Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനീതിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം; രഹനേഷ് ചുവപ്പുകാർഡിൽ പുറത്ത്

blasters-ck നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോൾ നേടുന്ന സി.കെ.വിനീത്.ചിത്രം: ഐ.എസ്.എൽ

കൊച്ചി ∙ നായക, വില്ലൻ വേഷങ്ങളിൽ മലയാളി താരങ്ങൾ നിറഞ്ഞുനിന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു ഗോള്‍ ജയം. മലയാളി താരം സി.കെ. വിനീത് 24–ാം മിനിറ്റിൽ നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ ജയം കുറിച്ചത്. മറ്റൊരു മലയാളി താരം റിനോ ആന്റോയുടെ പാസിൽനിന്നായിരുന്നു വിനീതിന്റെ ഗോൾ. 42–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്കസ് സിഫ്നിയോസിനെ ഫൗൾ ചെയ്ത അവരുടെ മലയാളി ഗോൾകീപ്പർ ടി.പി. രഹനേഷ് ചുവപ്പുകാർഡ് കണ്ടതിനാൽ 10 പേരുമായാണ് നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ കളിച്ചത്. എതിരാളികളുടെ ആളെണ്ണം കുറഞ്ഞത് മുതലാക്കുന്നതിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് താരങ്ങൾ രണ്ടാം പകുതിയിൽ ഒട്ടേറെ ഗോളവസരങ്ങളാണ് പാഴാക്കിയത്. അരങ്ങേറ്റ മത്സരം കളിച്ച വെസ്ബ്രൗണാണ് കളിയിലെ ഹീറോ ഓഫ് ദി മാച്ച്.

വിജയത്തോടെ അഞ്ചു കളികളിൽനിന്ന് ആറു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്കു കയറി. അഞ്ചു മൽസരങ്ങളിൽ മൂന്നാം തോൽവി വഴങ്ങിയ നോർത്ത് ഈസ്റ്റ് ആകട്ടെ, നാലു പോയിന്റുമായി എട്ടാം സ്ഥാനത്തു തുടരുന്നു. ഈ മാസം 22ന് ചെന്നൈയിൻ എഫ്സിക്കെതിരെ അവരുടെ നാട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം. ടീമിന്റെ സഹ ഉടമ കൂടിയായ സച്ചിൻ തെൻഡുൽക്കറും ഒപ്പം ഔദ്യോഗിക കണക്കനുസരിച്ച് 33,868 കാണികളും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയത്തിന് സാക്ഷിയായി ഗാലറിയിലുണ്ടായിരുന്നു.

ചുവപ്പിന് പരിഹാരം ഗോൾ

മുംബൈ സിറ്റി എഫ്സിക്കെതിരെ കൊച്ചിയിൽ നടന്ന കഴിഞ്ഞ മൽസരത്തിന്റെ അവസാന നിമിഷങ്ങളിൽ ചുവപ്പുകാർഡ് വാങ്ങി തലയും താഴ്ത്തി പുറത്തുപോയ സി.കെ. വിനീതിനെ മറക്കുന്നതെങ്ങനെ. അന്ന് വില്ലനായി മാറിയ അതേ വിനീത് ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നായകനായി അവതരിക്കുന്ന കാഴ്ച ഗംഭീരമായിരുന്നു. 24–ാം മിനിറ്റുവരെ വിനീത് കളത്തിലുണ്ടെന്ന് തോന്നിയ നിമിഷങ്ങൾ വിരളമായിരുന്നു. നോർത്ത് ഈസ്റ്റ് പ്രതിരോധം തടയിട്ട ചില മുന്നേറ്റങ്ങളിലും ഏതാനും ഓഫ്സൈഡ് നീക്കങ്ങളിലുമൊതുങ്ങി വിനീതിന്റെ സാന്നിധ്യം.

