Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ് ഷോ വിവാദം: തിര. കമ്മിഷൻ ബിജെപിയുടെ ‘പാവ’യെന്നു കോൺ‍ഗ്രസ്

Randeep-singh-Surjewala

അഹമ്മദാബാദ്∙ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം ജനങ്ങൾക്കിടയിലൂടെ നടക്കുകയും റോഡ് ഷോ നടത്തുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. അഹമ്മദാബാദിലെ കമ്മിഷൻ ഓഫിസിനു പുറത്തു പ്രവർത്തകർ പ്രതിഷേധിച്ചു. ആവശ്യമാണെങ്കിൽ നടപടിയെടുക്കുമെന്ന് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിലും കമ്മിഷൻ ഓഫിസിലേക്കു നടത്തിയ മാർച്ച് പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി. അതിനിടെ, ഗാന്ധിനഗറിൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ ‘പാവ’യായി പ്രവർത്തിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മോദിയുടെ റോഡ് ഷോ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടും നടപടിയെടുക്കുന്നില്ല. ഭരിക്കുന്ന പാർട്ടിയുടെ ‘പാവയും മുൻനിര സംഘടനയുമായാണ്’ കമ്മിഷൻ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനയെ അപകീർത്തിപ്പെടുത്തുന്നത് ദുഃഖകരമാണ്. പ്രധാനമന്ത്രിയുടെ പഴ്സനൽ സെക്രട്ടറിയായാണു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പെരുമാറുന്നതെന്നും സുർജേവാല കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽനിന്നു വ്യതിചലിച്ചെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. അവരുടെ പെരുമാറ്റത്തിൽ ഞങ്ങൾ ഞെട്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാകാത്തതാണെന്നും തരൂർ കൂട്ടിച്ചേർത്തു.

അതിനിടെ, കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസിലെത്തി പരാതി നൽകി.

related stories