Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള കോൺഗ്രസിനെ കൂട്ടുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വം എതിർത്തു

Pinarayi Vijayan and KM Mani

തിരുവനന്തപുരം ∙ കേരള കോൺഗ്രസ്–എമ്മിനെ എൽഡിഎഫിലെടുക്കാനുള്ള സിപിഎം സംസ്‌ഥാന ഘടകത്തിന്റെ നീക്കത്തിനു കേന്ദ്ര നേതൃത്വം തടസ്സം പറഞ്ഞതായി സൂചന. ശരദ് യാദവും എച്ച്.ഡി.ദേവെഗൗഡയും തമ്മിലുള്ള ചർച്ചയുടെ ഫലത്തിന്റെ അടിസ്‌ഥാനത്തിൽ ജനതാദൾ– യു വീരേന്ദ്രകുമാർ ഘടകത്തെ മുന്നണിയിലേക്കു പരിഗണിക്കാമെന്നും സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ധാരണയായെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

മാണിയെ മുന്നണിയിലെടുക്കണമെങ്കിൽ ആദ്യം എൽഡിഎഫിനെ വിശ്വാസത്തിലെടുക്കണമെന്നാണു സെക്രട്ടേറിയറ്റിൽ വ്യക്‌തമാക്കപ്പെട്ടത്. അതായത്, സിപിഐയെ പിന്നിലേക്കു തള്ളുന്ന തരത്തിലുള്ള നടപടികൾ പാടില്ല. അതു ദേശീയതലത്തിലും ഇടത് ഐക്യത്തെ ബാധിക്കും. 

മാത്രമല്ല, മാണി വരുമ്പോൾ പി.ജെ.ജോസഫും പറ്റുമെങ്കിൽ ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസും ഒപ്പമുണ്ടാകുന്നതാണ് ഏറെ സ്വീകാര്യമെന്നു സിപിഎം നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, ജോസഫ്‌ പോലും ഒപ്പമുണ്ടാകുമെന്ന് ഉറപ്പില്ലാത്ത സ്‌ഥിതിയാണുള്ളത്. പരസ്യമായി ക്ഷണിച്ചാൽ വരാമെന്നൊക്കെ മാണി സൂചിപ്പിക്കുന്നതു വിലപേശലാണോയെന്ന സംശയവും സിപിഎമ്മിലെ ചില നേതാക്കൾക്കുണ്ട്. മാണിക്കെതിരെ ശക്‌തമായ നിലപാടെടുത്തിട്ടു മുന്നണിയിൽ ഉൾപ്പെടുത്തിയാൽ പാർട്ടിക്കുള്ളിൽത്തന്നെ എങ്ങനെ ന്യായീകരിക്കുമെന്ന ആശങ്കയുമുണ്ട്.

സിപിഎം ജില്ലാ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതു മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആയിരിക്കും. ഇൗ മാസം ഒടുവിലാണു ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കുക. പകുതി ജില്ലകൾ വീതമാണ് ഇരുവർക്കും സംസ്ഥാന സെക്രട്ടേറിയറ്റ് വീതിച്ചു നൽകിയത്. നേതാക്കളുടെ സൗകര്യമനുസരിച്ചു ജില്ലകൾ തിരഞ്ഞെടുക്കും. സംസ്ഥാനത്തു നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻ പിള്ളയും എം.എ.ബേബിയും ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനാൽ ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കില്ല. 

സെക്രട്ടേറിയറ്റംഗങ്ങളും പകുതിയായി തിരിഞ്ഞു ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കും. ഓരോരുത്തർക്കും ജില്ലകൾ വിഭജിച്ചു നൽകി. ഏരിയ സമ്മേളനങ്ങൾ വിഭാഗീയതയില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞെന്നാണു സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. ഫെബ്രുവരി 22 മുതൽ 25 വരെ തൃശൂരിൽ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളും യോഗം ചർച്ച ചെയ്തു. നാളെ ഇടതുമുന്നണി നേതൃയോഗം ചേരും.