Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണമില്ല; വകുപ്പുകളിൽനിന്ന് 3,000 കോടി കടമെടുക്കുന്നു

x-default x-default

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമായും മുൻകൂർ വായ്പയായും 3,000 കോടിയോളം രൂപ വിവിധ വകുപ്പുകളിൽ നിന്നു സമാഹരിക്കാൻ തുടങ്ങി. അടുത്തമാസം കേന്ദ്രത്തിൽ നിന്നു വായ്പയെടുക്കുന്നതിനു പുറമെയാണ് ഉടൻ പണം സമാഹരിക്കുന്നത്. ക്ഷേമനിധി ബോർഡുകളിൽ നിന്നും കെഎസ്എഫ്ഇയിൽ നിന്നുമായി 1700 കോടി വായ്പയെടുക്കാനും ബവ്റിജസ് കോർപറേഷനിൽ നിന്ന് 1000 കോടി രൂപ മുൻകൂർ നികുതി വാങ്ങാനുമാണു തീരുമാനം.

കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ക്ഷേമപെൻഷൻ വിതരണമടക്കം തടസ്സപ്പെടുമെന്ന സാഹചര്യത്തിലാണു ധനവകുപ്പിന്റെ പുതിയ നീക്കം. വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നായി 1200 കോടിരൂപ വായ്പയെടുക്കും. കെട്ടിടനിർമാണം, അബ്കാരി, ചെത്തുതൊഴിലാളി, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ നിന്നു വായ്പയെടുക്കുന്നതിനു ധനമന്ത്രി സിപിഎമ്മിന്റെ അനുമതി തേടിയിട്ടുണ്ട്.

ട്രഷറിയിൽ നിക്ഷേപിച്ചിരിക്കുന്ന കെഎസ്എഫ്ഇ ചിട്ടിതുകയിൽ നിന്ന് 500 കോടിരൂപയും വായ്പയായി എടുക്കും. ഇതിന് പുറമെ ബവ്റിജസ് കോർപറേഷനിൽ നിന്ന് 1000 കോടിരൂപയെങ്കിലും മുൻകൂർനികുതിയായി നൽകണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തടസ്സപ്പെടുമെന്ന ആശങ്ക സർക്കാരിനുണ്ട്.