Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയൻ പെൺകുട്ടികളെ തട്ടിയെടുത്തെന്ന് ആരോപണം; അന്വേഷണത്തിന് യുഎൻ

North-Korea-Woman Representative Image

സോൾ∙ ഉത്തരകൊറിയയിൽ നിന്നുള്ള പെൺകുട്ടികളെ ദക്ഷിണ കൊറിയ തട്ടിയെടുത്തുവെന്ന ആരോപണത്തിൽ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാൻ ഐക്യ രാഷ്ട്രസംഘടന. ഉത്തരകൊറിയയിലെ യുഎന്നിന്റെ സ്വതന്ത്ര അന്വേഷകനായിരിക്കും ചുമതല. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 12 ഉത്തരകൊറിയൻ യുവതികൾ ദക്ഷിണകൊറിയയിലേക്കു കടന്നത്. ചൈനയിൽ ഒരു ഉത്തരകൊറിയൻ റസ്റ്ററന്റിൽ ജോലി നോക്കുകയായിരുന്നു ഇവര്‍.

എന്നാൽ ഉത്തരകൊറിയയിലെ പീഡനം സഹിക്കാനാകാതെ പെൺകുട്ടികൾ തങ്ങളുടെ രാജ്യത്തേക്കു കടക്കുകയായിരുന്നുവെന്നാണ് ദ.കൊറിയയുടെ വാദം. സംഭവത്തിൽ രാഷ്ട്രീയ വിവാദം കനത്തതോടെ യുഎൻ ഇടപെടുകയായിരുന്നു. 12 പെൺകുട്ടികളുമൊത്ത് കൂടിക്കാഴ്ചയ്ക്ക് സംവിധാനം ഒരുക്കണമെന്ന് യുഎൻ അന്വേഷകൻ തോമസ് ഓജിയ ക്വിന്റാന ദ.കൊറിയയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

തങ്ങളുടെ രാജ്യത്തെ പെൺകുട്ടികളെ തട്ടിയെടുക്കുന്നുവെന്നും പ്രലോഭിപ്പിച്ച് ചാരവൃത്തിക്കായി ഉപയോഗപ്പെടുത്തുന്നുവെന്നും ദക്ഷിണകൊറിയയ്ക്കെതിരെ കിം ജോങ് ഉന്നിന്റെ ഭരണകൂടം സ്ഥിരമായി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണു പലരും രാജ്യത്തേക്കു വരുന്നതെന്ന് ദ.കൊറിയ പറയുന്നു. 2011ൽ കിം ജോങ് ഉൻ അധികാരമേറ്റ ശേഷം വൻതോതിലാണ് ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയക്കാർ പലായനം ചെയ്തത്.

അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉത്തരകൊറിയ വിഷയം ചർച്ച ചെയ്യുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ–ഇൻ പറഞ്ഞു. ചില ദക്ഷിണ കൊറിയൻ കമ്പനികൾക്കെതിരെ ചൈന അടുത്തിടെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഉത്തരകൊറിയയിൽ നിന്നുള്ള സുരക്ഷാഭീഷണി നേരിടാൻ യുഎസിന്റെ നേതൃത്വത്തിൽ മിസൈൽ പ്രതിരോധസംവിധാനം അതിർത്തിയിൽ സ്ഥാപിച്ചതാണ് ചൈനയെ ചൊടിപ്പിച്ചത്. മിസൈൽ പ്രതിരോധം തങ്ങളുടെ രാജ്യത്തിനു സുരക്ഷാഭീഷണിയുണ്ടാക്കുന്നുവെന്നാണ് ചൈനീസ് പക്ഷം.

ഉത്തരകൊറിയയുടെ ആണവഭീഷണിക്കൊപ്പം ചൈനയുമൊത്ത് അസ്വസ്ഥതകൾ പുകയുന്ന ബന്ധം സാധാരണ നിലയിലാക്കുക എന്ന ലക്ഷ്യവും മൂൺ ജെയുടെ ചൈനീസ് സന്ദർശനത്തിലുണ്ട്. യുഎസും ജപ്പാനുമൊത്ത് ദക്ഷിണ കൊറിയ നടത്തുന്ന സൈനികാഭ്യാസങ്ങള്‍ നിർത്തിയാൽ മാത്രമേ ഉത്തരകൊറിയൻ പ്രശ്നപരിഹാര ചർച്ചകൾക്കെങ്കിലും തുടക്കമിടാനാകൂ എന്നാണ് ചൈനയുടെ നിലപാട്. ഇതാകട്ടെ യുഎസും ദ.കൊറിയയും തുടർച്ചയായി നിരസിക്കുകയാണ്.