Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനങ്ങൾക്ക് കേന്ദ്ര–സംസ്ഥാന സർക്കാരുകളിൽ വിശ്വാസം നഷ്ടപ്പെട്ടു: രാഹുൽ ഗാന്ധി

Rahul Gandhi ‘പടയൊരുക്കം’ യാത്രയുടെ സമാപനച്ചടങ്ങിൽ രാഹുൽഗാന്ധി സംസാരിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകളിന്മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് നിയുക്ത അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ‘പടയൊരുക്കം’ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ ലോക്സഭയിലും രാജ്യസഭയിലും ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു. ഇക്കാര്യത്തിൽ കേരള സർക്കാരും എത്രയും പെട്ടെന്ന് കർമപദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതു കൊണ്ടാണ് പടയൊരുക്കം യാത്രയ്ക്ക് ഇത്രയേറെ ജനപിന്തുണ ലഭിച്ചത്. കേരളത്തിലെ ജനങ്ങൾക്ക് ഇടതുസര്‍ക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതു പോലെ കേന്ദ്രത്തിൽ മോദി സർക്കാരിലും ജനവിശ്വാസം നഷ്ടമായിരിക്കുകയാണ്.

Padayorukkam Rahul പടയൊരുക്കം സമാപന യോഗത്തിന്റെ വേദിയിൽ നിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി

മൂന്നു വർഷം മുൻപ് മോദി അധികാരത്തിലെത്തുമ്പോള്‍ ജനങ്ങൾക്ക് അദ്ദേഹത്തിൽ വിശ്വാസമുണ്ടായിരുന്നു. ജനം മോദിയുടെ വാക്കുകൾ വിശ്വസിച്ചു. എന്നാൽ അദ്ദേഹം പറഞ്ഞത് ഒന്നും പ്രവർത്തിച്ചത് മറ്റൊന്നുമായിരുന്നു. ഇന്നു വിശ്വാസ്യതയുടെ പേരിലാണ് മോദി സർക്കാർ ഏറ്റവും പ്രതിസന്ധി നേരിടുന്നതെന്നും രാഹുൽ വിമർശിച്ചു. ജനം അദ്ദേഹം പറയുന്നത് വിശ്വസിക്കാൻ തയാറാകുന്നില്ല.

മെയ്ക് ഇൻ ഇന്ത്യ, സ്റ്റാർട് അപ് ഇന്ത്യ, കണക്ട് ഇന്ത്യ തുടങ്ങിയ പദ്ധതികൾ വഴി രാജ്യത്തെ യുവാക്കൾക്ക് രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. ചൈന ഓരോ 24 മണിക്കൂറിലും അരലക്ഷത്തോളം തൊഴിലവസരം സൃഷ്ടിക്കുമ്പോൾ ഇന്ത്യയിൽ അത് മണിക്കൂറിൽ 450 മാത്രമാണ്. നോട്ടുനിരോധനത്തിലൂടെയും ആയിരക്കണക്കിനു പേരുടെ തൊഴിലവസരങ്ങൾ മോദി ഇല്ലാതാക്കി. ജനം ബാങ്കുകൾക്കു മുൻവശത്ത് ക്യൂ നിൽക്കുമ്പോൾ കള്ളപ്പണക്കാർ പിൻവാതിലിലൂടെ പോയി കള്ളപ്പണം വെളുപ്പിച്ചു.

Padayorukkam പടയൊരുക്കം സമാപന യോഗത്തിനെത്തിയ ജനക്കൂട്ടം. ചിത്രം: മനോജ് ചേമഞ്ചേരി

നികുതിവ്യവസ്ഥ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ജിഎസ്ടി മുന്നോട്ടുവച്ചത്. എന്നാൽ സർക്കാർ നടപ്പാക്കിയത് ‘ഗബ്ബർ സിങ് ടാക്സും’. കോൺഗ്രസ് പറഞ്ഞതൊന്നും കേൾക്കാൻ മോദി തയാറായില്ല. നോട്ടുനിരോധനത്തിന്റെ ആഘാതത്തിൽ നിന്നു മുക്തമാകും മുൻപ് ജിഎസ്ടി കൂടിയായതോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകർന്നു. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു പറഞ്ഞെങ്കിലും അതും സർക്കാർ നിരാകരിച്ചു. അതോടെ വിലക്കയറ്റമായി, അതിന്റെയും ആഘാതം സഹിക്കേണ്ടി വന്നതാകട്ടെ ജനങ്ങളും.

നേരത്തേ എല്ലാ പ്രസംഗത്തിലും മോദി അഴിമതിയെപ്പറ്റി സംസാരിച്ചിരുന്നു. എന്തുകൊണ്ടോ ഇപ്പോള്‍ ഒരുപ്രസംഗത്തിലും മോദി അഴിമതിയെന്ന വാക്കു പോലും പറയുന്നില്ല. ജയ്ഷായുടെ അഴിമതിയെപ്പറ്റിയും റഫാൽ ഇടപാടിനെപ്പറ്റിയും ഒരക്ഷരം പോലും മിണ്ടുന്നില്ല. റഫാൽ ഇടപാട് പാരിസിൽ വച്ച് തന്റെ ഇഷ്ടക്കാരനായ പ്രമുഖ ബിസിനസുകാരനു കൊടുക്കുമ്പോൾ ഇന്ത്യയുടെ പ്രതിരോധനമന്ത്രി ഗോവയിലെ മത്സ്യച്ചന്തയിലായിരുന്നു.

മോദിയുടെ ഏകപക്ഷീയമായ തീരുമാനമായിരുന്നു ആ കരാർ. മന്ത്രിസഭാ സുരക്ഷാസമിതിയുടെ പോലും അഭിപ്രായം തേടിയില്ല. റഫാലുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച ഒരു സംശയത്തിനും മോദിയോ പ്രതിരോധമന്ത്രിയോ ഉത്തരം നൽകിയിട്ടില്ലെന്നും രാഹുൽ വിമർശിച്ചു.

Padayorukkam Stage പടയൊരുക്കം സമാപന യോഗത്തിന്റെ വേദി. ചിത്രം: ബി.ജയചന്ദ്രൻ
Padayorukkam Stage 2 പടയൊരുക്കം സമാപന യോഗത്തിനെത്തിയ ജനക്കൂട്ടം. ചിത്രം: ബി.ജയചന്ദ്രൻ
related stories