Blasters നോർത്ത് ഈസ്റ്റ് യുണൈറ്റഡ്– കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനിടെ.ചിത്രം: ഇ.വി.ശ്രീകുമാർ

എന്നാൽ, 24–ാം മിനിറ്റിൽ ഗോളെത്തി. കളിയും മാറി. അതിന് ചുക്കാൻ പിടിച്ചതാകട്ടെ ബ്ലാസ്റ്റേഴ്സ് നിരയിലെ മലയാളി താരങ്ങളായ റിനോ ആന്റോ–സി.കെ. വിനീത് സഖ്യവും. ബ്ലാസ്റ്റേഴ്സ് ബോക്സിൽനിന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ ഉയർത്തിനൽകിയ പന്തിലാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു കിട്ടിയ റിനോ ആന്റോ വലതുവിങ്ങിലൂടെ ഓടിക്കയറിയ ശേഷം പന്ത് നോർത്ത് ഈസ്റ്റ് ബോക്സിലേക്ക് മറിക്കുന്നു. ഒപ്പമെത്തിയ നോർത്ത് ഈസ്റ്റ് പ്രതിരോധതാരത്തെ കബളിപ്പിച്ച് പന്തിൽ പറന്നു തലവയ്ക്കുന്ന വിനീത്. ടി.പി. രഹനേഷിനെ മറികടന്ന് പന്ത് വലയിൽ. ഗാലറയിൽ ഉൽസവമേളം. സ്കോർ 1–0.

ഫൗളിന് പരിഹാരം ചുവപ്പ്

നിറഞ്ഞ ഗാലറിയെ സാക്ഷി നിർത്തി ഒരു മലയാളി താരം നായകവേഷം കെട്ടി മിനിറ്റുകൾക്കുള്ളിൽ മറ്റൊരു മലയാളി താരം വില്ലനായി അവതരിക്കുന്നതും കൊച്ചിയിൽ കണ്ടു. ഇത്തവണ പക്ഷേ, അത് ബ്ലാസ്റ്റേഴ്സിന് ഗുണകരമായെന്നു മാത്രം. 42–ാം മിനിറ്റിലായിരുന്നു നോർത്ത് ഈസ്റ്റിനെ വീണ്ടും പ്രതിരോധത്തിലാക്കിയ ആ ചുവപ്പുകാർഡിന്റെ വരവ്.

TP Rahanesh നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പർ ടി.പി. രഹനേഷ് ചുവപ്പു കാർഡ് വാങ്ങി പുറത്താകുന്നു. ചിത്രം: ഐ.എസ്.എൽ

മധ്യവരയ്ക്കു സമീപത്തുനിന്നും കറേജ് പെക്കൂസൻ നീട്ടിനൽകിയ പന്ത് കാലിൽക്കൊരുത്ത് മാർക്കസ് സിഫ്നിയോസ് നോർത്ത് ഈസ്റ്റ് ബോക്സിലേക്ക് മുന്നേറുമ്പോൾ തടയാൻ ഒപ്പത്തിനൊപ്പമെന്നവണ്ണം അവരുടെ പോർച്ചുഗൽ പ്രതിരോധതാരം സാംബിഞ്ഞയുമുണ്ടായിരുന്നു. എന്നാൽ അതിവേഗത്തിലുള്ള നീക്കത്തിലൂടെ ആ ഭീഷണി ഒഴിവാക്കിയ സിഫ്നിയോസിന് മുന്നിൽ പിന്നെയുള്ളത് ഗോൾകീപ്പർ രഹനേഷ് മാത്രം. ഗാലറിയൊന്നാകെ ഗോളെന്നാർത്തു വിളിക്കെ ഗോളിലേക്ക് ഉന്നമിടും മുൻപ് നിരങ്ങിയെത്തിയ രഹനേഷ് സിഫ്നിയോസിനെ ബോക്സിനു തൊട്ടുമുൻപിൽ മറിച്ചിട്ടു. ഓടിയെത്തിയ റഫറി ചുവപ്പുകാർഡ് കാട്ടി രഹനേഷിന് പുറത്തേക്കുള്ള വഴികാട്ടി. ഇതോടെ മുന്നേറ്റത്തിലെ ഇന്ത്യൻ സാന്നിധ്യം ഹോളിചരൺ നർസാരിയെ പിൻവലിച്ച് പകരക്കാൻ ഗോൾകീപ്പർ രവി കുമാറിനെ കളത്തിലിറക്കാൻ നോർത്ത് ഈസ്റ്റ് പരിശീലകൻ നിർബന്ധിതനായി.

