Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷസ് ട്രോഫി ഓസീസ് വീണ്ടെടുത്തു; പെർത്തിൽ ജയം ഇന്നിങ്സിനും 41 റൺസിനും

CRICKET-ASHES വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഓസീസ് താരങ്ങൾ.

പെർത്ത് ∙ തുടർച്ചയായ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ ആഷസ് ട്രോഫി വീണ്ടെടുത്തു. പെർത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 41 റൺസിനുമാണ് ഓസീസ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. 259 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അഞ്ചാം ദിനം 218 റൺസിനു പുറത്താവുകയായിരുന്നു. അർധസെഞ്ചുറി നേടിയ ഡേവിഡ് മിലൻ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അൽപമെങ്കിലും ചെറുത്തുനിന്നത്. 135 പന്തുകൾ നേരിട്ട മിലൻ എട്ടു ബൗണ്ടറികളോടെ 54 റൺെസടുത്തു. മിലൻ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയിരുന്നു. 18 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡാണ് ഇംഗ്ലണ്ടിനെ തകർത്തത്. പാറ്റ് കുമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

സ്കോർ: ഇംഗ്ലണ്ട് – 403, 218. ഓസ്ട്രേലിയ – ഒൻപതിന് 662 ഡിക്ലയേർഡ്

ജോണി ബെയർസ്റ്റോ (26 പന്തിൽ 14), മോയിൻ അലി (56 പന്തിൽ 11), ക്രിസ് വോക്സ് (48 പന്തിൽ 22), ഓവർട്ടൻ (21 പന്തിൽ 12), സ്റ്റ്യുവാർട്ട് ബ്രോഡ് (0), ജയിംസ് ആൻഡേഴ്സൻ (ഏഴു പന്തിൽ പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് അവസാന ദിനം മറ്റ് ഇംഗ്ലണ്ട് താരങ്ങളുടെ പ്രകടനം. നാലാം ദിനം മഴമൂലം നേരത്തെ കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന നിലയിലായിരുന്നു അവർ. അലിസ്റ്റർ കുക്ക് (14), സ്റ്റോൺമെൻ (മൂന്ന്), ജെയിംസ് വിൻസ് (55), ജോ റൂട്ട് (14) എന്നിവരെല്ലാം നാലാം ദിനം തന്നെ പവലിയനിൽ തിരിച്ചെത്തിയിരുന്നു.

ഇരട്ടസെഞ്ചുറി നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, സെഞ്ചുറി നേടിയ മിച്ചൽ മാർഷ് എന്നിവരുടെ മികവിലാണ് ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. അഞ്ചോ അതിലധികമോ മൽസരങ്ങളുള്ള ആഷസ് പരമ്പര മൂന്നാം ടെസ്റ്റിൽ തന്നെ ഒരു രാജ്യം സ്വന്തമാക്കുന്നത് ഇത് പത്താം തവണയാണ്. ഒൻപതു തവണയും ഓസ്ട്രേലിയ വിജയം നേടിയപ്പോൾ 1928–29 കാലഘട്ടത്തിലേ‍ നേടിയ ഒരേയൊരു വിജയമാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്.