി. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടുന്നുവെന്ന ആരോപണമുയർത്തി വിവാദം സൃഷ്ടിച്ച മോദി ഉപയോഗിച്ച ജലവിമാനം വന്നതു പാക്കിസ്ഥാനിൽനിന്നാണെന്ന വൈരുധ്യം ചൂണ്ടിക്കാട്ടിയാണു സമൂഹമാധ്യമങ്ങളിൽ മോദിക്കെതിരെ പ്രചാരണം.

ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനി മത്സരിക്കുന്ന വഡ് ഗാം, മുൻ ഉപമുഖ്യമന്ത്രി നിഥിൻ പട്ടേൽ മത്സരിക്കുന്ന മെഹ്സാന, അൽപേഷ് താക്കൂർ മത്സരിക്കുന്ന രാധേൻ പൂർ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന പ്രധാന മണ്ഡലങ്ങൾ. ഗ്രാമീണ മേഖലയിലെ വോട്ടുകളും പട്ടേൽ സംവരണ പ്രക്ഷോഭ മേഖലയും ഒപ്പം നിൽക്കുമെന്ന് കോൺഗ്രസ് കരുതുന്നു. നഗര പ്രാന്തപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മധ്യ ഗുജറാത്ത് പതിവുപോലെ ഒപ്പം നിൽക്കുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ശങ്കർസിങ് വഗേലയുടെ ജൻ വികൽപ് മോർച്ച ഗുണം ചെയ്യുമെന്നും ബിജെപിയുടെ കണക്കുകൂട്ടുന്നു.