Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുതര സാമ്പത്തിക പ്രതിസന്ധി; ചെലവാക്കാത്ത പണം വകമാറ്റുന്നു

x-default x-default

തിരുവനന്തപുരം∙ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിൽ, വിവിധ വകുപ്പുകൾ ചെലവാക്കാതെ ട്രഷറി സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന 5,630 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റുന്നു. ഇതു സംബന്ധിച്ച ധനവകുപ്പിന്റെ നിർദേശം മന്ത്രിസഭ അംഗീകരിച്ചു. ഇത്രയധികം തുക ചെലവാക്കാതെ കിടക്കുന്നതു കേന്ദ്രത്തിൽനിന്നു വായ്പ ലഭിക്കുന്നതിനു തടസ്സമാകാതിരിക്കാനാണു നടപടി.

വിവിധ വകുപ്പുകൾക്കു സർക്കാർ അനുവദിക്കുന്ന തുക അവർ ട്രഷറിയിൽ സേവിങ്സ് അക്കൗണ്ട് തുറന്ന് അതിലാണു സൂക്ഷിക്കുന്നത്. ധനവകുപ്പിന്റെ കണക്കെടുപ്പിൽ 5,630 കോടി രൂപ വിവിധ വകുപ്പുകളുടേതായി ട്രഷറി അക്കൗണ്ടുകളിൽ ബാക്കികിടക്കുന്നെന്നു കണ്ടെത്തി. ചെലവാക്കാതെ കിടക്കുമ്പോൾ കടം ചോദിക്കുന്നതു കേന്ദ്രം എതിർക്കാനുള്ള സാധ്യത കണക്കിലെടുത്താണു ധനവകുപ്പ് നിർദേശം വച്ചത്. മുൻപ്, രണ്ടുവട്ടം കടം ചോദിച്ചപ്പോൾ ഇതേ കാരണം പറഞ്ഞു കേന്ദ്രം തള്ളിയിരുന്നു.

സാമ്പത്തികസ്ഥിതി മോശമായതിനാൽ കടം എടുക്കാതെ മുന്നോട്ടുപോകാൻ നിവൃത്തിയില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക് മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കി. ബദൽമാർഗമെന്നനിലയിലാണു നിലവിലെ പൊതു അക്കൗണ്ടിൽ കിടക്കുന്ന തുക മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയശേഷം കടമെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, 10 കോടിയിൽ താഴെയുള്ള തുക സൂക്ഷിച്ചിട്ടുള്ള വകുപ്പുകളുടെ അക്കൗണ്ടിലെ തുക മാറ്റില്ല.

നീക്കം അടുത്തമാസം കടമെടുക്കാൻ

സംസ്ഥാനത്തിനു വർഷം 23,000 കോടി രൂപ വരെ കടമെടുക്കാം. ഈ വർഷം ഇതുവരെ ഏകദേശം 16,000 കോടി രൂപയാണു കടമെടുത്തത്. ഇനി 6,000 കോടിയിലേറെ കടമെടുക്കാം. എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ പൊതുകടം ഒരു ലക്ഷം കോടി രൂപയായിരുന്നു. അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും അവസാന കണക്കനുസരിച്ചു കഴിഞ്ഞ ഡിസംബറിൽ കടം 1,21,183 കോടി രൂപയായി. ഓണക്കാലത്ത് 8500 കോടി രൂപ കടമെടുത്തതോടെ ആകെ കടം 1,29,683 കോടിയായി. ഇനി ജനുവരിയിലേ കേന്ദ്രത്തിൽനിന്നു കടമെടുക്കാൻ കഴിയൂ.