ബെർബയില്ലെങ്കിലെന്ത്, ബ്രൗൺ വന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധം കാത്ത അനുഭവക്കരുത്തുമായെത്തുന്ന വെസ് ബ്രൗണിന് ഐഎസ്എൽ അരങ്ങേറ്റത്തിന് അവസരമൊരുക്കിയായിരുന്നു കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ പടപ്പുറപ്പാട്. സൂപ്പർ താരം ദിമിറ്റർ ബെർബറ്റോവിന്റെ അസാന്നിധ്യം തീർത്ത നിരാശയ്ക്കിടെ മാഞ്ചസ്റ്റർ യുണൈറ്റ‍ഡിൽ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന വെസ് ബ്രൗണിന്റെ അരങ്ങേറ്റ വാർത്ത ആവേശത്തോടെയാണ് ആരാധകർ കേട്ടത്. വെസ് ബ്രൗൺ തിരിച്ചെത്തിയതോടെ ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോൾ കൈകാര്യം ചെയ്തിരുന്ന അരാത്ത ഇസൂമിയെ കോച്ച് റെനെ മ്യൂലൻസ്റ്റീൻ പകരക്കാരുടെ ബെഞ്ചിലേക്ക് മാറ്റി. സൂപ്പർ താരം ഇയാൻ ഹ്യൂമും പകരക്കാരുടെ ബെഞ്ചിൽ തുടർന്നപ്പോൾ ഒരു മൽസരത്തിന്റെ സസ്പെൻഷനു ശേഷം വിനീത് ബ്ലാസ്റ്റേഴ്സ് നിരയിൽ മടങ്ങിയെത്തി.

മിഡ്ഫീൽഡർ സിയാം ഹംഗൽ ആദ്യ ഇലവനിൽ ഇടംപിടിച്ചതോടെ മധ്യനിരയിൽ കളി മെനഞ്ഞത് ജാക്കിചന്ദ് സിങ്–സിയാം ഹംഗൽ–കറേജ് പെക്കൂസൻ സഖ്യം. ലാൽറുവാത്താര–സന്ദേശ് ജിങ്കാൻ–ഇവാൻ പെസിച്ച്–റിനോ ആന്റോ സഖ്യം പ്രതിരോധം കാത്തപ്പോൾ, ഇസൂമിയുടെ അസാന്നിധ്യത്തിൽ വെസ് ബ്രൗൺ മധ്യനിരയ്ക്കും പ്രതിരോധത്തിനും ഇടയിൽ പാലമിട്ട് കളിച്ചു. മുന്നേറ്റത്തിൽ മാർക്കോസ് സിഫ്നിയോസിനൊപ്പം സി.കെ. വിനീത് തിരിച്ചെത്തിയപ്പോൾ ഗോൾവല കാത്തത് ‘രക്ഷകൻ റെച്ചൂബ്ക’ തന്നെ.

പതിവുപോലെ പന്ത് കൈവശം വച്ചു കളിക്കാനായിരുന്നു ഇത്തവണയും തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. അതേസമയം, കിട്ടുന്ന അവസരങ്ങളിൽ ഇടിച്ചുകയറി ഗോളിലേക്കെത്തുകയെന്നതായിരുന്നു നോർത്ത് ഈസ്റ്റിന്റെ തന്ത്രം. ഇരു ടീമുകളും ഇതിൽ ഉറച്ചുനിന്ന് പൊരുതിയതോടെ ആദ്യ 20 മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് അഞ്ച് കോർണറുകൾ. പക്ഷേ പന്തടക്കത്തിൽ അവർ മേധാവിത്തം നിലനിർത്തുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു 24–ാം മിനിറ്റിൽ വിനീതിന്റെ ഗോൾ.

