Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം; മുത്തലാഖ് ചർച്ചയായേക്കും

Parliament

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം. ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുസ്വഭാവം നിർണയിക്കുക തിങ്കളാഴ്ച വരാനിരിക്കുന്ന തിരഞ്ഞെടുപ്പു ഫലമായിരിക്കും. ഭരണ, പ്രതിപക്ഷങ്ങൾക്കു ഗുജറാത്ത് ഫലം ഒരുപോലെ നിർണായകം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിന്റെ നിയുക്ത പ്രസിഡന്റ് രാഹുൽ ഗാന്ധിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണു പ്രചാരണസമയത്തു കണ്ടത്.

സ്വന്തം തട്ടകത്തിൽ ജയം പ്രധാനമന്ത്രിക്ക് അഭിമാനപ്രശ്നമാണ്; ചുവടുപിഴയ്ക്കുന്നത് അപകടകരവും. ഒരു മാസത്തിലേറെയായി മുഴുവൻസമയ പ്രചാരണത്തിലായിരുന്നു രാഹുൽ. പട്ടേൽ–പിന്നാക്ക–ദലിത് ധാരണ രൂപപ്പെടുത്താനായതു നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഐക്യനിരയ്ക്കു രൂപംനൽകാനിരിക്കുന്ന പ്രതിപക്ഷത്തിനാകെയും ഫലം നിർണായകം. വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രകൃതിദുരന്തങ്ങൾ, സ്വകാര്യവൽക്കരണം, പാക്കിസ്ഥാൻ ബന്ധം തുടങ്ങി ഒട്ടേറെ വിഷയങ്ങൾക്കൊപ്പം ഒട്ടേറെ ബില്ലുകളും സമ്മേളനത്തിന്റെ പരിഗണനയ്ക്കെത്തും. ഓഖി ദുരന്തവും ദു‌രിതാശ്വാസവും കേരളത്തിന്റെ മുഖ്യവിഷയമാണ്. ലോക്സഭ ഇന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു പിരിയും.

എഫ്ഡിആർഐ ബിൽ പരിഗണനയ്ക്ക്

ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വിവാദ എഫ്ഡിആർഐ ബില്ല് സമ്മേളനത്തിൽ പാർലമെന്റിന്റെ പരിഗണനയ്ക്കെത്തും. സാധാരണക്കാരുടെ നിക്ഷേപങ്ങൾ സർക്കാർ ഏറ്റെടുക്കും എന്നതടക്കമുള്ള പ്ര‌ചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപിക്കുന്നത് ആശങ്ക പടർത്തിയിട്ടുണ്ട്. പ്രവാസി വോട്ടവകാശ, മുത്തലാഖ് നിരോധന ബില്ലുകൾ ‌സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പരിഗണനയ്ക്ക് എത്തിയേക്കും. സാമൂ‌ഹിക– രാഷ്ട്രീയ ‌പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതാണ് ഇരു ബി‌ല്ലുകളും.