Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയുടെ ട്രോൾ പങ്കുവച്ചു; സർക്കാർ ജീവനക്കാരന് സസ്പൻഷൻ

jayarajan

കാഞ്ഞങ്ങാട്∙ കാലിൽ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ചു വയലിൽ ഞാറു നട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ട്രോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച സർക്കാർ ജീവനക്കാരന് ഒരു വർ‌ഷത്തിനുശേഷം സസ്പെൻഷൻ. കാസർകോട് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലാർക്ക് പി.ജയരാജനെയാണു സസ്പെൻഡ് ചെയ്തത്.

നോട്ടു നിരോധന സമയത്ത് മന്ത്രി തോമസ് ഐസക്കിനെ പരിഹസിക്കുന്ന ട്രോളും ഇദ്ദേഹം പങ്കുവച്ചതായി ഉത്തരവിലുണ്ട്. 2016 ഡിസംബറിലാണു സംഭവം. കാസർകോട് കലക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് വിഭാഗത്തിൽ പെർഫോമൻസ് ഓഡിറ്റർ ആയിരിക്കെ, മറ്റാരോ പോസ്റ്റ് ചെയ്ത ട്രോളുകളാണ് ജയരാജൻ പങ്കുവച്ചത്. ഇതുവരെ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ വെള്ളിയാഴ്ച സസ്പെൻഷൻ ഉത്തരവ് നൽകുകയായിരുന്നു. മുഖ്യമന്ത്രിയെയും ധനരകാര്യ മന്ത്രിയെയും നവമാധ്യമങ്ങളിലൂടെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഉത്തരവിൽ പറയുന്നത്.

രാഷ്ട്രീയ വൈരാഗ്യമാണ് നടപടിക്കു പിന്നിലെന്നു ജയരാജൻ ആരോപിക്കുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ കേരള പഞ്ചായത്ത് ഓർഗനൈസേഷൻ കാസർകോട് മുൻ പ്രസിഡന്റാണ് ഇദ്ദേഹം. പയ്യന്നൂർ വെള്ളോറ സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരൻ സാജേഷിനെ 2010ൽ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കേസിൽ കാര്യമായ അന്വേഷണം നടത്താത്തതിനാൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ജയരാജന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുൾപ്പെടെയുള്ള വിരോധമാണ് സസ്പെൻഷനു പിന്നിലെന്നു ജയരാജൻ ആരോപിക്കുന്നു.

related stories