‘കൊതിപ്പിച്ച് കടന്ന’ രണ്ടാം പകുതി

പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു മൽസരത്തിന്റെ രണ്ടാം പകുതി. 10 പേരായി ചുരുങ്ങിയ നോർത്ത് ഈസ്റ്റ് താരങ്ങൾ പ്രതിരോധത്തിന് ഊന്നൽ കൊടുത്തപ്പോൾ, ആക്രമിച്ചു കയറുന്നതിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ. ഗോൾ മാത്രം പക്ഷേ അകന്നുനിന്നു. മാർക്കസ് സിഫ്നിയോസും വിനീതും ഉൾപ്പെടെയുള്ള താരങ്ങൾക്കെല്ലാം അവസരങ്ങൾ അനവധി ലഭിച്ചു.

Blasters ജയത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് താരങ്ങൾ.ചിത്രം: ഐ.എസ്.എൽ

47–ാം മിനിറ്റിൽ കറേജ് പെക്കൂസനാണ് ആദ്യത്തെ അവസരം ലഭിച്ചത്. സി.കെ. വിനീത് നീട്ടിനിൽകിയ പന്ത് പിടിച്ചെടുത്ത് പെക്കൂസൻ തൊടുത്ത ഷോട്ട് സാംബിഞ്ഞയുടെ കാലിൽത്തട്ടി പുറത്തുപോകുന്നത് അവിശ്വസനീയതയോെടയാണ് കാണികൾ കണ്ടിരുന്നത്. ഗോളടിക്കാൻ ഇനിയും സമയമുണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു കാണികൾ അപ്പോൾ. എന്നാൽ, മൽസരം പുരോഗമിക്കുന്തോറും ബ്ലാസ്റ്റേഴ്സ് താരങ്ങൾ അവസരങ്ങൾ പാഴാക്കുന്നത് പതിവു കാഴ്ചയായതോടെ ആരാധകർ ഹതാശരായി. സിഫ്നിയോസ് മികച്ച ഒരു അവസരം പാഴാക്കുന്നത് കണ്ട് കലിയിളകിയ പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ ഡഗൗട്ടിനുള്ളിൽ കുപ്പി വലിച്ചെറിഞ്ഞ് കലി തീർക്കുന്നതും ഇടയ്ക്ക് കണ്ടു.

57–ാം മിനിറ്റിൽ പെക്കൂസൻ നീട്ടിനൽകിയ നല്ലൊരു പന്ത് ലാൽറുവാത്താര പോസ്റ്റിലേക്ക് പായിച്ചെങ്കിലും നോർത്ത് ഈസ്റ്റ് താരത്തിന്റെ ദേഹത്തുതട്ടി ഗതിമാറിയ പന്ത് പോസ്റ്റിൽത്തട്ടി തിരിച്ചെത്തി. 60–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് നിരയിൽ കൊളംബിയൻ താരം അൽഫോൻസോ പയസും പിന്നാലെ ബ്ലാസ്റ്റേഴ്സ് നിരയിൽ ജാക്കിചന്ദ് സിങ്ങിനു പകരം മിലൻ സിങ്ങുമെത്തി. സ്കോർ മാറിയില്ലെന്നു മാത്രം. ഇടയ്ക്ക് മൽസരം കയ്യാങ്കളിയിലേക്കു വഴുതിയെങ്കിലും റഫറി ഇടപെട്ട് കളിക്കാരെ ശാന്തരാക്കി. ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കാൻ, മാർക്കസ് സിഫ്നിയോസ് തുടങ്ങിയവരെല്ലാം മഞ്ഞക്കാർഡ് കണ്ടു.

മൽസരത്തിന്റെ അവസാന നിമിഷങ്ങളിൽ നോർത്ത് ഈസ്റ്റ് താരങ്ങൾ തുടർ ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്സ് ഗോൾമുഖം വിറപ്പിച്ചെങ്കിലും അവയൊന്നും ഗോളിലെത്താതെ പോയതു ഭാഗ്യം. ആരാധകരുടെ ഹ്യൂമേട്ടനെ ഇൻജുറി സമയത്ത് പരിശീലകൻ കളത്തിലിറക്കിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്. ഹ്യൂം കളത്തിലിറങ്ങി മിനിറ്റുകൾക്കുള്ളിൽ അന്തിമ വിസിലും മുഴങ്ങി.