Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിലെ തർക്കത്തിനു പിന്നാലെ കരം ഗ്രഹിച്ച് മോദിയും മൻമോഹനും

Modi-Manmohan പാർലമെന്റ് ഹൗസിനു പുറത്ത് മോദിയും മൻമോഹൻ സിങ്ങും കണ്ടുമുട്ടിയപ്പോൾ.

ന്യൂഡൽഹി ∙ ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാക്കിസ്ഥാനുമായി ചേർന്ന് ഉപജാപം നടത്തിയെന്ന ആരോപണത്തിന്റെ അലയൊലികൾ അടങ്ങും മുൻപ് ആരോപണവിധേയനായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ആരോപണമുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ വേദിയിൽ ഒന്നിച്ചെത്തി. 2001ലെ പാർലമെന്റ് ആക്രമണത്തിൽ വീരചരമം പ്രാപിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയപ്പോഴാണ് പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ ഇരുവരും നേർക്കുനേർ വന്നത്.

പരസ്പരം അഭിവാദ്യം ചെയ്ത ഇരുവരും ഹസ്തദാനം നൽകിയശേഷമാണ് മടങ്ങിയത്. മോദിയെ കണ്ട മൻമോഹൻ സിങ് കൈകൾ കൂപ്പി ‘നമസ്തേ’ പറഞ്ഞപ്പോൾ, മുൻപ്രധാനമന്ത്രിയുടെ കരങ്ങൾ ഗ്രഹിച്ചാണ് മോദി ബഹുമാനം പ്രകടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സുഷമ സ്വരാജ്, രവിശങ്കർ പ്രസാദ് തുടങ്ങിയ കേന്ദ്രമന്ത്രിമാരുമായി കുശലം പറഞ്ഞു. 

നേരത്തെ, ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായുള്ള പ്രചാരണയോഗത്തിലാണ് പാക്കിസ്ഥാനുമായി ചേർന്നു ഗുജറാത്ത് തിര‌ഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ഉപജാപം നടത്തിയെന്ന് മോദി ആരോപിച്ചത്.

‘പാക്കിസ്ഥാൻ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഇടപെടുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകണമെന്നു പാക്ക് സൈന്യത്തിന്റെ മുൻ മേധാവി പറഞ്ഞതു സംശയമുളവാക്കുന്നതാണ്. മണിശങ്കർ അയ്യരുടെ വീട്ടിൽ പാക്കിസ്ഥാൻ ഹൈക്കമ്മിഷണറും മുൻ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയും മുൻ പ്രധാനമന്ത്രിയും പങ്കെടുത്ത യോഗത്തിന്റെ പിറ്റേന്നാണു മണിശങ്കർ അയ്യർ തന്നെ ‘നീചൻ’ എന്നു വിളിച്ചത്’ – ഇതായിരുന്നു മോദിയുടെ ആരോപണം.

എന്നാൽ, ഇതിനെതിരെ അതിശക്തമായ ഭാഷയിലാണ് മൻമോഹൻ സിങ് മറുപടി നൽകിയത്. പ്രധാനമന്ത്രി വഴിമരുന്നിടുന്ന‌ത് അപകടകരമായ പ്രവണതയ്ക്കാണെന്നും അദ്ദേഹം രാജ്യത്തോടു മാപ്പു പറയണമെന്നും നിലവിട്ടു പെരുമാറരുതെന്നും മൻമോഹൻ സിങ് ആവശ്യപ്പെട്ടിരുന്നു. 

‘പാക്കിസ്ഥാനുമായി ചേർന്നു ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പച്ചക്കള്ളവും വ്യാജനിർമിതിയുമാണ്. ഇത്രയും ഉന്നതസ്ഥാനത്തിരിക്കുന്ന സാഹചര്യത്തിൽ അൽപമെങ്കിലും പക്വത കാണിക്കാൻ പ്രധാനമന്ത്രി തയാറാകണം. അല്ലാതെ മിഥ്യാധാരണകൾ പറഞ്ഞുപരത്താൻ സമയം കണ്ടെത്തുകയല്ല വേണ്ടത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ മഹത്വം കാത്തുസൂക്ഷിക്കാൻ വേണ്ടിയെങ്കിലും ഈ തെറ്റു തിരിച്ചറിഞ്ഞ് മോദി രാജ്യത്തോടു മാപ്പു പറയുമെന്നാണു പ്രതീക്ഷിക്കുന്നത്’ – മൻമോഹൻ സിങ് പറഞ്ഞു.

related stories